ആലപ്പുഴ: കുട നിര്‍മാണ രംഗത്ത് കേരളത്തിന്റെ കീര്‍ത്തി ലോക വിപണിയിലെത്തിച്ച ടി.വി. സ്കറിയ ഇനി ഓര്‍മ്മ. ജീവിതത്തിലെന്നും കുടമാത്രം സ്വപ്നം കാണുന്ന വ്യക്തിയായിരുന്നു ടി.വി. സ്കറിയ എന്ന ബേബി. സെന്റ് ജോര്‍ജ് കുടക്കമ്പനിയെ പടുത്തുയര്‍ത്തിയ ബേബിക്ക് ജീവിതത്തിലെ രണ്ടാം ഘട്ടമാണ് രണ്ടാമത്തെ മകന്റെ പേരോടു കുടിയ കുടക്കമ്പനിയായ ‘പോപ്പി’. ഇന്നുള്ള പോപ്പിയുടെ വിജയ ചരിത്രം ആരംഭിക്കുന്നത് സെന്റ്ജോര്‍ജ് കുടകള്‍ക്കും മുന്‍പാണ്. കാസിം കരിം സേട്ടിന്റെ കുടനിര്‍മാണ കമ്പനിയില്‍ ജോലിക്കാരനായ കുട വാവച്ചന് എന്ന തയ്യില്‍ ഏബ്രഹാം വര്‍ഗീസില്‍ നിന്നാണ് അതിന്റെ തുടക്കം.
വാവച്ചന് 1954 ആഗസ്റ്റ് 17നു സ്വന്തമായി സെന്റ് ജോര്‍ജ് കുടക്കമ്പനി തുടങ്ങി. ആലപ്പുഴ ടൗണില്‍ വാടകക്കെട്ടിടത്തില്‍ 9 ജോലിക്കാരുമായി തുടങ്ങിയ സെന്റ് ജോര്‍ജ് കുട ആദ്യവര്‍ഷം 500 ഡസനാണ് വിറ്റുപോയത്. 41 വര്‍ഷങ്ങള്‍ക്ക് ശേഷം വേറൊരു ആഗസ്റ്റ് 17ന് സെന്റ് ജോര്‍ജ് പൂട്ടുമ്പോള്‍ വാര്‍ഷിക വില്പന ഒരുലക്ഷം ഡസനായിരുന്നു. പിന്നീട് സെന്റ് ജോര്‍ജിന്റെ പാരമ്പര്യത്തില്‍ രണ്ടു ബ്രാന്‍ഡുകള്‍ വിടര്‍ന്നു. പോപ്പിയും ജോണ്‍സും. ഇന്ത്യയിലെ ഏറ്റവും വലിയ കുടനിര്‍മാണ സംരംഭത്തിന്റെ കുലപതിയായ സെന്റ് ജോര്‍ജ് ബേബിയെന്ന ടി.വി. സ്കറിയ കുട വാവച്ചന്റെ രണ്ടാമത്തെ മകനാണ്.
വിവിധ തരത്തിലും വര്‍ണത്തിലും, പല പ്രായക്കാര്‍ക്കും പല ആവശ്യങ്ങള്‍ക്കും പറ്റിയത് എന്ന രീതിയില്‍ ഇന്ന് 150 ല്‍പരം തരത്തിലുള്ള കുടകള്‍ പോപ്പി നിലവില്‍ വിപണിയിലിറക്കുന്നുണ്ട്. 27 വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടയുടെ ഗുണമേന്മ നിയന്ത്രണത്തിനുള്ള ഐഎസ്ഐ നിബന്ധനകള്‍ തയാറാക്കിയത് സെന്റ് ജോര്‍ജ് കമ്പനിയില്‍ ബേബി നടപ്പാക്കിയ ഗുണനിലവാര നിയന്ത്രണ ചട്ടങ്ങള്‍ക്കനുസരിച്ചാണ്. ഗുണനിലവാരത്തിലും വിലനിര്‍ണയത്തിലും കുടവിപണി മാതൃകയുമായി സ്വീകരിച്ചിരിക്കുന്നത് തങ്ങളെയാണെന്ന് ബേബി അവകാശപ്പെട്ടിരുന്നു. പോപ്പിയുടെ ഏജന്‍സിക്കായി കാത്തിരിക്കുന്ന 8900 ലധികം അപേക്ഷകര്‍ ശരിവയ്ക്കുന്നത് ഉല്പന്നങ്ങളുടെ പ്രചാരവും ജനപ്രീതിയുമാണ്.
ആലപ്പുഴയിലെ പോപ്പിയുടെ കമ്പനി ഷോറൂമിലും ബേബിയുടെ വീട്ടിലും ചെന്നാല്‍ ആദ്യം കണ്ണില്‍പ്പെടുക കുട ചൂടിയ ചെറിയ ശില്‍പ്പങ്ങളാണ്. ലോകമെമ്പാടുമുള്ള യാത്രയില്‍ ബേബിച്ചന് കുട ചൂടി നില്ക്കുന്ന ശില്പ്പങ്ങള് സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ കുടയോടുള്ള തീരാത്ത പ്രേമത്തിന്റെ ബാക്കി പത്രമാണ് ഈ ശില്പ്പങ്ങള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: