ലണ്ടന്‍: ചൈനയിലെ പ്രാന്തപ്രദേശമായ സിന്‍ജിയാങില്‍ ഉയ്ഗുര് വിഭാഗത്തില്‍പ്പെട്ട മുസ്ലിങ്ങളെ ചൈന വംശഹത്യ ചെയ്യുന്നതായി ആരോപിച്ച് ബ്രിട്ടനിലെ എംപിമാര്‍ യുകെ പാര്‍ലമെന്റില്‍ വെള്ളിയാഴ്ച പ്രമേയം പാസാക്കി.
ചൈനയും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തില്‍ വീണ്ടും ആഴത്തില്‍ വിള്ളലുണ്ടാക്കുന്നതായിരുന്നു ഈ പ്രമേയം. ഉയ്ഗുര് മുസ്ലിങ്ങളെ പീഢിപ്പിക്കുന്നതായും വംശഹത്യ നടത്തുന്നതായും തടവിലിടുന്നതായും തെളിവുകളുണ്ടെന്ന് എംപി നൈജെല്‍ ആഡംസ് വിശദീകരിച്ചു. ചൈനീസ് ഭരണകൂടത്തിന്റെ ഓരോ പ്രവൃത്തികളും മനുഷ്യാവകാശലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
യുകെ എംപിമാരുടെ പ്രമേയത്തിനനുകൂലമായി വോട്ടു ചെയ്യുനനത് ചൈനയ്ക്കെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദം വര്‍ധിക്കുന്നതിന്റെ ഭാഗമാണ്. യുഎസ് സെനറ്റിലെ വിദേശ രാഷ്ട്രബന്ധങ്ങളുടെ സമിതിയംഗം ബോബ് മെനെന്‍ഡെസ് യുകെയിലെ എംപിമാരുടെ നടപടിയെ സ്വാഗതം ചെയ്തു. ‘ഉയ്ഗുര് മുസ്ലിങ്ങള്‍ക്കെതിരെ ചൈന ചെയ്യുന്ന അതിക്രമങ്ങളിലേക്ക് യുകെയിലെ എംപിമാര്‍ വെളിച്ചം വീശി. ഈ അതിക്രമങ്ങള്‍ക്ക് ചൈനീസ് സര്‍ക്കാരിനെ ലോകം ഒന്നുചേര്‍ന്ന് ഉത്തരവാദികളാക്കും,’ അദ്ദേഹം പറഞ്ഞു.
എന്നാല്‍ യുകെയിലെ ചൈനീസ് എംബസി ഇതിനെ തളളിക്കളഞ്ഞു. ചൈനയെ ആക്രമിക്കാനും ഇടിച്ചുതാഴ്ത്താനും മെനഞ്ഞുണ്ടാക്കിയ കഥയാണിതെന്നും ചൈന ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: