തിരുവനന്തപുരം : കൊറോണ രണ്ടാം തരംഗത്തിലെ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരള-തമിഴ്‌നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കി. തിരുവനന്തപുരത്ത് നിന്നും തമിഴ്‌നാട്ടിലേയ്‌ക്ക് പോകുന്ന ഇഞ്ചിവിള ചെക്ക്‌പോസ്റ്റിൽ കേരള സർക്കാർ കർശന പരിശോധനയാണ് നടത്തുന്നത്. ഇ- പാസ് ഉള്ളവരെയും ആശുപത്രി പോലെയുള്ള അത്യാവശ്യങ്ങൾക്ക് പോകുന്നവരെയും മാത്രമാണ് അതിർത്തിയിലൂടെ കടത്തിവിടുന്നത്. കഴിഞ്ഞ ദിവസം വരെ കേരള അതിർത്തിയിൽ ഒരു തരത്തിലുള്ള പരിശോധനയും നടന്നിരുന്നില്ല.
പാലക്കാട് വാളയാർ അതിർത്തിയിലും പോലീസ് കർശന പരിശോധന നടത്തുന്നുണ്ട്. രാവിലെ എട്ടരോടെയാണ് പരിശോധന ആരംഭിച്ചത്. കൊറോണ ജാഗ്രതാ പോർട്ടലിലെ റജിസ്‌ട്രേഷൻ പരിശോധിച്ച് ഇ-പാസ് ഉണ്ടോ എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമെ കേരളത്തിലേയ്‌ക്ക് കടത്തിവിടുന്നുള്ളു. തമിഴ്‌നാട്ടിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ രാത്രിയിൽ അതിർത്തി അടച്ചിടും. 10 മണി മുതൽ പുലർച്ചെ നാല് മണിവരെയാണ് അതിർത്തി അടച്ചിടുക. ഈ സമയത്ത് വാഹനങ്ങൾ കടത്തിവിടില്ലെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു. അവശ്യ സർവ്വീസുകൾക്ക് മാത്രമാകും ഇളവ് നൽകുക.
അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിലേയ്‌ക്ക് എത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കി. സർട്ടിഫിക്കേറ്റ് ഇല്ലെങ്കിൽ 14 ദിവസം മുറിയിൽ ക്വാറന്റൈനിൽ കഴിയണം. 48 മണിക്കൂർ മുൻപ് പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റാണ് വേണ്ടത്. ഇല്ലെങ്കിൽ കേരളത്തിലെത്തിയാൽ ഉടൻ പരിശോധന നടത്തണം. ഫലം ലഭിക്കുന്നത് വരെ റൂമിൽ കഴിയണമെന്നും നിർദ്ദേശമുണ്ട്. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ക്ഷീണം, വയറിളക്കം, പേശിവേദന, മണം നഷ്ടപ്പെടൽ എന്നിവ കണ്ടാൽ ഉടൻ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: