കാസർകോഡ് : കാസർകോഡ് ജില്ലയിൽ സഞ്ചരിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് വേണമെന്ന വിചിത്ര ഉത്തരവിൽ മന്ത്രിയുടെ ഇടപെടൽ. പിന്നാലെ പ്രസ്താവന തിരുത്തി ജില്ലാ കളക്ടർ. ജില്ലയ്‌ക്കകത്ത് സഞ്ചരിക്കാൻ സർട്ടിഫിക്കറ്റ് വേണമെന്ന് ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. എന്നാൽ ഉത്തരവിന് പിന്നാലെ പ്രതിഷേധം കനത്തതോടെ റവന്യു മന്ത്രി ഇടപെടുകയായിരുന്നു.
കൊവിഡ് നിയന്ത്രണങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിലാക്കാൻ സാധ്യതയുണ്ടെന്ന് റവന്യു മന്ത്രി ചൂണ്ടിക്കാട്ടി. തുടർന്ന് അങ്ങനെയൊന്നുമല്ല പറഞ്ഞതെന്ന് അറിയിച്ച് ജില്ലാ കളക്ടർ പ്രസ്താവന തിരുത്തുകയായിരുന്നു. ജില്ലയിലേയ്‌ക്ക് പ്രവേശിക്കാൻ ശനിയാഴ്ച മുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കിക്കൊണ്ടായിരുന്നു കളക്ടറുടെ ഉത്തരവ്. ജില്ലയ്‌ക്കകത്ത് സഞ്ചരിക്കാനും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സംസ്ഥാനത്ത് എവിടെയും ഇല്ലാത്ത പരിഷ്‌കാരമാണെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള തീരുമാനമാണെന്നും പറഞ്ഞായിരുന്നു പ്രതിഷേധം.
അതേസമയം ജില്ലയിൽ രോഗവ്യാപനം വർദ്ധിച്ചുവരികയാണ്. അവസാനം പുറത്തുവന്ന കണക്ക് പ്രകാരം 4062 കൊവിഡ് രോഗികളാണ് ജില്ലയിലുള്ളത്. കഴിഞ്ഞ ദിവസം ജില്ലയിൽ 622 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: