കൊല്ലം: കല്ലുപാലം മേയ് മാസത്തിലും യാഥാര്‍ഥ്യമാകില്ല. ഇതോടെ മുകേഷ് എംഎല്‍എ നല്കിയ ഉറപ്പ് പാഴാകുമെന്ന് ഉറപ്പായി. ഒന്നര വര്‍ഷം മുന്‍പ് പൊളിച്ച കല്ലുപാലത്തിന്റെ പണികള്‍ ഓണത്തിനുമുന്‍പ് തീര്‍ക്കാനാണ് ഇപ്പോള്‍ ശ്രമം.
പണികള്‍ നിരന്തരം തടസ്സപ്പെട്ടതിനാല്‍ നിര്‍മാണം ഇഴഞ്ഞുനീങ്ങുകയാണ്. പാലംപണിക്ക് ഒരുവര്‍ഷംകൂടി വേണമെന്ന് കരാറുകാരന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഉള്‍നാടന്‍ ജലഗതാഗതവകുപ്പ് സ്വീകരിച്ചത്.
ഓണത്തിന് മുമ്പ് പണി പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് വകുപ്പ് മേധാവികള്‍ നല്‍കിയിട്ടുള്ളത്. സാങ്കേതിക തടസ്സങ്ങള്‍ കാരണം ലക്ഷ്മിനട ഭാഗത്ത് നിര്‍മാണജോലികള്‍ മന്ദഗതിയിലാണ്. മറുഭാഗത്തെ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
2019 ഒക്ടോബറിലാണ് കല്ലുപാലം പൊളിച്ചത്. നവംബര്‍ ആദ്യം പണികള്‍ തുടങ്ങിയെങ്കിലും കേബിളുകള്‍ മാറ്റാത്തതുമൂലം പണി മുടങ്ങി. നിര്‍മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലും പണി തടസ്സപ്പെടുത്തി.
ലോക്ഡൗണ്‍ കാലത്ത് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയതും ഒരുകാരണമാണ്. മാസങ്ങള്‍ക്കുശേഷം നിര്‍മാണം തുടങ്ങിയെങ്കിലും ഇഴഞ്ഞുനീങ്ങുകയാണ്.
പാലം നിര്‍മിക്കുന്നതിന്റെ ഭാഗമായി ഇരുവശത്തുമുള്ള റോഡുകളിലെ ഗതാഗതം നിരോധിച്ചിരുന്നു. ഇതോടെ യാത്രക്കാര്‍ ദുരിതമനുഭവിക്കുകയാണ്. ഈ ഭാഗത്തെ വ്യാപാരികളും കച്ചവടമില്ലാതെ ബുദ്ധിമുട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: