‘ദുഃഖിതരുടെ കണ്ണീരൊപ്പാന്‍
ദുഃസ്ഥിതി മാറ്റാന്‍ പൊരുതൂ
കലവറ കൂടാതൊഴുകിച്ചേരൂ
കാലത്തിന്റെ തിരക്കുത്തില്‍……’
ഇവിടെയുണ്ട് ആ കഥകള്‍.. അനീസ്യയുടെ, അയിഷയുടെ, വെമ്പലനാട്ടിലെ തമ്പുരാട്ടിയുടെ, നയനതാരയുടെ….. കഥകള്‍… താളമിട്ട്, പാട്ട് പാടി, ലോകസാഹിത്യത്തെയാകെ ഉത്സവപ്പറമ്പിലെ ആരവങ്ങളിലേക്ക് പറിച്ചുനട്ട പ്രശസ്ത കാഥികന് വി. സാംബശിവന്റെ മരണമില്ലാത്ത കഥകള്‍….. കൊല്ലം കഴ്സണ് റോഡിലെ സ്വന്തം കടയ്ക്കുള്ളില്‍ ജീസസ് പൊടിതട്ടിയെടുത്ത് കാത്തുവെക്കുന്നത് കൊല്ലത്തിന്റെ അഭിമാനമായി നിറഞ്ഞുനിന്ന സാംബശിവന്റെ ഓര്‍മ്മകള്‍ കൂടിയാണ്. കാല് നൂറ്റാണ്ടാവുന്നു സാംബശിവന് മടങ്ങിയിട്ട്. അച്ഛനെ അറിയാനെത്തുന്നവര്‍ക്ക്, മകന് ജീസസ് സാംബശിവന് കഥകളത്രയും സിഡികളിലാക്കി സൂക്ഷിക്കുന്നു.
മക്കളില്‍ മൂത്തയാള്‍ ഡോ: വസന്തകുമാര്‍ സാംബശിവന് അച്ഛന്റെ പാതയില്‍ കഥയുടെ ലോകത്ത് സഞ്ചരിച്ചു. ഇളയമകന് ജീസസ് പക്ഷേ നടന്നത് ആ കഥകളെ പെറുക്കിക്കൂട്ടി നാളേക്ക് കരുതാനായിരുന്നു. അച്ഛന് പാടിയതോരോന്നും വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിച്ച് ആസ്വാദകര്‍ കൂടിയ കാലത്ത് ജീസസ് ആ വഴിക്ക് നടന്നു.
താന്‍തന്നെ റെക്കോര്‍ഡ് ചെയ്തതുള്‍പ്പെടെ 25 കഥാപ്രസംഗങ്ങളുടെ കാസറ്റുകള്‍ വീണ്ടെടുത്ത് ആവശ്യക്കാര്‍ക്ക് നല്കി. പിന്നെയും പിന്നെയും ആളുകള്‍ കഥ തേടിയെത്തി. സാധാരണക്കാര്‍ മുതല്‍ പ്രശസ്തര്‍ വരെ. കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും കഥകള്‍ തേടിയെത്തിയവരുണ്ട്. കാലം മാറുമ്പോഴും മാറാതെ നില്‍ക്കുകയാണ് സാംബശിവന്റെ കഥകള്‍ ആള്‍ക്കൂട്ടത്തില്‍ തീര്‍ത്ത അലയൊലികള്‍…
മരണമില്ലാത്ത കഥകള്‍ക്ക് തിളക്കം ചോരാതെ കാക്കുകയാണ് ഇവിടെ ജീസസ്. കുടുംബവും കലയും ഒരുമിച്ചുകൊണ്ടുപോയ അച്ഛന്റെ മകനാണ് താനെന്ന് ജീസസ് അഭിമാനത്തോടെ പറയുന്നു. ആദ്യ കഥയായ ചങ്ങമ്പുഴയുടെ ‘ദേവത’യെ വേദിയില്‍ ആദ്യമായി അവതരിപ്പിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകളിലുണ്ട് ആ ജീവിതം, ‘കലാശാലാ വിദ്യാഭ്യാസം ചെയ്യാന്‍ കലശലായ മോഹം, പക്ഷേ പണം ഇല്ല. ഞാനൊരു കഥ പറയാം, പകരം പണം തന്നു സഹായിക്കണം.’
സംഗീതം പഠിക്കാത്ത സാംബശിവന് മനോഹരമായ അനവധി കവിതകള്‍ക്ക് ജീവന് പകര്‍ന്നു. ഒരിക്കല്‍ അദ്ദേഹത്തെ തേടി എം.ജി. രാധാകൃഷ്ണന്റെ വിളിയെത്തി, ‘വിലയ്ക്കു വാങ്ങാം’ എന്ന കഥാകവിതയിലെ ‘കത്തുകള്‍, കത്തുകള്‍ അനുരാഗഹൃദയത്തിന് മുത്തുകള്‍….. ‘ എന്ന ഗാനത്തിനു മനോഹരമായി ഈണം നല്‍കിയതിനെ പ്രശംസിക്കാനായിരുന്നു ആ വിളി.
‘സംക്രാന്തി’ എന്ന കഥാപ്രസംഗത്തില്‍ വള്ളംകളിയെക്കുറിച്ച് പറയവേ അത് നേരില്‍ കാണുമ്പോള്‍ ജനങ്ങളില്‍ ഉണ്ടാകുന്ന അതേ വികാരവും ആവേശവും അദ്ദേഹം ആ സദസ്സില്‍ സൃഷ്ടിച്ചു. കറതീര്‍ന്ന രാഷ്ട്രിയക്കാരനായിരുന്നു അച്ഛനെന്ന് ജീസസ് ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തില്‍ അദ്ദേഹം ഉറച്ചു നിന്നു. ആ സംഘടനയ്ക്കായി കഥാപ്രസംഗങ്ങള്‍ എഴുതുകയും പറയുകയും ചെയ്തിരുന്നു.
മീനു ജോബി
പ്രതികരിക്കാൻ ഇവിടെ എഴുതുക: