ആലപ്പുഴ: കാര്‍ഷിക മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് വിപത്തിനെ തടയുവാനുള്ള നൂതനവും ലളിതവുമായ പരിഹാരമാര്‍ഗ്ഗവുമായി ആലപ്പുഴ സനാതന ധര്‍മ്മ കോളേജ് ഗവേഷകരും വിദ്യാര്‍ത്ഥികളും. ഇപ്പോള്‍ നഴ്സറികളില്‍ വ്യാപകമായി ഉപയോഗിക്കുന്ന വില കുറഞ്ഞതും ഗുണനിലവാരം ഒട്ടുമില്ലാത്തതുമായ പ്ലാസ്റ്റിക് ട്രേയ്ക്കും ചെറു ചട്ടികള്ക്കുമുള്ള ബദലായി പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചാണ് എസ്ഡി കോളേജ് ജലവിഭവകേന്ദ്രവും ‘ഐക്കോടെക്ക്’ എന്ന വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട് അപ്പും രംഗത്തെത്തിയിരിക്കുന്നത്.
പ്രാദേശികമായി ലഭ്യമായ വിവിധ വസ്തുക്കളുപയോഗിച്ച് ലളിതമായ മാര്‍ഗ്ഗത്തിലൂടെയാണ് ചെടികള്‍ നട്ടുവളര്‍ത്താനുള്ള സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. വിവിധയിനം ഇലകള്‍, കുളവാഴ പള്‍പ്പ്, പാള, തെങ്ങോല, ഇര്ക്കില് എന്നിവ ഉപയോഗിച്ച് പരമ്പരാഗത നാട്ടറിവുകളും സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് തികച്ചും പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചത്. വനിതകള്‍, പ്രായം ചെന്നവര്‍ എന്നു വേണ്ട കുട്ടികള്‍ക്കുവരെ ഈ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാം എന്നുള്ളത് ഒരു പ്രത്യേകതയാണ്. സാധാരണക്കാര്‍ക്ക് ധാരാളം തൊഴില്‍ സാധ്യതകളും വരുമാനവും ഇതുവഴി ഉറപ്പാക്കാം.
ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ഉല്പന്നങ്ങള് പുറത്തിറക്കി. അധ്യാപകനും ഗവേഷകനുമായ ഡോ. ജി. നാഗേന്ദ്ര പ്രഭുവിന്റെ നേതൃത്വത്തിലാണ് അനൂപ് കുമാര്‍ വി, ഹരീകൃഷ്ണ, ആര്യ, ലക്ഷമി.കെ. ബാബു, നിവേദിത എന്നിവരടങ്ങുന്ന വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട് അപ്പ് ഈ നൂതന ആശയം യാഥാര്‍ഥ്യമാക്കിയത്. കേരള സര്‍ക്കാരിന്റെ ‘യങ്ങ് ഇന്നോവേറ്റേഴ്സ്’ മല്‍സരത്തില്‍ വിജയിച്ച് ധനസഹായവും ഐക്കോടെക്കിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: