ക്രിക്കറ്റില്‍ അഭിമാനകരമായ വിജയങ്ങള്‍ സമ്മാനിച്ച് കായിക പ്രേമികളുടെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്ന പി. രവിയച്ചന് ഇനി പുതിയ നിയോഗം. കൊച്ചി രാജ്യ ചരിത്രത്തില്‍ തിളങ്ങുന്ന ഏടുകള്‍ എഴുതിച്ചേര്‍ത്ത പാലിയം കുടുംബത്തിന്റെ കാരണവരായി മാറിയിരിക്കുകയാണ്, ഒരുകാലത്ത് രഞ്ജി ക്രിക്കറ്റിന്റെ എല്ലാമെല്ലാമായിരുന്ന രവിയച്ചന്. പാലിയം വലിയച്ചനായിരുന്ന വിക്രമന് അച്ചന് വിടപറഞ്ഞതിനെ തുടര്‍ന്നാണ് ഈ പദവിയിലേക്ക് രവിയച്ചന് വന്നിരിക്കുന്നത്.
2003 മുതല്‍ വിക്രമന് അച്ചനായിരുന്നു പാലിയം കുടുംബത്തിന്റെ നാഥന്. നവതി പിന്നിട്ട രവിയച്ചന് പിന്‍ഗാമിയായി സ്ഥാനമേല്ക്കുമ്പോള് അത് ജീവിതത്തിലെ മറ്റൊരു ഇന്നിങ്സിന്റെ തുടക്കമാവുകയാണ്. ലളിത ജീവിതത്തിന്റെയും ഉയര്‍ന്ന ചിന്തയുടെയും പ്രതീകമായി നമുക്കിടയില്‍ കഴിയുന്ന രവിയച്ചന് പതിറ്റാണ്ടുകളുടെ പൊതുജീവിതത്തിന് ഉടമയാണ്.
ആഢ്യത്വത്തിന്റെ കെട്ടുപാടുകളൊന്നുമില്ലാതെ പരിചയപ്പെടുന്ന ആരോടും മാന്യമായും സ്നേഹനിര്‍ഭരമായും ഇടപെടുന്ന വലിയ മനസ്സ്. നല്ലൊരു വായനക്കാരന്, കലാപ്രേമി എന്നീ നിലകളിലൊക്കെ രവിയച്ചന്റെ വ്യക്തിത്വത്തെ തൃപ്പൂണിത്തുറക്കാര്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഏതു വിഷയത്തെക്കുറിച്ചും തെളിഞ്ഞ ധാരണകളും, അത് ആകര്‍ഷകമായി അവതരിപ്പിക്കാനുള്ള കഴിവും ഇദ്ദേഹത്തിനുണ്ട്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സംഘചാലകായി വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കുകയും, സംഘടനയുടെ ചെറുതും വലുതുമായ പരിപാടികളില്‍ ഊര്‍ജസ്വലതയോടെ പങ്കെടുക്കുകയും ചെയ്ത പാരമ്പര്യം രവിയച്ചന് അവകാശപ്പെട്ടതാണ്.
ക്രിക്കറ്റില്‍ ആരെങ്കിലുമാവാനല്ല, അതിനോടുള്ള കമ്പമാണ് രവിയച്ചനെ കളിക്കാരനാക്കിയത്. തിരു-കൊച്ചിക്കു വേണ്ടിയും പിന്നീട് കേരളത്തിനുവേണ്ടിയും 55 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള രവിയച്ചന് 1952-1970 കാലയളവില്‍ ക്രീസില്‍ നിറഞ്ഞുനിന്നു. ക്രിക്കറ്റിന്റെ ലോകത്ത് എന്തെങ്കിലുമാവാന്‍ കേരളം കിണഞ്ഞു ശ്രമിച്ചപ്പോള്‍ അതിനുവേണ്ടി കനത്ത സംഭാവനകള്‍ നല്കി നായകസ്ഥാനത്തേക്കു വന്നയാളാണ് രവിയച്ചന്.
സ്വന്തം നഗരമായ തൃപ്പൂണിത്തുറയിലെ പൂജ ക്ലബ്ബിനു വേണ്ടിയാണ് രവിയച്ചന് കളിച്ചു തുടങ്ങിയത്. പില്ക്കാലത്ത് മുംബൈയില്‍നിന്ന് കളി പഠിച്ചു. നിരവധി മത്സരങ്ങളില്‍ കേരളത്തെ നയിച്ചു. 41 വയസ്സുവരെ കേരളത്തിനുവേണ്ടി കളിച്ചു. കുറച്ചുകാലം സെലക്ടറായി പ്രവര്‍ത്തിക്കുകയും പില്ക്കാലത്ത് സാമൂഹ്യ പ്രവര്‍ത്തനത്തില്‍ വ്യാപൃതനാവുകയും ചെയ്തു.
നിലവില്‍ വലിയച്ചനായിരിക്കുന്നയാള്‍ വിടപറയുന്നതോടെ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്നയാള്‍ ആ സ്ഥാനത്തേക്ക് വരികയാണ്. ഇതിന് പ്രത്യേകചടങ്ങുകളൊന്നുമില്ല. പാലിയം ട്രസ്റ്റിന്റെ നിയമാവലി അനുസരിച്ച് സ്വഭാവികമായി സംഭവിക്കുകയാണ്. രവിയച്ചന് വലിയച്ചനായിരിക്കുമ്പോള്‍ തീര്‍ച്ചയായും അതിന്റെ പ്രതിഫലനങ്ങള്‍ പാലിയം തറവാട്ടിലുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: