ന്യൂദല്‍ഹി: കോവിഡ് വാക്സിനുകളുടെ വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയോടും ഭാരത് ബയോടെക്കിനോടും ആവശ്യപ്പെട്ടു. 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും മെയ് ഒന്നുമുതല്‍ വാക്സിനേഷന് ആരംഭിക്കാനിരിക്കെയാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടീഷ് മരുന്ന് നിര്‍മാതാക്കളായ അസ്ട്രാസെനകയുമായി ചേര്‍ന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് ഉത്പാദിപ്പിക്കുന്നത്. ഭാരത് ബയോടെക് കോവാക്സിന് ഉത്പാദിപ്പിക്കുന്നത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ചും.
ജനുവരി മൂന്നിനായിരുന്നു ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ രണ്ടു വാക്സിനുകളുടെയും അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. വാക്സിനുകളുടെ വില സംബന്ധിച്ച അഭിപ്രായങ്ങള്‍ ചില സംസ്ഥാനങ്ങള്‍ നേരത്തേ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. വാക്സിനേഷന്റെ മൂന്നാംഘട്ടത്തില്‍ കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന ഡോസുകളുടെ അന്‍പത് ശതമാനം കേന്ദ്രസര്‍ക്കാരിന് നല്‍കണം.
ബാക്കിവരുന്നവ സംസ്ഥാനങ്ങള്‍ക്കും പൊതുവിപണിയിലും ലഭ്യമാക്കാം. തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് ഡോസിന് 600 രൂപ നിരക്കിലായിരിക്കും സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയെന്ന് ഉത്പാദകരായ ഭാരത് ബയോടെക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്വകാര്യ ആശുപത്രികള്ക്കിത് 1,200 രൂപയാണ്. കോവിഷീല്‍ഡിന്റെ വില സംസ്ഥാനങ്ങള്‍ക്കു 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ്. കേന്ദ്രസര്‍ക്കാരിന് രണ്ടു വാക്സിനുകളും 150 രൂപയ്ക്ക് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: