സന്തോഷ് മാത്യു
2,400 അമേരിക്കന്‍ പട്ടാളക്കാരുടെ മരണം, 2 ലക്ഷം കോടി ഡോളറിന്റെ ചെലവ് ഇതൊക്കെയാണ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നീണ്ട യുദ്ധത്തിന് അഫ്ഗാനിസ്ഥാനില്‍ ചെലവാക്കേണ്ടി വന്നത്.
സെപ്റ്റംബര്‍ 11നു അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങാനുള്ള അമേരിക്കന്‍ തീരുമാനം ഇരുപത് വര്‍ഷത്തെ നീണ്ട അധിനിവേശത്തിന്റെ കഥ കൂടിയാണ്.ഇപ്പോള്‍ 2,500 യുഎസ് പട്ടാളക്കാരാണ് അവിടയുള്ളത്. നാറ്റോയുടെ കീഴിലുള്ള 9,600 പട്ടാളക്കാരുടെ കണക്കിലാണ് അമേരിക്കന്‍ പട്ടാളവും. ഇതിനു മുന്‍പ് പത്തൊന്‍പതു വര്‍ഷം നീണ്ടു നിന്ന വിയറ്റ്നാം അധിനിവേശമാണ് അമേരിക്കക്ക് ഏറെ നീണ്ട യുദ്ധം പറയാനുള്ളത്.വിറ്റ്നാമിലായാലും അഫ്ഗാനിസ്ഥാനിലായാലും ദൗത്യം പൂര്‍ത്തീകരിക്കാന്‍ അമേരിക്കക്ക് പൂര്‍ണമായും സാധിച്ചില്ല.
2001 സെപ്റ്റംബര്‍ 11ന് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിലുണ്ടായ അല്‍ ഖ്വയിദ ഭീകരാക്രമണത്തിനു പിന്നാലെ ഒക്ടോബര്‍ 7ന് ആണ് അഫ്ഗാനില്‍ യുഎസ് സൈനിക നടപടി ആരംഭിച്ചത്. 2009ല്‍ പ്രസിഡന്റായി ബറാക് ഒബാമ അധികാരമേറ്റതിനു പിന്നാലെ, പല ഘട്ടങ്ങളിലായി സൈനികശേഷി വര്‍ധിപ്പിച്ചു. ഒരു ഘട്ടത്തില്‍ ഇത് ഒരു ലക്ഷം സൈനികര്‍ വരെയായിരുന്നു.പിന്നീടാണ് ഇറാഖില്‍ നിന്നും അഫ്ഗാനില്‍നിന്നുമുള്ള പിന്മാറ്റ പദ്ധതി ഒബാമ പ്രഖ്യാപിച്ചത്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 29ന് ഒപ്പുവച്ച യുഎസ് താലിബാന് സമാധാനക്കരാറിന്റെ ചുവടുപിടിച്ചാണു പിന്മാറ്റം. അവസാനഘട്ട സൈനിക പിന്മാറ്റം മേയ് ഒന്നിന് ആരംഭിക്കുമെന്നും വേള്‍ഡ് ട്രേഡ് സെന്ററിലെ ആക്രമണത്തിന്റെ 20ാം വാര്‍ഷികത്തിനു മുന്‍പായി പൂര്‍ത്തിയാകുമെന്നും ബൈഡന് പറഞ്ഞിരിക്കുകയാണ്. സമാധാനം വേണ്ടത് അഫ്ഗാനിസ്ഥാനും താലിബാനുമാണെന്ന് ബൈഡന് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ ഇടപെടലിന്റെ നാള് വഴികള്‍ :
- നവംബര്‍ 13, 2001 യുഎസ് സൈന്യം കാബുളിലെത്തുന്നു.
- ഡിസംബര്‍ 5,2001 ബോണ്‍ ഉടമ്പടി വടക്കന്‍ സൈന്യവുമായി ഒപ്പിടുന്നു.
- ഡിസംബര്‍ 7, 2001 മുല്ല ഒമര്‍ കാണ്ഡഹാറില്‍ നിന്ന് പാലായനം ചെയ്തതോടെ താലിബാന് ഭരണത്തിന് അറുതിയായി.
- ഡിസംബര്‍ 13, 2001 കര്‍സായി കാബൂളില്‍ എത്തി ചേര്‍ന്നു.
- ഡിസംബര്‍ 22, 2001 കര്‍സായി ചെയര്‍മാനായി കൊണ്ട് 29-അംഗ ഭരണം നിലവില്‍ വന്നു.
- 2004 മുതല്‍ 2009 വരെ പൊതു തെരഞ്ഞെടുപ്പിലൂടെ കര്‍സായി രണ്ടു വട്ടം പ്രസിഡന്റായി.
- ഏപ്രില്‍ 5, 2014 തെരഞ്ഞെടുപ്പില്‍ അഷ്റഫ്ഘനിയും അബ്ദുല്ല അബ്ദുള്ളയും ഒരേ പോലെ വിജയം അവകാശപ്പെട്ടു. അമേരിക്കന്‍ വിദേശ കാര്യസെക്രട്ടറി ജോണ്‍ കെറിയുടെ മധ്യസ്ഥതയില്‍ ഐക്യഗവണ്മെന്റ് രൂപവത്കരിച്ചു. ഘനി പ്രസിഡന്റും അബ്ദുല്ല രാജ്യത്തിന്റെ ചീഫ് എക്സിക്യൂട്ടീവും ആയി മാറി.
- ഡിസംബര്‍ 8, 2014 അമേരിക്കയും നാറ്റോ സൈന്യവും അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ നിര്‍ദ്ദേശാനുസരണം താലിബാനും അല്ഖ്വയിദക്കുമെതിരായ സൈനിക നീക്കങ്ങള്‍ അവസാനിപ്പിച്ചു.
- 2015-2018 താലിബാന് അഫ്ഗാനിസ്താന്റെ പകുതിയോളം നിയന്ത്രണം കൈക്കലാക്കി.
- സെപ്റ്റംബര്‍ 2018 അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, താലിബാനുമായി സന്ധി സംഭാഷണത്തിനായി ദൂതനെ അയച്ചു.
- 2018-2019 താലിബാന് തുടര്‍ച്ചയായി കാബൂള്‍ ഗവണ്മെന്റുമായി സംഭാഷണത്തിനു തയാറായില്ല.
- സെപ്റ്റംബര്‍ 9, 2019 ട്രംപ് തുടര്‍ച്ചയായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ താലിബാനുമായുള്ള എല്ലാ ചര്‍ച്ചകളും അവസാനിപ്പിച്ചു.
- സെപ്റ്റംബര്‍ 28, 2019 പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നെങ്കിലും മാസങ്ങളോളം ഫലം വന്നേയില്ല.
- നവംബര്‍ 24, 2019 ട്രംപ് അപ്രതീക്ഷിതമായി അമേരിക്കന്‍ സൈന്യത്തെ സന്ദര്‍ശിക്കാന്‍ അഫ്ഗാനിസ്ഥാനില്‍ എത്തി.
- ഫെബ്രുവരി 15, 2020 വാഷിംഗ്ടണ്‍ തത്ക്കാലികമായി താലിബാനുമായി സന്ധിയിലെത്തി.
- ഫെബ്രുവരി 18, 2020 ഘനി തെരഞ്ഞെടുപ്പില്‍ വിജയി ആയെങ്കിലും അബ്ദുള്ളയും വിജയം അവകാശപ്പെട്ടു. രാഷ്ട്രീയ അനിശ്ചിതാവസ്ഥ രൂപപ്പെട്ടു.
- ഫെബ്രുവരി 29, 2020 അമേരിക്കയും താലിബാനും തമ്മില്‍ ദോഹയില്‍ വച്ച് നടന്ന സമാധാന സംഭാഷണത്തില്‍ സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണമായും പിന്‍വലിക്കാന്‍ യുഎസ് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: