ആലപ്പുഴ: സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തിച്ച് മന്ത്രി ജി. സുധാകരന്റെ പരാമര്‍ശത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് എ.എം. ആരിഫ് എംപി. ജി. സുധാകരന് നടത്തിയ രാഷ്ട്രീയ ക്രിമിനലിസം പരാമര്‍ശം ആരിഫ് തള്ളി. സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലിസമുള്ളതായി അറിയില്ലെന്ന് ആരിഫ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. അങ്ങനെ ഉണ്ടെങ്കില്‍ അത് ആരാണെങ്കിലും നടപടി എടുക്കാനുള്ള ശക്തി പാര്‍ട്ടിക്കുണ്ട്. രാഷ്ട്രീയ ക്രിമിനലുകള്‍ സിപിഎമ്മിലുണ്ടെന്ന് സുധാകരന് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ ആരിഫ്, എല്ലാ പാര്‍ട്ടികളിലും ഉണ്ടെന്നാണ് പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു.
അതിനിടെ മന്ത്രി ജി. സുധാകരനെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാത്തതിനെ തുടര്‍ന്ന് യുവതി ജില്ലാ പോലീസ് ചീഫിന് പരാതി നല്കി. സുധാകരന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യയാണ് എസ്പിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയില്‍ തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സുധാകരന് പരാമര്‍ശം നടത്തിയെന്ന് കാട്ടിയാണ് യുവതി ബുധനാഴ്ച അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്.
ഇത്രയും ദിവസം കഴിഞ്ഞിട്ടും പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അമ്പലപ്പുഴ പോലീസ് തയാറായില്ലെന്നാണ് യുവതി പറയുന്നത്. താന്‍ പരാതി പിന്‍വലിച്ചുവെന്ന രീതിയിലുള്ള പ്രചരണം തെറ്റാണ്. പരാതിയില്‍ പൂര്‍ണമായി ഉറച്ചുനില്‍ക്കുന്നു. ജി. സുധാകരന്റെ ഇടപെടല്‍ മൂലം താന്‍ പരാതി പിന് വലിച്ചുവെന്നത് അടിസ്ഥാന വിരുദ്ധമാണ്. പരാതിയില്‍ കേസെടുത്ത് തുടര്‍ നടപടി സ്വീകരിക്കണമെന്നും എസ്പിക്ക് നല്കിയ പരാതിയില്‍ യുവതി ആവശ്യപ്പെട്ടു.
പാര്‍ട്ടി നേതൃത്വം ഇടപെട്ടിട്ടും പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയും, ലോക്കല്‍ കമ്മിറ്റിയംഗമായ ഭര്‍ത്താവും പരാതിയില്‍ ഉറച്ചുനില്ക്കുക മാത്രമല്ല, മന്ത്രിക്കെതിരായ നിലപാട് കടുപ്പിക്കുകയും ചെയ്യുന്നത് പാര്‍ട്ടിയില്‍ തന്നെയുള്ള ഒരു വിഭാഗത്തിന്റെ പിന്ബലമുള്ളതിനാലാണെന്നാണ് സുധാകരനെ അനുകൂലിക്കുന്നവര്‍ കരുതുന്നത്.
ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ജില്ലാ നേതൃത്വത്തില്‍ നിന്ന് ആരും നടത്തരുതെന്ന് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുന്‍പ് തന്നെ പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറി സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: