ഇസ്ലാമബാദ്: തെഹ്റീക്- ഇ-ലബൈക് പാകിസ്ഥാന്റെ (ടിഎല്‍പി) കലാപത്തിനും ഭീഷണിക്കും മുന്നില്‍ ഇമ്രാന് സര്‍ക്കാര്‍ തല കുനിക്കുന്നു. കഴിഞ്ഞയാഴ്ച ലാഹോര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ടിഎല്‍പി നേതാവ് സാദ് ഹുസൈന് റിസ് വിയെ പഞ്ചാബിലെ കോട്ട് ലഖ്പഠ് ജയിലില്‍ നിന്നും വിട്ടയച്ചു.
കഴിഞ്ഞയാഴ്ച ടിഎല്‍പിയുടെ നേതൃത്വത്തില്‍ ഫ്രാന്‍സില്‍ നിന്നുള്ള സ്ഥാനപതിയെ പാകിസ്ഥാനില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയപ്പോഴാണ് റിസ് വിയെ ഏപ്രില്‍ 12ന് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതോടെ ടിഎല്‍പിയുടെ നേതൃത്വത്തിലുള്ള സമരം കലാപമായി മാറി. പാകിസ്ഥാനിലുടനീളം ടിഎല്‍പി പ്രവര്‍ത്തകര്‍ പൊലീസും പട്ടാളവുമായി ഏറ്റുമുട്ടി. ഏതാനും പൊലീസുകാര്‍ കൊല്ലപ്പെട്ടു. കലാപകാരികള്‍ എത്ര പേര് കൊല്ലപ്പെട്ടു എന്നതിന്റെ കണക്ക് ലഭ്യമല്ല.
ഇമ്രാന് സര്‍ക്കാര്‍ തന്നെ ടിഎല്‍പിയെ തീവ്രവാദവിരുദ്ധ നിയമപ്രകാരം ഏപ്രില്‍ 14ന് നിരോധിച്ചിരുന്നു. ഇതോടെ കലാപം കൂടുതല്‍ രൂക്ഷമായി. ക്രമസമാധാനം പാലിക്കാന്‍ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് റിസ് വിയെ ജയില്‍മോചിതനാക്കാന്‍ ഇമ്രാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
പാകിസ്ഥാന് ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുന്ന സ്ഥിതിയുണ്ടായപ്പോഴാണ് ടിഎല്‍പിയെ നിരോധിച്ചതെന്നും ഈ സംഘടന തെരുവില്‍ കലാപം നടത്തുകയും ജനങ്ങളെയും ക്രമസമാധാനപാലകരെയും ആക്രമിക്കുകയും ചെയ്യുകയാണെന്ന് ഇമ്രാന് ഖാന് പറഞ്ഞു. പക്ഷെ ഫ്രാന്‍സിലെ സ്ഥാനപതിയെ പാകിസ്ഥാനില്‍ നിന്നും പുറത്താക്കുന്നതില്‍ ടിഎല്‍പിയുമായി സമവായമുണ്ടാക്കാന്‍ ഇമ്രാന് ഖാന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇപ്പോള്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി ഷേഖ് റാഷിദ് അഹ്മദ് പറഞ്ഞു. ഇതേ തുടര്‍ന്ന് ടിഎല്‍പി അവരുടെ പ്രതിഷേധം പിന്‍വലിക്കാന്‍ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. എങ്കിലും കലാപം ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: