കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നുണ്ടായ മികച്ച അനുഭവം?
ജനങ്ങളുടെ അടിസ്ഥാന വികസന സ്വപ്നങ്ങള്‍ക്ക് ചിറകുവിരിക്കാന്‍ കൂടെ നിന്നതിന് അവര്‍ നല്കിയ നിസ്വാര്‍ത്ഥമായ സ്നേഹം മാത്രമാണ് എന്റെ മികച്ച അനുഭവങ്ങള്‍. വികസനത്തില്‍ ഉദാത്തമായ മാതൃകയും ചിട്ടയായ പ്രവര്‍ത്തനരീതിയുമാണ് ഇതിന് സഹായിച്ചത്. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയാണ് ഏറ്റവും വലിയ അംഗീകാരമായി ഞാന്‍ കണക്കാക്കുന്നത്.
ജനങ്ങള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളും നടപടിയും?
മണ്ഡലത്തില്‍ തുടക്കം മുതല്‍ ജനങ്ങള്‍ ആവശ്യപ്പെട്ട ഒന്നാണ് മാളിയേക്കല്‍ റയില്‍വേ ഓവര്‍ബ്രിഡ്ജ്. 35 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. അതുപോലെ ചിറ്റുമൂല ഓവര്‍ ബ്രിഡ്ജ് നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഇതിനായി 30 കോടി രൂപയാണ് ചെലവഴിച്ചത്. ഈ പാലങ്ങള്‍ എത്തുന്നതോടെ നിരവധി പേര്‍ക്കാണ് യാത്രാക്ലേശം ഒഴിയുന്നത്. കൂടാതെ കൊവിഡ് കാലത്ത് ബുദ്ധിമുട്ടിയ നിരവധി ആളുകള്‍ക്ക് സര്‍ക്കാരില്‍ നിന്ന് വിവിധ സഹായങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചു.
ഒരു ജനപ്രതിനിധി എന്ന നിലയില്‍ അവരോടൊപ്പം നിന്ന് പ്രവര്‍ത്തിച്ചു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി വികസനം, റോഡുകള്‍, സര്‍ക്കാര്‍ സ്കൂളുകള്‍ എന്നിവയുടെ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മണ്ഡലത്തിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉള്ള പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ നടത്തിയത്. 90 ശതമാനം റോഡുകളും അവസാനഘട്ടത്തിലാണ്. ജനങ്ങള്‍ ഏറെ ഉപകാരപ്രദമാകുന്ന ഒന്നാണ് ആലപ്പാട്-കുലശേഖരപുരത്തെ ബന്ധിപ്പിക്കുന്ന കാട്ടില്‍ക്കടവ് പാലം.
ഇതിന്റെ സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. 64.6 കോടി രൂപ മുടക്കി താലൂക്ക് ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. എംഎല്‍എ എന്ന നിലയില്‍ പൂര്‍ണസംതൃപ്തനാണ്. എന്നാല്‍ മറ്റുചില പദ്ധതികള്‍ നടപ്പാക്കണമെന്ന് ആഗ്രഹിച്ചിരുന്നു.
എംഎല്‍എ ഏറെ ആഗ്രഹിച്ച, എന്നാല്‍ നടപ്പാക്കാന്‍ കഴിയാതെ പോയ പദ്ധതി?
ആലപ്പാട് തീരദേശ മേഖലയില്‍ പുലിമുട്ട് നിര്‍മിക്കണം എന്നത് എന്റെ സ്വപ്ന പദ്ധതിയായിരുന്നു. പക്ഷേ കൊവിഡ് അതിനെയെല്ലാം തകിടംമറിച്ചു. ഇതിന്റെ പ്രാരംഭ നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനായി വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മദ്രാസ് ഐഐടിയെ ചുമതലപ്പെടുത്തിയതാണ്. ആറ് ഗ്രേഡ് പുലിമുട്ടുകള്‍ സാമ്പിള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്നുള്ള നടപടികള്‍ നിലച്ചതോടെയാണ് പദ്ധതി പാതിവഴിയില്‍ നിന്നുപോയത്. പദ്ധതിക്ക് മുന്നോടിയായി ജിയോ ബാഗില്‍ മണ്ണ് നിറച്ച് തിരമാലകളെ പ്രതിരോധിച്ചിരുന്നു.
എംഎല്‍എ എന്ന നിലയില്‍ ഉണ്ടായ മോശം അനുഭവം?
പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് അത്തരത്തില്‍ ഒരു മോശം അനുഭവം ഒന്നും തന്നെയില്ല. പക്ഷെ സാമൂഹ്യ മാധ്യമങ്ങളില്‍ തീരദേശ മേഖലയില്‍ കുടിവെള്ള പ്രശ്നം ഉണ്ടെന്ന രീതിയില്‍ വ്യാപകമായ പ്രചാരണം എനിക്കെതിരെ ചിലര്‍ നടത്തി. അത് ഏറെക്കുറെ പരിഹരിച്ച ഒരു വ്യക്തി കൂടിയാണ് ഞാന്‍. എന്നിട്ടും സത്യം മനസിലാക്കാതെ ഒരുകൂട്ടം ആളുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപിച്ചത് വിഷമിപ്പിച്ചു. മാവേലിക്കര-കല്ലിയൂര്ക്കടവ് പമ്പിലാണ് ഇവിടേക്കുള്ള വെള്ളം ശുദ്ധീകരിക്കുന്നത്. ഇവിടെ ഉണ്ടായ മെഷീന് തകരാറാണ് വെള്ളം എത്തുന്നതില്‍ തടസമായത്. ഇത് അതേ ആഴ്ച തന്നെ വകുപ്പ് മന്ത്രിയുമായി സംസാരിച്ച് പരിഹരിച്ചതാണ്. ബാക്കി ഭാഗത്തെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്നു.
ഓച്ചിറ, ക്ലാപ്പന, ആലപ്പാട്, കരുനാഗപ്പള്ളി, തൊടിയൂര്‍, തഴവ, കുലശേഖരപുരം എന്നിവിടങ്ങളിലും ഭാഗികമായ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. ഇതിനായി വകുപ്പ് തലത്തില്‍ നടപടി കൈക്കൊണ്ടിട്ടുള്ളതാണ്. കുറ്റം ആരോപിക്കുന്നവര്‍ അതില്‍ എത്രത്തോളം സത്യം ഉണ്ടെന്ന് കൂടി അന്വേഷിക്കണം.
പുതിയ എംഎല്‍എ ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് ?
കരുനാഗപ്പള്ളിക്ക് അനുവദിച്ച ഒരു ആര്‍ട്ട്സ് കോളേജ് ഉണ്ട്. ഇതിനായി ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളേജിന്റെ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞതാണ്. അത് പൂര്‍ത്തീകരിക്കണം. ഇതിനായി കിഫ്ബിയില്‍ നിന്ന് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
മറ്റൊന്ന് കരുനാഗപ്പള്ളിക്ക് സ്വന്തമായി ഒരു കോടതി സമുച്ചയം ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്. കെഐപിയുടെ (കല്ലട ഇറിഗേഷന്‍ പ്രോജക്ട്) സ്ഥലം ഇതിനായി ഉപയോഗിക്കാവുന്നതാണ്. പല സര്‍ക്കാര്‍ സ്ഥാപനങ്ങളും പരിമിതമായ സൗകര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് ഒരു പരിഹാരം ഉണ്ടാകണം. ഇതിനായി മിനി സിവില്‍ സ്റ്റേഷന് വിപുലീകരിക്കണം. പുലിമുട്ട് യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുതിയ എംഎല്‍എയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: