തലശ്ശേരി: വേനല്‍ മഴയോടൊപ്പം ശക്തിയായി വീശിയടിച്ച കാറ്റില്‍ വ്യാപകമായ നാശനഷ്ടം. പലയിടങ്ങളിലും തെങ്ങ് ഉള്‍പ്പെടെയുള്ള വൃക്ഷങ്ങള്‍ മുറിഞ്ഞും കടപുഴകിയും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മീതെ വീണും ഇലക്ട്രിട്രിക് പോസ്റ്റുകളും വൈദ്യുതി കമ്പികളും മുറിഞ്ഞും പൊട്ടിയും വീണ് വൈദ്യുതി നിലച്ചതും ജനങ്ങളെ ഏറെ പ്രയാസത്തിലാക്കി. വന്‍തോതില്‍ കൃഷിനാശവും ഉണ്ടായി.
കൊടുവള്ളിയിലെ പൗരാണിക ആരാധനാലയമായ വാമല്‍ ക്ഷേത്രം മരം വീണ് ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണുള്ളത്. ഇവിടത്തെ കെടാവിളക്ക് തെളിഞ്ഞു കത്തുന്ന കല്‍ത്തറ മാത്രമാണ് ശേഷിച്ചത്. ക്ഷേത്രമുറ്റത്തെ നൂറ്റാണ്ട് പഴക്കമുള്ള കൂറ്റന്‍ കാഞ്ഞിര മരം കടപുഴകി വീണതിനെ തുടര്‍ന്നാണ് ക്ഷേത്രത്തിന്റെ പ്രവേശന കവാടവും മതിലും ഉള്‍പ്പെടെ തകര്‍ന്നത്. സമീപത്തുള്ള കടകള്‍ക്കും നാശനഷ്ടം സംഭവിച്ചു.
ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്തുള്ള സിമന്റ് വൈദ്യുതി തൂണിന്റെ മദ്ധ്യഭാഗം മുറിഞ്ഞു തൂങ്ങി നില്‍ക്കുകയാണ്. കാറ്റും മഴയും ശമിച്ചതിന് ശേഷമാണ് രാത്രി വൈകി കാഞ്ഞിരമരം നിലംപൊത്തിയത്. പ്രശസ്തമായ ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഉപക്ഷേത്രമാണ് വാമല്‍ ഭഗവതി ക്ഷേത്രം. രണ്ട് ദേവീക്ഷേത്രത്തിലും വ്യാഴാഴ്ച ആണ്ടുതിറ ഉത്സവത്തിന് തിരി തെളിയാനിരിക്കെയാണ് ഓര്‍ക്കാപ്പുറത്തുണ്ടായ അപകടം.
കോവിഡ് വ്യാപന ഭീതി നിഴലിട്ടു നില്ക്കുന്ന പശ്ചാത്തലത്തില്‍ ഉത്സവം ചടങ്ങുകള്‍ മാത്രമാക്കിയിരുന്നു. എരഞ്ഞോളി കുഞ്ഞിക്കൂലോത്തെ കശുവണ്ടി വികസന കോര്പറേഷന് കെട്ടിടത്തിന്റെ മേല്പുരയില് പാകിയ നിരവധി ആസ് ബസ് സ്റ്റേഴ്സ് ഷീറ്റുകള്‍ കാറ്റില്‍ പറന്ന് വീണ് തകര്‍ന്നു. ഇവിടെ മാത്രം പത്ത് ലക്ഷം നഷ്ടം കണക്കാക്കുന്നു. തൊട്ടടുത്ത മാരുതി സുസുക്കി വര്‍ക്ക്ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ട രണ്ട് കാറുകള്‍ വൈദ്യുതി സിമന്റ് പോസ്റ്റുകള്‍ മുറിഞ്ഞ് വീണ് തകര്‍ന്നു.
എരഞ്ഞോളി കണ്ടിക്കലിലെ നിദ്രാതീരം വാതക ശ്മശാന കെട്ടിടത്തിന്റെ മേല്‍പ്പുരയിലെ ഓടുകള്‍ പാറി വിണ് തകര്‍ന്നു. എരഞ്ഞോളി പാലത്തിനടുത്ത സമോദ് വില്ല തെങ്ങ് വീണ് ഭാഗികമായി തകര്‍ന്നു. കൊളശ്ശേരിയിലെ വിമുക്തഭടന് ഉദയയില്‍ എ.ടി. ഹരിദാസന്റെ കൃഷിയിടത്തിലെ കുലക്കാറായ നിരവധി വാഴകളും, കപ്പ, പപ്പായ മരം എന്നിവയും കാററില്‍ ഒടിഞ്ഞു വീണു നശിച്ചു. വാവാച്ചി മുക്കിലും കൃഷി നാശമുണ്ടായി. തലശ്ശേരി ഹോളോവേ റോഡില്‍ റസ്റ്റ് ഹൗസിനടുത്ത് പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് വക. ഓഫിസുകള്‍ക്ക് മരം വീണ് നാശനഷ്ടമുണ്ടായി. എരഞ്ഞോളി എകരത്ത് പിടിക തീപ്പെട്ടി കമ്പനി പരിസരത്തെ മരങ്ങള്‍ കടപുഴകി വീണ് സമീപത്തെ ഇലക്ട്രിക് പോസ്റ്റുകളൂം തകര്‍ന്നിട്ടുണ്ട്.
പാനൂര്‍: കനത്ത കാറ്റിലും മഴയിലും മീത്തലെ കുന്നോത്ത്പറമ്പ് ചേരിക്കല്‍ ഭാഗത്ത് നേന്ത്രവാഴകള്‍ നശിച്ചു. ബുധനാഴ്ച വൈകീട്ട് വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലുമാണ് നൂറോളം കുലച്ച നേന്ത്രവാഴകള്‍ നശിച്ചത്. കോടഞ്ചേരി കുമാരന്, വട്ടപ്പറമ്പത്ത് കുമാരന് കെ. ഇസ്മയില്‍ എന്നിവരുടെ വാഴകളാണ് നശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: