പാലാ : കോവിഡ് വ്യാപനം രൂക്ഷമായതോടെ രോഗികളെക്കൊണ്ട് തിങ്ങി നിറഞ്ഞ് പാലാ. പോസിറ്റീവ് ആയവരെ കൂടുതല്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് പാലാ ജനറല്‍ ആശുപത്രിയില്‍ ഓക്സിജന്‍ പ്രതിസന്ധി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഈ പ്രതിസന്ധി.
തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നും ഓക്സിജന്‍ സിലിണ്ടര്‍ എത്തിച്ചാണ് പ്രതിസന്ധി പരിഹരിച്ചത്. കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന് ആശുപത്രിയില്‍നിന്നു 4 സിലിണ്ടറും പാലാ മരിയന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍നിന്നു 2 സിലിണ്ടറും എത്തിച്ചു. ഇതിനു പുറമേ മാര്‍ സ്ലീവാ ആശുപത്രിയില്‍നിന്ന് 5 സിലിണ്ടറും ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍നിന്നായി 7 സിലിണ്ടറും ലഭ്യമാക്കിയാണ് രോഗികള്‍ക്കായി എത്തിച്ചു നല്‍കിയത്.
ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്കായി സജ്ജീകരിച്ച 105 കിടക്കകളും ഇന്നലെ നിറഞ്ഞതോടെയാണു കൂടുതല്‍ ഓക്സിജന്‍ ആവശ്യമായി വന്നത്. ജനറല്‍ ആശുപത്രിയില്‍ ഒരു ദിവസം 240 സിലിണ്ടര്‍ ഓക്സിജന്‍ ആവശ്യമാണെന്ന് അധികൃതര്‍ പറയുന്നു. ഇവിടെ 62 സിലിണ്ടറുകള്‍ മാത്രമാണ് ഉള്ളത്. നിലവില്‍ സിലിണ്ടര്‍ നിറയ്ക്കാനായി തൃശൂരിലാണ് സംവിധാനം ഉള്ളത്. തൃശൂര്‍ വരെ വാഹനം പോയി വരുന്നതിന് 6 മണിക്കൂറെടുക്കും. സിലിണ്ടര്‍ നിറച്ചു കിട്ടാനുള്ള താമസം കൂടിയാകുമ്പോള്‍ ദുരിതം ഇരട്ടിയാക്കുന്നു.
ഇതോടെ എറണാകുളത്തുനിന്ന് 42 സിലിണ്ടര്‍ കൂടി എത്തിച്ചെങ്കിലും പ്രതിസന്ധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍നിന്ന് വാങ്ങിയ സിലിണ്ടറുകറുകള് തിരികെ നല്‍കേണ്ടതുണ്ട്. കൂടുതല്‍ സിലിണ്ടര്‍ വാടകയ്ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഭാവിയില്‍ ഇനി ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കുന്നതിനായി ഓക്സിജന്‍ പ്ലാന്റിനായി ശുപാര്‍ശ ജില്ലാ ആരോഗ്യ വിഭാഗത്തിന് ആശുപത്രി അധികൃതര്‍ കൈമാറിയിട്ടുണ്ടെന്ന് പാലാ നഗരസഭാധ്യക്ഷന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, സ്ഥിര സമിതി അധ്യക്ഷന്‍ ബൈജു കൊല്ലംപറമ്പില്‍ എന്നിവര്‍ അറിയിച്ചു.
അതിനിടെ ഓക്സിജന്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന ഉഴവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും ഓക്സിജന്‍ ക്ഷാമമുണ്ട്. എന്നാല്‍ രോഗികളുടെ ആരോഗ്യ നിലയെ ബാധിച്ചിട്ടില്ല. എല്ലാ ദിവസവും ഓക്സിജന്‍ എത്തുന്നുണ്ടെങ്കിലും സ്റ്റോക്ക് ചെയ്യാന്‍ സാധിക്കാത്തതാണു പ്രശ്നം. കോട്ടയം മെഡിക്കല്‍ കോളജിലും മറ്റിടങ്ങളിലും നിലവില്‍ പ്രശ്നങ്ങളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: