ചാത്തന്നൂര്‍: തലകീഴായി നിന്നു ലോകത്തെ ക്യാന്‍വാസിലാക്കിയ ആശാജി എന്ന ആശാജി വിശ്വനാഥന് (72) നിറങ്ങളുടെ ലോകത്ത് നിന്ന് യാത്രയായി. ചിത്രകലയില്‍ വരകളും വര്‍ണ്ണങ്ങളും കൊണ്ടു വിസ്മയംതീര്‍ത്ത വ്യക്തിയായിരുന്നു ആശാജി.
മാമ്പള്ളിക്കുന്നം തോട്ടവാരത്ത് പാണഞ്ചേരി വീട്ടില്‍ തന്റെ അഞ്ചാമത്തെ വയസ്സില്‍ വീട്ടുമുറ്റത്തെ മണലില്‍ ഈര്‍ക്കില്‍ കൊണ്ടും അമ്പലച്ചുമരില്‍ കരിക്കട്ടകൊണ്ടും വരച്ചുതുടങ്ങിയതാണ് ചിത്രങ്ങള്‍. തലകീഴായി തൂങ്ങി കിടന്ന് ലോകത്തിലെ വിവിധ സംഭവവികാസങ്ങള്‍ ക്യാന്‍വാസിലാക്കിയത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അതില്‍ പ്രധാനമാണ് കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി.
നിരവധി വിദ്യാര്‍ത്ഥികളാണ് ആശാജിയുടെ ശിക്ഷണത്തില്‍ ചിത്രകൂടം എന്ന ചിത്രകലാപഠനകേന്ദ്രത്തില് കല അഭ്യസിച്ചുപോന്നത്. പ്രകൃതിയെ ക്യാന്വാസിലാക്കാനായിരുന്നു അദ്ദേഹം കൂടുതല്‍ സമയം കïെത്തിയിരുന്നത്. ശില്പകലയിലും അദ്ദേഹം തന്റെ കഴിവ് കൊത്തിയെടുത്തു. നിരവധി ആളുകളാണ് ആശാജിയുടെ ചിത്രങ്ങള്‍ക്കും ശില്പങ്ങള്ക്കുമായി ചിത്രകൂടം തേടിയെത്തുന്നത്. വിദേശ രാജ്യങ്ങളിലടക്കം നിരവധി സ്ഥലങ്ങളില്‍ ചിത്രപ്രദര്‍ശനവും നടത്തിയിട്ടുണ്ട്.
വരയ്ക്കുമ്പോള്‍ മനസ്സ് സര്‍ഗാത്മകമാകണം, എങ്കില്‍ ഏത് ചിത്രവും ജീവസുറ്റതാകും… എന്നതായിരുന്നു ആശാജിയുടെ നിലപാട്. നിറഞ്ഞ ക്യാന്‍വാസുപോലെ നിഷ്കളങ്കമായി ചിരിച്ചിരുന്ന ചിത്രകാരനായിരുന്നു ആശാജിയെന്ന് പ്രദേശത്തെ സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തകര്‍ അടയാളപ്പെടുത്തി. ഭാര്യ: സുധര്‍മ്മ. മക്കള്‍: നിഖില്‍, നിമ്മി, നിമ്ന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: