ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഗുരുഗ്രാം മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഐസിയുവില്‍ ചികിത്സയിലായിരുന്നു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായും 62-കാരനായ എം ശാന്തനഗൗഡര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശനിയാഴ്ചവരെ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നുവെങ്കിലും രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
അര്‍ബുദ ബാധിതനായ അദ്ദേഹത്തിന് അടുത്തിടെ വൈറല്‍ ന്യുമോണിയ ബാധിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കോവിഡ് ബാധിതനായിരുന്നോ എന്ന കാര്യം ഡോക്ടര്‍മാര്‍ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. 2017 ഫെബ്രുവരി 17-നാണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിതനായത്.
1958 മെയ് അഞ്ചിന് കര്‍ണാടകയില്‍ ജനനം. 1980 സെപ്റ്റംബര്‍ അഞ്ചിന് അഭിഭാഷകനായി എന്റോള്‍ ചെയ്തു. 2003 മെയ് 12ന് കര്‍ണാടക ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. പിന്നീട് 2004 സെപ്റ്റംബറില്‍ സ്ഥിരം ജഡ്ജിയും. തുടര്‍ന്ന് കേരള ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. ഇവിടെ 2016 ഓഗസ്റ്റ് ഒന്നിന് ആക്ടിംഗ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2016 സെപ്റ്റംബര്‍ 22 ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: