കൊല്ലം: കെഎസ്ആര്‍ടിസി ബസിനെ ആശ്രയിച്ച് എസ്എസ്എല്‍സി പരീക്ഷയ്ക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ കൊവിഡ് പേടിയില്‍. രോഗ വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ അതാത് ഡിപ്പോകളില്‍ ബസ് അണുവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രോഗം വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ബസുകള്‍ അണുവിമുക്തമാക്കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്.
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയാണ് കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിക്കുന്നത്. കൊല്ലത്ത് അണുവിമുക്തമാക്കാനുള്ള മരുന്നും രണ്ട് മെഷീനും മറ്റ് സൗകര്യങ്ങളും ഉണ്ട്. ഇവ രണ്ടും ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെന്നാണ് പരാതി.
ബസ് കഴുകുമ്പോള്‍ സോപ്പ് ഉപയോഗിക്കുന്നതിനാല്‍ അണുവിമുക്തമാകും എന്നാണ് അധികൃതരുടെ വാദം. എന്നാല്‍ കഴുകുക മാത്രമാണെന്നും അണുവിമുക്തമാക്കാതെയാണ് സര്‍വീസ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
അണുവിമുക്തമാക്കാതെ സര്‍വീസ് നടത്തുന്നത് യാത്രക്കാര്‍ക്ക് മാത്രമല്ല ജീവനക്കാര്‍ക്കും ആരോഗ്യഭീഷണി ഉയര്‍ത്തുന്നു. യാത്രക്കാരെ നിര്‍ത്തികൊണ്ടു പോകുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും ചില ബസുകള്‍ ആളുകളെ കുത്തിനിറച്ചു സര്‍വീസ് നടത്തുന്നതായും പരാതിയുണ്ട്. മുന്‍പുണ്ടായിരുന്ന കരുനാഗപ്പള്ളി, കുളത്തൂപ്പുഴ, ആര്യങ്കാവ്, പുനലൂര്‍ ഡിപ്പോകളില്‍ നിലവില്‍ ദിവസങ്ങള്‍ കഴിയുമ്പോഴാണ് ബസുകള്‍ അണുവിമുക്തമാക്കുന്നത്. ഓരോ സര്‍വീസ് കഴിയുമ്പോഴും ബസ് അണുവിമുക്തമാക്കാനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് അധികൃതരുടെ മറുപടി.
വിദ്യാര്‍ത്ഥികളില്‍ കൊവിഡ് വര്‍ധിച്ചു
സ്കൂളുകളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് വര്‍ധിക്കുന്നു. പരീക്ഷയുടെ ആദ്യ ദിനങ്ങളില്‍ 12 വിദ്യാര്‍ഥികള്‍ മാത്രമാണ് കൊവിഡ് ബാധിച്ച് പ്രത്യേകമായി പരീക്ഷ എഴുതിയതെങ്കില്‍ അവസാനം നടന്ന പരീക്ഷയില്‍ 24 വിദ്യാര്‍ഥികളാണ് രോഗബാധിതര്‍.
പരീക്ഷയ്ക്കായി ബസുകളെ ആശ്രയിക്കുന്നവരാണ് വിദ്യാര്‍ത്ഥികളില്‍ ഏറെയും. കൊവിഡ് ബാധിതരായ വിദ്യാര്‍ഥികള്‍ വിവിധ സ്കൂളുകളില്‍ പിപിഇ കിറ്റ് ധരിച്ചാണ് പരീക്ഷക്കെത്തിയത്. കൂടാതെ ക്വാറന്റൈനില്‍ കഴിയുന്ന 45 വിദ്യാര്‍ഥികളും പ്രത്യേക നിരീക്ഷണത്തില്‍ പരീക്ഷ എഴുതുന്നുണ്ട്. കൊവിഡ് ബാധിതര്‍ക്കായി പ്രത്യേക മുറി സജ്ജമാക്കിയിട്ടുണ്ട്. ഇന്‍വിജിലേറ്റര്‍മാരും പിപിഇ കിറ്റ് ധരിച്ചാണ് പരീക്ഷാഹാളില്‍ നില്ക്കുക. പൊതുഗതാഗതത്തെ ആശ്രയിച്ചാണ് ഭൂരിഭാഗം കുട്ടികളും പരീക്ഷയ്ക്കെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: