കണ്ണൂര്‍: കൊവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രസര്‍ക്കാരിനെതിരെ നുണപ്രചാരണം നടത്തുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ കൊറോണ ഹെല്പ് ഡസ്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ മുഴുവന്‍ രാജ്യങ്ങള്‍ക്കും മാതൃകയായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടന മുതല്‍ ലോകത്തിലെ വികസിക രാഷ്ട്രങ്ങള്‍ വരെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ മോദി സര്‍ക്കാരിനെ പ്രശംസിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം മാനുഷിക പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി തന്നെ നേരിട്ട് നുണപ്രചാരണം നടത്തുകയുമാണ്. ഇത്തരം നുണപ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
കേന്ദ്രവിരുദ്ധ പ്രവര്‍ത്തനമാണ് മുഖ്യന്ത്രി കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മുഴുവന്‍ ജനങ്ങളെയും കൂട്ടിയോജിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെയുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതിനെക്കാള്‍ കേന്ദ്രവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നത്. സ്വന്തം കഴിവ്കേട് മറച്ച് വെക്കുന്നതിന് വേണ്ടിയാണ് കേന്ദ്രവിരുദ്ധ പ്രസ്ഥാവനകളിറക്കുന്നത്. ഇപ്പോള്‍ ജനങ്ങള്‍ ഭീതിയിലാണ്. ഈ ഭീതി പരിഹരിക്കുന്നതിനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തേണ്ടത്. എന്നാല്‍ എല്ലാ വേദികളിലും ജനങ്ങളുടെ ഭീതി ആളിക്കത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അധികാരത്തില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ കുളം കലക്കി ഇറങ്ങിപ്പോവുകയെന്ന നിലപാടാണ് പിണറായി സ്വീകരിക്കുന്നത്.
ലോകത്തിന് മുഴുവന്‍ മാതൃകയായ വാക്സിന് നയമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ രണ്ട് വാക്സിന് നാം നിര്‍മ്മിച്ചു. തുടക്കത്തില്‍ വാക്സിന് നല്‍കിയത് മുന്നണിപ്പോരാളികളായ മൂന്ന് കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്. അതിന് ശേഷം 13 കോടി ജനങ്ങള്‍ക്ക് സൗജന്യ വാക്സിന് നല്കി. ഇപ്പോഴുംകേന്ദ്രസര്ക്കാര് പറഞ്ഞിട്ടുള്ളത് 45 വയസ്സ് കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും സൗജന്യ വാക്സിന് നല്കാന് തയ്യാറാണെന്നാണ്. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും വാക്സിന് വിതരണം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഏതാണ് 67 ലക്ഷം പേര്‍ക്ക് കേരളത്തില്‍ വാക്സിന് നല്‍കിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും തുല്ല്യമായ അധികാരമാണ്. 18 മുതല്‍ 44 വയസ്സുവരെയുള്ളവര്‍ക്ക് വാക്സിന് നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്‍കുമെന്ന് പറഞ്ഞ മുഖ്യന് ഇപ്പോള്‍ കേന്ദ്രത്തിന്റെ സൗജന്യത്തെകുറിച്ച് പറയുകയാണ്. പിണറായി വിജയന് ബഡായി വിജയനായി മാറാതെ കേന്ദ്രവുമായി യോജിച്ച് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ശാസ്ത്രീയവും പ്രായോഗികവുമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
.ജില്ല പ്രസിഡണ്ട് എന്‍ ഹരിദാസ് അധ്യക്ഷനായി കെ.കെ.വിനോദ് കുമാര്‍ ,സി സി രതീഷ്,കെ.രതീഷ് പ്രസംഗിച്ചു.ബിജു ഏളക്കുഴി സ്വാഗതവും പറഞ്ഞു.ആംബുലന്‍സ് സേവനം, രക്തദാനം, കോവിഡ് പോസറ്റീവായവര്ക്കോ ക്വാറന്റെനിലുള്ള കുടുംബങ്ങള്‍ക്കോ ഭക്ഷണം മരുന്ന് മറ്റ് ആവശ്യകാര്യങ്ങള്‍ എത്തിച്ചു കൊടുക്കുവാനുള്ള സംവിധാനം, ടെലി മെഡിസിന്, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ചികിത്സ ആവശ്യവുമായി വിളിക്കുന്ന മലയാളികള്‍ക്ക് വേണ്ട സഹായം ചെയ്യല്‍, ഇ പാസ്റ്റ് ലഭിക്കുന്നതിനായുള്ള സഹായം തുടങ്ങിയ കാര്യങ്ങള്‍ കോവിഡ് ഹെല്‍പ്പ് ഡെസ്ക്കിലൂടെ 24 മണിക്കൂറിലും ലഭ്യമാണെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളകുഴി പറഞ്ഞു.
ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 9447267250
പ്രതികരിക്കാൻ ഇവിടെ എഴുതുക: