ആലപ്പുഴ : മന്ത്രി ജി സുധാകരന് വേണ്ടി വഴിപാട് കഴിച്ച് ബിജെപി നേതാവ് എല്‍.പി ജയചന്ദ്രന്. കമ്യൂണിസ്റ്റ് പൊളിറ്റിക്കല്‍ ക്രിമിനലുകളില്‍ നിന്ന് സുധാകരനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് മൃത്യുഞ്ജയ ഹോമം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റാണ് എല്‍.പി ജയചന്ദ്രന്. ജി സുധാകരന്റെ തട്ടകമായ അമ്പലപ്പുഴയിലടക്കം സിപിഎമ്മില്‍ നിന്ന് തന്നെ സുധാകരന് എതിര്‍പ്പ് ശക്തമായ പശ്ചാത്തലത്തിലാണ് പ്രാദേശിക ബിജെപിയിലെ പ്രമുഖ നേതാവായ എല്‍ പി ജയചന്ദ്രന് ശിവക്ഷേത്രത്തില്‍ സുധാകരന് വേണ്ടി മൃത്യുഞ്ജയ ഹോമം നടത്തിയത്.
സുധാകരനെതിരെ ആലപ്പുഴ ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ പരാതി വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നു. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം ആസൂത്രിത നീക്കം നടത്തുന്നതായി സുധാകരന് പറഞ്ഞിരുന്നു.
മുമ്പ് വിഎസ് അച്യുതാനന്ദന് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടപ്പോള്‍ വിഎസിന് വേണ്ടിയും വഴിപാട് നടത്തിയിരുന്നതായി ജയചന്ദ്രന് പറയുന്നു. അമ്പലപ്പുഴയില്‍ രാഷ്ട്രീയത്തിനതീതമായി സൗഹൃദം കാത്തു സൂക്ഷിക്കുന്ന സുധാകരന് വികസനത്തിലും രാഷ്ട്രീയം നോക്കാറില്ലെന്നും അതാകാം സിപിഎമ്മിനുള്ളിലെ ശത്രുതക്ക് കാരണമെന്നും ജയചന്ദ്രന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: