തിരുവനന്തപുരം: കൊറോണ വ്യാപനത്തില്‍ പരീക്ഷ മാറ്റിവച്ചത് കേരളാ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം. ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി മുന്നോട്ട് പോകാനുള്ള കേരളാ സര്‍വകലാശാലയുടെ തീരുമാനത്തില്‍ വിദ്യാര്‍ഥികള്‍ ആശങ്കയിലായിരുന്നു. ഒന്നാംഘട്ട കൊറോണ വ്യാപന സാഹചര്യത്തില്‍ സര്‍വകലാശാലകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി ക്ലാസുകള്‍ ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് തിടുക്കപ്പെട്ട് കേരളാ സര്‍വകലാശാല പരീക്ഷയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. കോളേജുകള്‍ തുറന്ന് പത്തോ പതിനഞ്ചോ ദിവസം മാത്രം ക്ലാസ്സ് നടത്തിയ ശേഷം കേരള സര്‍വകലാശാല ആറാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷ പ്രഖ്യാപിച്ചതിനെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തുവന്നിരുന്നു. ബിഎ, ബിഎസ്സി, ബികോം വിദ്യാര്‍ഥികള്‍ക്കാണ് പഠനം തുടങ്ങിയപ്പോഴേ സര്‍വകലാശാല പരീക്ഷാ തീയതി പ്രഖ്യാപിച്ചത്.
അഞ്ചാം സെമസ്റ്റര്‍ പരീക്ഷ അവസാനിച്ചത് മാര്‍ച്ച് പകുതിയോടെയാണ്. ബിഎസ്സി മൈക്രോബയോളജി വിദ്യാര്‍ഥികളുടെ അഞ്ചാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയായത് മാര്‍ച്ച് 22നാണ്. ഏപ്രില്‍ 15 മുതല്‍ 23 വരെയാണ് ആറാം സെമസ്റ്റര്‍ പരീക്ഷ ക്രമീകരിച്ചിരുന്നത്. പരീക്ഷകള്‍ക്കിടയില്‍ ഒരു ദിവസത്തെ ഇടവേളയേ ഉണ്ടായിരുന്നുള്ളൂ. ജനുവരിയില്‍ ആറാം സെമസ്റ്റര്‍ ക്ലാസ് തുടങ്ങിയെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങി. തെരഞ്ഞെടുപ്പ്, മൂല്യനിര്‍ണയം, വാക്സിനേഷന് എന്നിങ്ങനെ അധ്യാപകര്‍ മറ്റ് തിരക്കുകളില്‍പ്പെട്ടു. രണ്ട്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ പരീക്ഷകളും ഇതിനിടയില്‍ വന്നു.
ഓണ്‍ലൈനായും ഓഫ് ലൈനായും കൂടി 10-15 ദിവസത്തെ ക്ലാസ്സുകളേ കുട്ടികള്‍ക്ക് ലഭിച്ചിട്ടുള്ളൂ. ഒരു ക്ലാസ് പോലും ലഭിച്ചിട്ടില്ലാത്ത വിഷയങ്ങളുമുണ്ട്. ഏറ്റവും കൂടുതല്‍ പാഠഭാഗങ്ങള്‍ ആറാം സെമസ്റ്ററിലാണ് ക്രമീകരിച്ചിരിക്കുന്നത്. 90 ദിവസത്തെയെങ്കിലും ക്ലാസ് ലഭിച്ചാലേ പാഠഭാഗങ്ങള്‍ നന്നായി പഠിപ്പിക്കാന്‍ സാധിക്കു. സാധാരണ ഗതിയില്‍ 60-75 ദിവസത്തെ ക്ലാസ് ലഭിക്കാറുണ്ട്. നാലിലൊന്ന് പാഠഭാഗങ്ങള്‍ പോലും പഠിപ്പിക്കാതെ പരീക്ഷ പ്രഖ്യാപിച്ചതില്‍ അധ്യാപകരും പ്രതിഷേധത്തിലായിരുന്നു. തെരഞ്ഞെടുപ്പായതിനാല്‍ സ്പെഷല്‍ ക്ലാസ് പോലും നടത്താനായില്ലെന്ന് അധ്യാപകര്‍ പരിതപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: