കൊവിഡ് വാക്സിന് നല്കുന്ന കാര്യത്തില്‍ ഒരു ഭരണാധികാരിക്ക് ചേരാത്തവിധം ദുഷ്ടലാക്കോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് പെരുമാറുന്നത്. വാക്സിന് എല്ലാവര്ക്കും സൗജന്യമായി നല്കുമെന്നു പറയുകയും, എന്നാല്‍ ഇത് കേന്ദ്രം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് നഗ്നമായ ഇരട്ടത്താപ്പാണ്. കേന്ദ്രമാണ് വാക്സിന് സൗജന്യമായി നല്കേണ്ടതെങ്കില് അതെങ്ങനെ സംസ്ഥാനത്തിന്റെ വകയാകും? കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്നാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമൊക്കെ തെരഞ്ഞെടുപ്പുകാലത്ത് പ്രഖ്യാപിച്ചത്. ജനങ്ങളെ കബളിപ്പിച്ച് വോട്ടു നേടാനുള്ള തന്ത്രമായിരുന്നു ഇത്. ഈ കപട വാഗ്ദാനം പൊളിയുമെന്നായപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ് മുഖ്യമന്ത്രി. ആരോഗ്യമേഖലയില്‍പ്പെടുന്നവരുള്‍പ്പെടെ മൂന്നുകോടി വരുന്ന മുന്‍നിര കൊവിഡ് പോരാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായാണ് വാക്സിന് നല്‍കിയത്. ഇതിനുശേഷം 13 കോടിയിലേറെപ്പേര്‍ക്കും കേന്ദ്രം വാക്സിന് നല്കി. ഇനി മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് നല്കാന് 150 രൂപ നിരക്കില്‍ 100 ദശലക്ഷം ഡോസ് വാക്സിനാണ് നിര്‍മാതാക്കള്‍ കേന്ദ്രത്തിന് നല്‍കുക. ബാക്കി ഓര്‍ഡറുകള്‍ 400 രൂപയ്ക്കും. ഇതില്‍ യാതൊരു കള്ളക്കളിയുമില്ല. എല്ലാം സുതാര്യമാണ്. എന്നാല്‍ ഈ വസ്തുതകള്‍ ബോധപൂര്‍വം മറച്ചുപിടിച്ചുകൊണ്ട് ചിലര്‍ കുപ്രചാരണം നടത്തുകയാണ്.
കൊവിഡ് വ്യാപനത്തിന്റെ ഭീതിയില്‍ ജനങ്ങള്‍ മുള്‍മുനയില്‍ നില്‍ക്കുമ്പോഴും വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് തുടരുകയാണ്. ഒരു വര്‍ഷം പിന്നിട്ട കൊവിഡ് പ്രതിരോധത്തിന്റെ ഒരു ഘട്ടത്തിലും കേന്ദ്ര സര്‍ക്കാരുമായി കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ സഹകരിച്ചിട്ടില്ല. യാതൊരു വിധത്തിലുള്ള പക്ഷപാതിത്വവും കാണിക്കാതെ സംസ്ഥാനങ്ങളുമായി സഹകരിക്കുന്ന നയമാണ് തുടക്കം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്നത്. മുഖ്യമന്ത്രിമാരുമായി ആലോചിച്ചാണ് പ്രധാനപ്പെട്ട തീരുമാനങ്ങളെല്ലാം പ്രധാനമന്ത്രി എടുത്തിട്ടുള്ളത്. ഇതിനുദാഹരണമാണ് ഇന്നലെയും മുഖ്യമന്ത്രിമാരുമായി നടന്ന ഓണ്‍ലൈന്‍ യോഗം. ഈ യോഗത്തിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും തന്റെ ഓഫീസില്‍നിന്ന് പ്രോട്ടോകോള്‍ ലംഘിച്ച് തത്സമയം സംപ്രേഷണം ചെയ്യാന്‍ അനുവദിച്ചതിന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പ്രധാനമന്ത്രിയോട് മാപ്പു ചോദിക്കേണ്ടിവന്നു. ഈ മാപ്പുപോലും ഒരു കാപട്യമാണെന്ന് കെജ്രിവാളിനെ അടുത്തറിഞ്ഞവര്‍ക്ക് മനസ്സിലാവും. തെരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്ര വിരോധം മൂലം കൊവിഡ് പ്രതിരോധം അട്ടിമറിക്കുകയാണ്. ഇതുപോലുള്ള നടപടികളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി കേന്ദ്ര സര്‍ക്കാരിനെതിരാക്കുകയും, കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ സ്വന്തം വീഴ്ചകള്‍ മറച്ചുവയ്ക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത്.
സൗജന്യ നിരക്കിലും മുഴുവന്‍ വിലകൊടുത്തും കേന്ദ്രം വാങ്ങുന്ന വാക്സിന് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ളതാണ്. എന്നാല്‍ ഇത് ഏതെങ്കിലും ചില സംസ്ഥാനങ്ങള്‍ക്ക് മാത്രമായി നല്‍കാനാവില്ല. ഓരോ സംസ്ഥാനവും അര്‍ഹിക്കുന്ന വിഹിതം കണക്കാക്കിയാണ് നല്‍കുക. ഇതിന് സമയമെടുക്കും. കേന്ദ്രം സൗജന്യമായി നല്കുന്ന വാക്സിന് കൊണ്ടുമാത്രം പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തിയാക്കാനാവില്ല. അപ്പോള്‍ ഇനിയും കേന്ദ്ര വിഹിതത്തിനു കാത്തുനില്‍ക്കാതെ സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് മരുന്നു കമ്പനികളില്‍നിന്ന് വാക്സിന് വാങ്ങേണ്ടതാണ്. ഉത്തര്‍പ്രദേശും മധ്യപ്രദേശും ബീഹാറും അസമുമൊക്കെ ഇപ്രകാരം വാക്സിന് വാങ്ങാന്‍ തീരുമാനിച്ചുകഴിഞ്ഞു. ഇതൊന്നും കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് മുറവിളികൂട്ടുന്നത്. ഒരാഴ്ചക്കാലത്തേക്ക് ആവശ്യമുള്ളത് കൈവശമിരുന്നിട്ടും വാക്സിന് ക്ഷാമത്തെക്കുറിച്ച് ഭീതി പരത്തി കുത്തിവയ്പ്പ് കേന്ദ്രങ്ങളില്‍ അരാജകത്വം പടര്‍ത്തിയവര്‍ വീണ്ടും കേന്ദ്ര വിരോധം സൃഷ്ടിക്കാന്‍ മുതിരുന്നത് അപലപനീയമാണ്. ജനങ്ങളുടെ ജീവന് രക്ഷിക്കാനുള്ള ഉത്തരവാദിത്വത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണിത്. ഐഎംഎയും കെജിഎംഒയും പോലുള്ള ആരോഗ്യമേഖലയിലെ സംഘടനകളുടെ വിമര്‍ശനം ഉള്‍ക്കൊണ്ട് കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യേണ്ടത്. ചില മാധ്യമങ്ങള്‍ കൂട്ടുണ്ടെന്നു കരുതി എന്തു കള്ളത്തരവും പറയാമെന്ന നയം ഇനിയെങ്കിലും മുഖ്യമന്ത്രി തിരുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: