മുഖവുര വേണ്ടാത്ത പൊതു പ്രവര്‍ത്തകനാണ് ചെറിയാന് ഫിലിപ്പ്. 68 വര്‍ഷം മുമ്പ് ചെങ്ങന്നൂരിലാണ് ജനനം. കോണ്‍ഗ്രസിന്റെ മടിത്തട്ടിലാണ് പിറന്നതെന്ന് പറയാം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനെന്ന നിലയില്‍ സംസ്ഥാനത്താകെ ചെറിയാന് നിറഞ്ഞു നിന്ന കാലമുണ്ടായിരുന്നു. എ.കെ. ആന്റണിയുടെ മാനസപുത്രനെന്നറിയപ്പെട്ടിരുന്ന ചെറിയാന് കേരള ടൂറിസം ഡെവലപ്പ്മെന്റ് കോര്പ്പറേഷന് (കെടിഡിസി) ചെയര്മാന് പദവി വരെ വഹിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥി നേതാവായിരിക്കെ മറുചേരി എസ്എഫ്ഐയുടെ ക്രൂരമായ പീഡനം വരെ ഏറ്റുവാങ്ങേണ്ടി വന്നതായി പ്രസ്താവിച്ചിരുന്ന ചെറിയാന് രണ്ടു പതിറ്റാണ്ടായി കോണ്‍ഗ്രസിലില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയിലും പിന്നെ വട്ടിയൂര്‍ക്കാവിലും കല്ലൂപ്പാറയിലും കോട്ടയത്തും മത്സരിച്ചെങ്കിലും വിജയം തുണച്ചില്ല. ഇടത് പക്ഷത്തെത്തിയപ്പോള്‍ പാര്‍ലമെന്ററി വ്യാമോഹം പൂവണിഞ്ഞില്ലെങ്കിലും തെറ്റില്ലാത്ത സ്ഥാനം ലഭിച്ചു. ഇപ്പോള്‍ ആരോരും അറിയാത്ത ഒരു കോര്‍പ്പറേഷന്റെ അധിപനാണ്.
ഇത്തവണ രാജ്യസഭയിലേക്ക് ഇടത്പക്ഷം പരിഗണിക്കുന്നു എന്ന പ്രചരണം ശക്തമായിരുന്നു. പക്ഷേ മണ്ണും ചാരി നിന്നവര്‍ പെണ്ണും കൊണ്ടുപോയി എന്നപോലെയായി ചെറിയാന്റെ അവസ്ഥ. വീഴുമ്പോള്‍ ചവിട്ടണം എന്ന് പറയാറുണ്ടല്ലോ. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ചെറിയാനെ നന്നായി ചവിട്ടി. അതിനായി ഒരു മുഖപ്രസംഗം തന്നെ കാച്ചി. കോണ്‍ഗ്രസുകാര്‍ക്കുപോലും ദഹിക്കാത്ത പ്രയോഗങ്ങളാണ് അവര്‍ അതില്‍ നിരത്തിയത്. ഒരു സാധാരണ കോണ്‍ഗ്രസുകാരനായിരുന്നില്ല ചെറിയാന്. നന്നായി വായിക്കും. അതിനെക്കാള്‍ ഭംഗിയായി എഴുതും. കേരളത്തിന്റെ കാല്‍നൂറ്റാണ്ട് ഭംഗിയായി അവതരിപ്പിച്ച ചെറിയാന്റെ സൃഷ്ടിക്ക് ഇപ്പോഴും ബദല്‍ ഉണ്ടായിട്ടില്ല. ഏഴു പുസ്തകങ്ങള്‍ വേറെയുമുണ്ട്. കേരള രാഷ്ട്രീയത്തിലെ ചെറിയ മീനല്ല ചെറിയാന്. അതിനെ പിടിക്കാന്‍ വീക്ഷണത്തിന്റെ ചൂണ്ട മതിയാവില്ല.
കോണ്‍ഗ്രസ് വിട്ട് സിപിഎം പാളയത്തില്‍ ചേക്കേറിയ ചെറിയാന് ഫിലിപ്പിനെ പരിഹസിച്ചും, കോണ്‍ഗ്രസിലേക്ക് തിരികെ ക്ഷണിച്ചുമാണ് വീക്ഷണത്തിന്റെ മുഖപ്രസംഗം. ‘മോഹമുക്തനായ ചെറിയാന് വീണ്ടും അവഗണന’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍, ചെറിയാന് മുമ്പ് കോണ്‍ഗ്രസ് നേതാക്കളോട് കാട്ടിയ അവഹേളനങ്ങളും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
‘മോഹമുക്തനായ കോണ്ഗ്രസുകാരന് ‘എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസിനകത്ത് വിമതനായി വേഷം കെട്ടിച്ച് തുടലിട്ട കുരങ്ങനെപ്പോലെ ചാടിക്കളിക്കെടാ കുഞ്ഞിരാമാ എന്നു പറഞ്ഞ് ചുടുചോറു മാന്തിച്ച ചെറിയാന് ഫിലിപ്പിനെ സി.പി.എം വീണ്ടും വഞ്ചിച്ചു. പലപ്പോഴും നിരാശനായി സി.പി.എമ്മിന്റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടി വന്ന ചെറിയാന്, വലിയ സ്ഥാനമാനങ്ങളൊന്നുമില്ലെങ്കിലും കോണ്‍ഗ്രസില്‍ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ ചെറിയാന് എ.കെ. ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ സാമാന്യ മര്യാദ പോലും മറന്നുകൊണ്ടായിരുന്നു. എന്നും വീക്ഷണം വിലപിക്കുന്നു.
വിമതരെ സ്വീകരിക്കുന്നതില്‍ സി.പി.എമ്മിന്റെ ഇരട്ടത്താപ്പിന്റെ തെളിവാണ് ചെറിയാന് ഫിലിപ്പ്. ടി.കെ. ഹംസയെയും ലോനപ്പന് നമ്പാടനെയും കെ.ടി. ജലീലിനെയും പരിഗണിക്കുകയും മന്ത്രി സ്ഥാനം നല്‍കുകയും ചെയ്ത സി.പി.എം, ചെറിയാനോട് ചിറ്റമ്മ നയമാണ് സ്വീകരിച്ചത്. കഴിഞ്ഞ തവണ രാജ്യസഭാ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. ഒടുവില്‍ എളമരം കരീമിനെയാണ് പരിഗണിച്ചത്. ഇത്തവണ ഇടതുപക്ഷത്തിന് ലഭിച്ച രണ്ട് സീറ്റുകളും ഏകപക്ഷീയമായി ഏറ്റെടുത്തു. ഒന്ന് ചെറിയാന് ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും ചെറിയാന് വീണ്ടും കബളിപ്പിക്കപ്പെട്ടു.
തിരുവനന്തപുരം വെസ്റ്റ് സീറ്റിന് വേണ്ടി ആഗ്രഹിച്ച് നോര്‍ത്ത് നല്‍കിയിട്ടും തൃപ്തിയാകാതെയായിരുന്നു ചെറിയാന്റെ മറുകണ്ടം ചാട്ടം. പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കുമെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായി ചെറിയാന്റെ ഗതി.
മറുകണ്ടം ചാടി വരുന്നവരുടെ ചോര പരമാവധി ഊറ്റിക്കുടിച്ച് എല്ലും തൊലിയും മാത്രം അവശേഷിപ്പിക്കുന്ന കരിമ്പനയിലെ യക്ഷിയെപ്പോലെയാണ് സി.പി.എം. അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തെറ്റുകള്‍ തിരുത്തി ചെറിയാന് കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നാല്‍ പാര്‍ട്ടി അദ്ദേഹത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
കെപിസിസി പ്രസിഡന്റിനടക്കം വീക്ഷണത്തിന്റെ വിമര്‍ശനവും വിശേഷണവും ഒട്ടും ദഹിച്ചിട്ടില്ല. എന്താകും തുടര്‍ നടപടിയെന്ന് കാണാനിരിക്കുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: