തിരുവനന്തപുരം : കോവിഡ് രണ്ടാം തരംഗത്തില്‍ കേരളത്തില്‍ വൈറസ്് രോഗം വ്യാപിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍. സംസ്ഥാനത്ത് ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ് വ്യാപിക്കുന്നത് സംസ്ഥാനത്തിന് ഭീഷണിയാകുന്നുണ്ടെന്നും അറിയിച്ചു. ഒരാളില്‍ നിന്ന് രണ്ടോ മൂന്നോ പേരിലേക്ക് പടര്‍ന്നിരുന്ന രോഗം ഇപ്പോള്‍ ശരാശരി നാല് എന്ന നിലയിലേക്ക് എത്തി.
അതേസമയം രോഗം ബാധിക്കുന്നവരില്‍ ന്യുമോണിയ, ശ്വാസ തടസം അടക്കം തുടങ്ങി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതാണ് പലരുടേയും നില ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി തീവ്ര പരിചരണ വിഭാഗത്തിലും വെന്റിലേറ്ററുകളിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടി. ഇതോടെ വാക്സിന് വിതരണം ഊര്‍ജ്ജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ദല്‍ഹി, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ അഞ്ചാംസ്ഥാനത്തുള്ള കേരളത്തില്‍ ഏപ്രില്‍ ആറ് മുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കാര്യമായ വര്‍ധനയുമുണ്ട്. വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ ജനുവരി കഴിഞ്ഞുള്ള മൂന്നുമാസം അതിനിര്‍ണായകമാണെന്ന് അന്ന് തന്നെ മുന്നറിയിപ്പും ശാസ്ത്രജ്ഞര്‍ നല്‍കിയിരുന്നു.
രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കോഴിക്കോട് ജില്ലയിലെ ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ കളക്ടര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. കോഴിക്കോട് ജില്ലയില്‍ ഒരാഴ്ചക്കിടെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ എട്ട് ശതമാനം വര്‍ധനയാണ് ഉണ്ടായത്. പോസറ്റിവിറ്റി നിരക്ക് നിലവില്‍ 22 ദശാംശം 67 ശതമാനമാണ്. ഈ സാഹചര്യത്തിലാണ് പ്രാദേശികതലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ പൂര്‍ണ്ണമായും അടച്ചിടും.
ഇവിടങ്ങളില്‍ നിന്ന് മറ്റ് വാര്‍ഡുകളിലേക്കുള്ള യാത്ര നിരോധിച്ചു. കണ്ടെയ്ന്മെന്റ് സോണുകളില്‍ അവശ്യസൗകര്യങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. കൊവിഡ് നിരക്ക് ജില്ലയില്‍ ഇനിയും കൂടുമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്നത്.ജില്ലയിലെ എല്ലാ ചടങ്ങുകളും കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാതെ നടത്തിയ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ നടത്തിപ്പുകാര്‍ക്കെതിരെ കേസ്സെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: