തിരുവനന്തപുരം: കോവിഡിന്റെ ശാസ്ത്രീയ പരിശോധനയായ ആര്‍ടിപിസിആറിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കി കേരളം. കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ പരിശോധനയുണ്ടെങ്കിലും ഉടന്‍ ലഭ്യമാകാത്തതിനാല്‍ പലപ്പോഴും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരും. വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുമ്പോഴും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. ഈ രീതിയില്‍ പലതവണ പരിശോധന വേണ്ടിവരുന്നതു വന്‍ സാമ്പത്തിക ബാധ്യതയാകുകയാണ്.
കേരളത്തില്‍- 1700 രൂപയാണ് പരിശോധനയ്ക്ക് ഈടാക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്ക് ഒഡീഷയിലാണ് – 400 രൂപ. കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടിയ നിരക്ക് തമിഴ്നാട്ടില്‍- 1200 രൂപ; വീട്ടിലെത്തി സാംപിള്‍ ശേഖരിക്കുമ്പോള്‍ 1500-1750 രൂപയും. ഡല്‍ഹിയിലും കര്‍ണാടകയിലും 800 രൂപയാണു നിരക്ക്; വീട്ടിലെത്തി ശേഖരിക്കുമ്പോള്‍ 1200 രൂപ. കോവിഡ് രൂക്ഷമായിരിക്കെ, നിരക്കു കുറയ്ക്കുകയോ ലാബുകള്‍ക്കു സര്‍ക്കാര്‍ സഹായം അനുവദിച്ചു പരിശോധന കൂട്ടുകയോ വേണമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
കേസുകള്‍ മുന്‍പില്ലാത്തവിധം ഉയര്‍ന്നുനില്‍ക്കുമ്പോഴും നിരക്ക് നിയന്ത്രിക്കാനുള്ള ഇടപെടലുണ്ടായിട്ടില്ല. 1500 രൂപയായിരുന്ന നിരക്ക്, ലാബുകളുടെയും ആശുപത്രികളുടെയും ഹര്‍ജിയെത്തുടര്‍ന്ന് ഹൈക്കോടതി 1700 രൂപയാക്കിയതാണു സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, അടിയന്തര സാഹചര്യം പരിഗണിച്ചു മിക്ക സംസ്ഥാനങ്ങളും നിരക്കു പല തവണ താഴ്ത്തി. മഹാരാഷ്ട്ര സര്‍ക്കാര്‍ 6 തവണ ഇടപെട്ട് നിരക്ക് 500 രൂപയാക്കി. പരിശോധനയ്ക്ക് ആവശ്യമായ റീഏജന്റ്, വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയം കിറ്റ്, വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ചെലവു താരതമ്യേന കുറഞ്ഞു. എന്നാല്‍, ലാബ് ജീവനക്കാരുടെ ചെലവ്, ബയോമെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ ചെലവുകളാണ് ലാബുകള്‍ ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍, ഇതില്‍ ഇടപെടാന്‍ കേരള സര്‍ക്കാര്‍ ഇതുവരെ ശ്രമിച്ചിട്ടല്ല. മുഖ്യമന്ത്രിയോട് ഇതുസംബന്ധിച്ച ചോദ്യം ഉന്നയിച്ചപ്പോള്‍ തനിക്ക് അതറിയില്ല എന്ന മറുപടിയാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: