പത്തനാപുരം: വില ലഭിക്കാത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കെട്ട് വെറ്റിലകള്‍ ചന്തയില്‍ ഉപേക്ഷിച്ചു കര്‍ഷകര്‍ മടങ്ങി. പത്തനാപുരം കല്ലുംകടവിലെ വെറ്റിലച്ചന്തയിലായിരുന്നു സംഭവം.
പെട്രോള്‍ തളിച്ച് തീയിടാനുളള കര്‍ഷകരുടെ ശ്രമം പോലീസ് തടഞ്ഞു. ഇരുന്നൂറിലധികം കര്‍ഷകരാണ് വെറ്റിലയുമായി ഇന്നലെ രാത്രി 7.30 പത്തനാപുരം ചന്തയിലെത്തിയത്. വിസില്‍ മുഴക്കി ചന്ത ആരംഭിച്ചങ്കിലും വാങ്ങാന്‍ ഇടനിലക്കാര്‍ കുറവായിരുന്നു. ഉള്ളവരാകട്ടെ ഒരു കെട്ടിന് രണ്ട് രൂപാ പോലും വില പറഞ്ഞില്ല. ഇതോടെ ക്ഷുഭിതരായ കര്‍ഷകര്‍ വെറ്റില കൂട്ടിയിട്ട് കത്തിക്കാനുള്ള ശ്രമം നടത്തി. പലരും കണ്ണീരോടെയാണ് മടങ്ങിയത്. കാറ്റിനെ അതീജീവിച്ച് വിളയിച്ചെടുത്ത ആയിരക്കണക്കിന് വെറ്റക്കെട്ടുകളാണ് കര്‍ഷകര്‍ ഉപേക്ഷിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചത്തെ ചന്തക്കും ഇതേ അവസ്ഥയായിരുന്നു.
ഒരു കെട്ടിന് 2.50 രൂപയാണ് ലഭിച്ചത്. ഇതോടെ വെറ്റില സൗജന്യമായി നല്കി കര്‍ഷകര്‍ മടങ്ങുകയായിരുന്നു. കെട്ടിനു 200 രൂപ വരെ കിട്ടിയിരുന്ന സ്ഥാനത്താണ് ഇത്.
കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വലിയ വെറ്റില മാര്‍ക്കറ്റാണ് പത്തനാപുരം. സമീപത്തെ ചന്തകളിലൊക്കെ വില കുറയുമ്പോഴും മിനിമം വില ലഭിച്ചിരുന്ന ചന്തയിലാണ് ഈ ദയനീയ സ്ഥിതി. കാറ്റും മഴയും സഹിച്ച്, കീടങ്ങളെ അതിജീവിച്ചു വിളവെടുക്കുന്ന വെറ്റിലയ്ക്ക് വില കിട്ടാത്തതു മൂലം കര്‍ഷകര്‍ വലിയ കടക്കെണിയിലേക്കാണു നീങ്ങുന്നത്. കര്‍ഷകര്‍ ഉപേക്ഷിച്ച വെറ്റിലകള്‍ ജെസിബി ഉപയോഗിച്ച് പിന്നീട് നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: