കശ്മീര്‍: ജമ്മുകശ്മീരിലെ ബിജെപി മേധാവിയായ രവീന്ദര്‍ റെയ്നയെ വധിക്കുമെന്ന് കശ്മീര്‍ തീവ്രവാദിയുടെ ഭീഷണി. ഇനിയും ജിഹാദിനെതിരെ പറയുന്നത് തുടര്‍ന്നാല്‍ നാവരിയുമെന്നും ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു തീവ്രവാദി വീഡിയോ വഴി മുന്നറിയിപ്പ് നല്കി.
മുഖം തുണിയാല്‍ മറച്ച്, ഒരു കയ്യില്‍ തോക്കുമേന്തിയാണ് തീവ്രവാദി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. പാകിസ്ഥാനെതിരെയും ഇസ്ലാമിക ജിഹാദിനെതിരെയും മിണ്ടിയാല്‍ ആ നാവ് അരിഞ്ഞിടുമെന്നും പറയുന്നു.
‘നേരിട്ട അതിക്രമങ്ങള്‍ക്ക് ജമ്മുകശ്മീരിലെ മുസ്ലിങ്ങള്‍ പകരം വീട്ടും. പാകിസ്ഥാന്റെ കൈവശമുള്ള കശ്മീരിനെക്കുറിച്ച് സംസാരിക്കുന്നത് രവീന്ദര്‍ റെയ്ന അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ താക്കീത് ചെയ്യുന്നു. റെയ്ന, താങ്കള്‍ പാകിസ്ഥാന്റെ കയ്യിലുള്ള കശ്മീരിനെ രക്ഷിക്കുമെന്ന് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടേയിരിക്കുന്നു. അവിടെ ഒരു ക്ഷേത്രം നിര്‍മ്മിക്കുമെന്നും പറയുന്നു. പക്ഷെ ഞാന്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഇന്ത്യയുടെ ഭരണത്തില്‍ നിന്നും ജമ്മുകശ്മീരിനെ സ്വതന്ത്രമാക്കാന്‍ പോവുകയാണ്,’വീഡിയോയില്‍ തീവ്രവാദി പറയുന്നു.
‘രവീന്ദര്‍ റെയ്ന, പാകിസ്ഥാനും ജിഹാദിനും എതിരെ സംസാരിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഞങ്ങള്‍ താങ്കളുടെ നാവരിയും. ഇത് രവീന്ദറിനുള്ള ഞങ്ങളുടെ അവസാന താക്കീതാണ്. നിങ്ങള്‍ നാവടക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ കൊല്ലപ്പെടും, ഇന്ഷാഅള്ളാ….അള്ളായെയും ജിഹാദിനെയും അന്വേഷിച്ചുള്ള പാതയിലാണ് ഞങ്ങള്‍. ഞങ്ങളുടെ പരിശ്രമത്തില്‍ വിജയിക്കുകയും ചെയ്യും. രവീന്ദറിനെപ്പോലുള്ളവരും പ്രധാനമന്ത്രി മോദിയുടെ മറ്റ് പിണിയാളുകളും പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാവുക,’ തീവ്രവാദി പറയുന്നു.
വീഡിയോയുടെ ഒടുവില്‍ അല്ലമ ഇഖ്ബാല്‍ ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച വാക്കുകള്‍ പറഞ്ഞാണ് തീവ്രവാദി അവസാനിപ്പിക്കുന്നത് – “നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെങ്കില്‍, ഭാരതത്തിലെ ജനങ്ങള്‍ അപ്രത്യക്ഷരാകും…നിങ്ങളുടെ കഥകള്‍ പോലും കഥാപുസ്തകങ്ങളില്‍ ഉണ്ടാകില്ല.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: