കാഞ്ഞങ്ങാട്: ജനാധിപത്യ രാജ്യമായ ഭാരതത്തെ ഫാസിസ്റ്റ് രാജ്യമായി ചിത്രീകരിച്ച് കേന്ദ്ര സര്‍വ്വകലാശാല അദ്ധ്യാപകന്. കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനാണ് ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ ലക്ചര്‍ നോട്ടില്‍ ഭാരതത്തെ ഫാസിസ്റ്റ് രാജ്യമായി ചിത്രീകരിച്ചത്.
തിയറീസ് ആന്‍ഡ് കണ്‍സെപ്റ്റ് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് എന്ന പേപ്പറിലെ ‘ഫാസിസം ആന്‍ഡ് നാസിസം ‘എന്ന അദ്ധ്യായത്തെ കുറിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസിലാണ് രാജ്യവിരുദ്ധവും സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുമുള്ള ഗുരുതരമായ പരാമര്‍ശങ്ങള്‍ അദ്ധ്യാപകന് നടത്തിയത്. 19ന് ഒരു മണിക്കൂര്‍ നീണ്ട ഓണ്‍ലൈന്‍ ക്ലാസിലാണ് വിവാദ പരാമര്‍ശവും നോട്ടും നല്‍കിയത്. ക്ലാസ്സ് വീക്ഷിച്ച വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വിഷയം പുറം ലോകത്ത് എത്തിച്ചത്.
2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഭാരതം ഫാസിസ്റ്റ് രാജ്യമായി മാറിയതെന്ന് ഇതില്‍ വിവരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്ന വിവിധ രാജ്യങ്ങളിലെ ഫാസിസ്റ്റ് ഭരണകൂടങ്ങളെക്കുറിച്ച് വിവരിച്ചതിന് ശേഷമാണ് ഭാരതത്തിലും സമാനമായ ഭരണമെന്ന് ഇദ്ദേഹം വിവരിക്കുന്നത്. സ്പെയിനിലെ ജനറല്‍ ഫ്രാങ്കോ, പോര്‍ച്ചുഗലിലെ സലാസ, അര്‍ജന്റീനയിലെ ജുവാന്‍പെറോണ്‍, ചിലിയിലെ പിനോഷെ, തുടങ്ങി വിവിധ രാജ്യങ്ങളിലെ ഫാസിസ്റ്റ് ഭരണകൂടങ്ങളെക്കുറിച്ച് പ്രതിപാദിച്ചതിന് ശേഷമാണ് അവസാനമായി ഭാരതത്തെക്കുറിച്ചും വിവാദ പരാമര്‍ശം നടത്തുന്നത്. ഫാസിസ്റ്റ് ഭരണാധിപന്മാര്ക്ക് സമാനമായാണ് നരേന്ദ്രമോദി സര്‍ക്കാറിനെയും അദ്ധ്യാപകന് വിവരിച്ചത്. ആര്‍എസ്എസ്, ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ ഫാസിസ്റ്റ് സമാന സംഘടനകളായി പരിഗണിക്കാമെന്നും അദ്ധ്യാപകന് നല്കിയ കുറിപ്പില്‍ സൂചിപ്പിക്കുന്നു.
ഭാരതത്തിന്റെ ശത്രുരാജ്യങ്ങള്‍ പോലും പറയാത്ത ഗുരുതരമായ ആരോപണമാണ് കേന്ദ്രസര്‍വ്വകലാശാല അദ്ധ്യാപകന് നടത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ സര്‍വ്വീസ് ചട്ടം ഒമ്പത്, മൂന്ന് (8) തുടങ്ങിയവയുടെ ലംഘനമാണ് അദ്ധ്യാപകന് നടത്തിയിരിക്കുന്നത്. സിലബസ് വിശദീകരിക്കുമ്പോള്‍ തന്റെ രാഷ്ട്രീയ അഭിപ്രായം പ്രകടിപ്പിക്കുക മാത്രമല്ല അത് വിദ്യാര്‍ത്ഥികള്‍ക്കുള്ള കുറിപ്പായി നല്‍കുകയും ചെയ്തതിലൂടെ ഔദ്യോഗിക സ്ഥാനവും അദ്ധ്യാപകന് ദുരുപയോഗം ചെയ്തിരിക്കുകയാണ്. നേരത്തെയും ഈ അദ്ധ്യാപകന് അച്ചടക്ക നടപടിക്ക് വിധേയമായിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഗഡ്ചിറോളില്‍ നടന്ന മാവോയിസ്റ്റ് വേട്ടയ്ക്കെതിരെ 2018 മെയ് 15ന് തിരുവനന്തപുരം രാജ്ഭവനിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി നേരിട്ടത്.
കേരള കേന്ദ്രസര്‍വ്വകലാശാലയെ വിവാദ കേന്ദ്രമാക്കാന്‍ പ്രൊഫസര്‍ നടത്തിയ ഗൂഢനീക്കം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. വിദ്യാഭ്യാസ സംരക്ഷണ സമിതി, സര്‍വ്വകലാശാല വിസി, കേന്ദ്ര വിദ്യാഭ്യാസമന്ത്രി, യുജിസി അധികാരികള്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗം എ. വിനോദും പ്രശ്നത്തില്‍ ഇടപെട്ടു. ഇതിനെ തുടര്‍ന്നാണ് അടിയന്തര അന്വേഷണത്തിന്യുജിസി സര്‍വ്വകലാശാലക്ക് നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: