തിരുവനന്തപുരം : സിപിഎം നേതാവ് എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ. സഹലയെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിയമിക്കാന്‍ നീക്കം നടത്തിയെന്ന ആരോപണത്തില്‍ വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഐഎച്ച്ആര്‍ഡി സെന്ററില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് നിയമിക്കാന്‍ തിരക്കിട്ട് നീക്കം നടത്തിയെന്ന് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി നല്‍കിയ പരാതിയിലാണ് ഈ നടപടി.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലല്‍ക്കേയാണ് ഐഎച്ച്ആര്‍ഡി സെന്ററില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഈ വകുപ്പിലെ ഡയറക്ടര്‍ തസ്തിക ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിലും അതില്‍ നിയമന നടപടിയൊന്നുമില്ല. രാഷ്‌ട്രീയ താത്പ്പര്യമാണ് ഇതിന് പിന്നിലെന്നും ആരോപിക്കുന്നുണ്ട്. ഇതില്‍ വിസി വിശദീകരണം നല്‍കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
യുജിസിയുടെ കീഴിലുള്ള എച്ച്ആര്‍ വകുപ്പില്‍ എല്ലാ തസ്തികകളും താത്കാലികമാണെന്നിരിക്കേ എന്തുകൊണ്ടാണ് ഷംസീറിന്റെ ഭാര്യയെ നിയമിക്കുന്നതിനായി പുതിയ തസ്തിക സൃഷ്ടിച്ചത്. അഭിമുഖത്തിന്റെ കട്ട് ഓഫ് മാര്‍ക്ക് ഇവര്‍ക്ക് വേണ്ടി കുറച്ചുവെച്ചുവെന്നും കമ്മിറ്റി ആരോപിക്കുന്നുണ്ട്. കമ്മിറ്റിയുടെ പരാതിയിലെ ആരോപണങ്ങളെല്ലാം ഗവര്‍ണര്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സര്‍വകലാശാലയുടെ നിലപാട് ഗവര്‍ണര്‍ തേടിയിരിക്കുന്നത്.
അതേസമയം തിടുക്കപ്പെട്ട് ഇന്റര്‍വ്യു നടത്തുന്നതും ഡയറക്ടര്‍ തസ്തിക ഒഴിച്ചിട്ട് അസിസ്റ്റന്റ് ഡയറക്ടറെ മാത്രം നിയമിക്കുന്നതിലും വിശദീകരിക്കേണ്ടത് യൂണിവേഴ്‌സിറ്റിയാണെന്നാണ് ആരോപണത്തോട് ഷംസീറിന്റെ ഭാര്യ സഹല പ്രതികരിച്ചത്. ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത് മതിയായ യോഗ്യത ഉള്ളതുകൊണ്ടാണ്. ഡയറക്ടര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്തതിന് അനാവശ്യമായി വേട്ടയാടുകയാണ്. മുപ്പതുപേര്‍ പങ്കെടുത്ത ഇന്റര്‍വ്യൂവില്‍ തന്റെ പേര് മാത്രം വലിച്ചിഴക്കുന്നത് ഷംസീറിന്റെ ഭാര്യ ആയതുകൊണ്ടാണെന്നും സഹല നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: