കൊച്ചി: കളമശേരി മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ്. സനുമോഹന്റെ മൊഴിയിൽ ദുരൂഹതയുണ്ടെന്നും തെളിവ് നശിപ്പിക്കാൻ ശ്രമം നടത്തിയെന്നും എറണാകുളം സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. വൈഗയുടെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതും സംശയാസ്പദമാണ്.
കടബാധ്യതയും മറ്റ് ആശങ്കകളുമാണ് കൊലയ്‌ക്ക് പിന്നിലെന്നാണ് സനു മോഹൻ പോലീസിനോട് പറഞ്ഞത്. ഇക്കാര്യങ്ങളിൽ കൃത്യമായ മറുപടി നൽകാൻ സനു മോഹന് കഴിഞ്ഞിട്ടില്ല. സ്ഥിരതയില്ലാത്ത മൊഴികളാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും നാഗരാജു പറഞ്ഞു. എങ്ങനെ കൊലപ്പെടുത്തി എന്നതിലും കൂടുതൽ വ്യക്തത വേണം. മൂന്നാമതൊരാൾ കൊലയ്‌ക്ക് പിന്നിൽ ഉണ്ടെന്ന സംശയം ഉണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വന്നെന്നും സിറ്റി പോലീസ് കമീഷണൻ മാധ്യമങ്ങളോട് പറഞ്ഞു.
വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ബോധംപോയപ്പോള്‍ മരിച്ചെന്ന് കരുതി പുഴയില്‍ എറിഞ്ഞെന്നുമാണ് സനുമോഹന്‍ പോലീസിന് നല്‍കിയ മൊഴി. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം മകളെ കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ തനിക്ക് ജീവനൊടുക്കാനുള്ള ധൈര്യമുണ്ടായില്ലെന്നും സനുമോഹന്‍ പോലീസിന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സനുവിന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കേസിന്റെ എല്ലാവശങ്ങളും പരിശോധിച്ച് മാത്രമേ പോലീസ് അന്തിമനിഗമനത്തിലെത്തൂ.
വൈഗയുടേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: