ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭരിയ്ക്കുന്ന സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഭയാനകമായ തോതില്‍ കൂടുതലാണെന്നും മന്‍മോഹന്‍സിംഗിന്റെ ജ്ഞാനവും ഉപദേശവും അവര്‍ക്കായിരിക്കും കൂടുതല്‍ ഉപകരിക്കുകയെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്.
കൊവിഡ് വ്യാപനം കൂടിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അഞ്ചിന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന്സിംഗിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്ര ആരോഗ്യമമന്ത്രി ഡോ.ഹര്‍ഷ് വര്ധന്. താങ്കള്‍ പറയുന്ന ക്രിയാത്മക സഹകരണമെന്ന ആശയവും മറ്റ് വിലപിടിച്ച ഉപദേശവും താങ്കളുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിലെ നേതാക്കള്‍ തന്നെ പിന്തുടരുന്നുണ്ടെങ്കില് ചരിത്രം താങ്കളോട് കുറെക്കൂടി നീതി പുലര്‍ത്തുമെന്നും ഹര്‍ഷ് വര്ധന് പറഞ്ഞു.
‘നിങ്ങളുടെ പാര്‍ട്ടി അംഗങ്ങളും കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളും കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയും നുണ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് ആളുകള്‍ക്കിടയില്‍ വാക്സിനെടുക്കുന്നതില്‍ സംശയം ജനിപ്പിക്കുകയും അത് രാജ്യത്തെ ജനങ്ങളുടെ ജീവനെടുത്ത് പന്താടുന്നതിലേക്കും നയിച്ചു,’ ഹര്‍ഷ് വര്ധന് പറഞ്ഞു.
രാജ്യത്ത് നിര്‍മ്മിക്കുന്ന വാക്സിനെതിരായിരുന്നു കോണ്‍ഗ്രസ്. അതുകൊണ്ടാണ് പ്രായം കൂടിയവര്‍ക്ക് വാക്സിന് നല്‍കുന്നത് എണ്ണത്തില്‍ കുറഞ്ഞുപോയത്. താങ്കള്‍ക്ക് വാക്സിന് എടുക്കുന്നതിന്റെ പ്രാധാന്യം അറിയാമെങ്കിലും താങ്കളുടെ പാര്‍ട്ടിയിലുള്ളവര്‍ക്കും കോണ്‍ഗ്രസ് ഭരിയ്ക്കുന്ന സംസ്ഥാനങ്ങള്‍ക്കും താങ്കളുടെ കാഴ്ചപ്പാടല്ല ഇക്കാര്യത്തിലുള്ളതെന്നും ഹര്‍ഷ് വര്ധന് പറഞ്ഞു.
ഡോ. മന്മോഹന് സിംഗ് പ്രധാനമന്ത്രിക്കയച്ച കത്തുകളില്‍ വസ്തുതാപരമായ പിശകുകള്‍ നിറയെ ഉണ്ടെന്നും ഡോ. ഹര്‍ഷ് വര്ധന് പറഞ്ഞു. കാരണം മന്മോഹന് സിംഗ് ചൂണ്ടിക്കാട്ടിയ നിര്‍ദേശങ്ങളെല്ലാം ഒരാഴ്ച മുമ്പേ കേന്ദ്രം നടപ്പാക്കിക്കഴിഞ്ഞവയാണെന്നും ഹര്‍ഷ് വര്ധന് പറഞ്ഞു.
കോവിഡിനെതിരെ പൊരുതാന്‍ വ്ക്സിനേഷന്‍ നിരക്ക് കൂട്ടുക എന്നതാണ് പ്രധാനമെന്ന് മന്‍മോഹന്‍സിംഗ് പ്രധാമന്ത്രിയ്ക്ക് അയച്ച കത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. എത്ര വാക്സിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്, അടുത്ത ആറ് മാസത്തിനുള്ളില്‍ നല്‍കാനായി എത്ര വാക്സീന് കിട്ടിയിട്ടുണ്ട് എന്നീ കാര്യങ്ങള്‍ കേന്ദ്രം പ്രസിദ്ധപ്പെടുത്തണമെന്നും മന്‍മോഹന്‍സിംഗ് ആവശ്യപ്പെട്ടിരുന്നു. ആകെ വാക്സിനേഷന്റെ എണ്ണമല്ല, ജനസംഖ്യാനുപാതികമായി എത്ര ശതമാനം പേര്‍ക്ക് വാക്സിന് നല്കുന്നു എന്നാണ് നോക്കേണ്ടതെന്നും മന്മോഹന് സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: