പാലക്കാട്: ബിജെപി ജില്ലാ നേതാക്കള്‍ക്കെതിരെ അടിസ്ഥാനരഹിതവും അപമാനകരവുമായ രീതിയില്‍ വാര്‍ത്ത നല്കിയ കൈരളി ചാനലിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റും നഗരസഭ വൈസ് ചെയര്‍മാനുമായ അഡ്വ. ഇ. കൃഷ്ണദാസ് മാനനഷ്ടത്തിന് നോട്ടീസ് അയച്ചു.
മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, കൈരളി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, വാര്‍ത്താ ഡയറക്ടര്‍ ഡോ. എം.പി. ചന്ദ്രശേഖരന്, ജില്ലാ റിപ്പോര്‍ട്ടര്‍ സിജു കണ്ണന് എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് നല്‍കിയത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുഴല്‍പ്പണമായിവന്ന നാല് കോടി രൂപ തട്ടിയെടുക്കാന്‍ പാലക്കാട്ടും ശ്രമം എന്നായിരുന്നു കൈരളി ചാനല്‍ വാര്‍ത്ത നല്‍കിയത്.
ഈ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് സത്യത്തിന്റെ കണികപോലുമില്ലെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടി. ബിജെപി ജില്ലാ നേതാക്കള്‍ക്കെതിരെ അപകീര്‍ത്തീകരമായ വാര്‍ത്ത നല്കിയ കൈരളി ചാനല്‍ പ്രസ്തുത വാര്‍ത്ത പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണമെന്നാണ് അഡ്വ. ആര്. മണികണ്ഠന് മുഖേന നല്കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ബിജെപിയെയും നേതാക്കളെയും പൊതുജനങ്ങളുടെ മുമ്പില്‍ മോശമായി ചിത്രീകരിച്ചിട്ടുള്ള ഈ വാര്‍ത്ത പിന്‍വലിച്ച് പത്രങ്ങളിലൂടെയും മറ്റ് ചാനലുകളിലൂടെയും തെറ്റായ വാര്‍ത്ത നല്‍കിയതിന് മാപ്പ് പറയണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇല്ലെങ്കില്‍ നിയമപരമായ മറ്റ് നടപടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: