കോട്ടയം: കൊവിഡിനെ നേരിടാന്‍ കേരളം പോലൊരു സംസ്ഥാനത്ത് രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ അഞ്ചു മണിവരെയുള്ള കര്‍ഫ്യൂ കൊണ്ട് വലിയ മെച്ചം ഉണ്ടാവില്ലെന്ന് ജനങ്ങളുടെ ആശങ്ക. ഇപ്പോള്‍ രാത്രി ഒന്‍പതു മണിയോടെ മിക്കയിടങ്ങളും ശൂന്യമാകും. പിന്നെ ആരെ കബളിപ്പിക്കാനാണ് ഈ രാത്രികാല കര്‍ഫ്യൂ എന്നാണ് പലരുടെയും ചോദ്യം. എന്തെങ്കിലും ചെയ്തു എന്നു വരുത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഇതെന്നാണ് പലരും പരിഹസിക്കുന്നതും. എന്നാല്‍ ഈ ആക്ഷേപം പൂര്‍ണ്ണമായും ശരിയല്ലെന്ന് വിദഗ്ധര്‍ പറയുന്നു.
ഒരു പക്ഷെ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്ര ഫലം കിട്ടിയെന്നു വരില്ല. പക്ഷെ പൂര്‍ണ്ണമായും തള്ളിക്കളയാനും സാധ്യമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിഷേന് (ഐഎംഎ) സംസ്ഥാന സെക്രട്ടറി പി. ഗോപീകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. രാത്രികാലത്ത് ബാറുകളും റസ്റ്റോറന്റുകളും പലയിടങ്ങളിലും മാളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ മാളുകളും ഹോട്ടലുകളും മറ്റും രാത്രി വൈകിയും പ്രവര്‍ത്തിക്കുന്നുണ്ട്. അടച്ചിട്ട ചെറിയ ഹാളുകളില്‍ കൂടിച്ചേരലുകളും വിരുന്നുകളും നടക്കുന്നുമുണ്ട്. ജനങ്ങള്‍ കൂട്ടം കൂടുന്നത് തടയുകയെന്നതാണ് കര്‍ഫ്യൂവിന്റെ ലക്ഷ്യം. കര്‍ഫ്യൂ വഴി ഇത്തരം പരിപാടികള്‍ തടയാന്‍ സാധിക്കും. അദ്ദേഹം പറഞ്ഞു.
രാത്രികാല യാത്രകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഇതും വലിയൊരളവില്‍ തടയാന്‍ സാധിക്കും. പൊതു ഗതാഗതത്തിനോ മാളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കോ നിയന്ത്രണം വന്നിട്ടില്ല. അതിനാല്‍ രാത്രി കര്‍ഫ്യൂ കൊണ്ട് നാം ഉദ്ദേശിക്കുന്നത്ര ഫലം ലഭിക്കില്ല. പക്ഷെ ഫലമൊന്നുമില്ലെന്നും പറയാനാവില്ല. മാത്രമല്ല ഇതിനെ മുന്നൊരുക്കമായും കാണാം. ലോക്ഡൗണോ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തേണ്ടിവന്നാല്‍ രാത്രികര്‍ഫ്യൂ ഒരു മുന്നൊരുക്കമായി കാണാം.
പെട്ടെന്ന് കടുത്ത നിയന്ത്രണം വരുന്നതിനേക്കാള്‍ നല്ലതാണ് ഘട്ടം ഘട്ടമായി നിയന്ത്രണം വരുന്നത്. മാത്രമല്ല ഇത് റംസാന് മാസമാണ്. ഇഫ്താര്‍ വിരുന്നുകളും കൂടിച്ചേരലുകളും രാത്രിയിലാണ് നടക്കുന്നത്. കര്‍ഫ്യൂ വഴി ഇത്തരം വലിയ പരിപാടികള്‍ വിലക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കഴിയും.
വാക്സിനേഷന് കേന്ദ്രങ്ങളില്‍ വലിയ ജാഗ്രത വേണം
വാക്സിനേഷന് കേന്ദ്രങ്ങളാണ് ഇപ്പോള്‍ ഭീതിജനകമായ അവസ്ഥയിലുള്ളതെന്ന് ഡോ. ഗോപീകുമാര്‍ പറഞ്ഞു. ഇവിടങ്ങളില്‍ ജനങ്ങള്‍ വാക്സിനേഷനായി തടിച്ചു കൂടുകയാണ്. ആരും സാമൂഹ്യ അകലം പാലിക്കുന്നില്ല. മാസ്ക്കും സാനിറ്റൈസറും എല്ലാം പേരിനുമാത്രമാണ്. മാസ്ക്കുകള്‍ ശരിയായ രീതിയില്‍ ധരിച്ചില്ലെങ്കില്‍ എന്താണ് അതുകൊണ്ടുള്ള പ്രയോജനം. അതിനാല്‍ സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ശ്രദ്ധ അടിയന്തരമായി പതിയേണ്ടത് ഇത്തരം കേന്ദ്രങ്ങളിലാണ്. ഇവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഇല്ലെങ്കില്‍ വാക്സിനേഷന് സെന്ററുകള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുമെന്ന ആശങ്കയുണ്ട്.
കൊറോണയുടെ രണ്ടാം തരംഗം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അത് പ്രതീക്ഷച്ചതിനേക്കാള്‍ വേഗത്തിലായി. വ്യാപനം വേഗത്തിലായി, കൂടുതല്‍ തീവ്രവുമാണ്. ജനിതക മാറ്റം വന്ന വൈറസുകളാണ് ഒരു കാരണം. പക്ഷെ ജനങ്ങളുടെ ആശ്രദ്ധയും ജാഗ്രതക്കുറവുമാണ് രണ്ടാം തരംഗം വേഗത്തില്‍ വരാനും തീവ്രമാകാനും കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: