കൊവിഡ് വ്യാപനത്തിന്റെ കൂടുതല്‍ മാരകമായ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഹരിദ്വാര്‍ കുംഭമേള നേരത്തെ അവസാനിപ്പിച്ചിരിക്കുന്നു. രോഗവ്യാപനം കണക്കിലെടുത്ത് ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്യുകയുണ്ടായി. ഹിന്ദു ധര്‍മ ആചാര്യസഭ അധ്യക്ഷന്‍ സ്വാമി അവധേശാനന്ദ ഗിരിയുമായി ടെലിഫോണിലൂടെ മോദി ഇങ്ങനെയൊരു അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പ്രയാഗ്രാജിലെ കുംഭമേളയ്ക്ക് നേതൃത്വം നല്കുന്ന ജുന അഖാഡയുടെ മഹാമണ്ഡലേശ്വര്‍ കൂടിയായ അവധേശാനന്ദ ഗിരി തങ്ങളെ സംബന്ധിച്ചിടത്തോളം കുംഭമേളയുടെ ചടങ്ങുകള്‍ അവസാനിച്ചിരിക്കുന്നതായി പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന ചടങ്ങുകള്‍ പ്രതീകാത്മകമായി നടത്താനാണ് തീരുമാനം. മറ്റ് അഖാഡകളില്പ്പെടുന്ന സംന്യാസിമാരും ഈ തീരുമാനം അംഗീകരിച്ചതോടെ രാജ്യത്തിന്റെ വലിയ ആശങ്കയാണ് ഒഴിവായിരിക്കുന്നത്. കുംഭമേളയ്ക്കെത്തിയ ചില സംന്യാസിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും, ഒരാള്‍ മരണമടയുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി പ്രശ്നത്തില്‍ ഇടപെട്ടതും, സ്വാഗതാര്‍ഹമായ തീരുമാനമുണ്ടായതും.
ജനക്ഷേമം മുന്‍നിര്‍ത്തി ഒട്ടും കാലതാമസം വരുത്താതെ ധീരമായ തീരുമാനമെടുത്ത സ്വാമി അവധേശാനന്ദ ഗിരി രാജ്യത്തിന്റെ മുഴുവന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനുശേഷം രാജ്യം ഒറ്റക്കെട്ടാണെന്നും, കൊവിഡ് മഹാമാരിയില്‍നിന്ന് ജനത മോചനം നേടുമെന്നും, താന്‍ കുംഭമേളയില്‍നിന്ന് ലോകക്ഷേമത്തിനുവേണ്ടി പ്രാര്ത്ഥിക്കുകയാണെന്നുമുള്ള സ്വാമികളുടെ വാക്കുകള്‍ മാനവധര്‍മത്തിന്റെ മറുപേരായ, നരനെ നാരായണനായി കാണുന്ന ഹിന്ദുധര്‍മത്തിന്റെ മഹത്വമാണ് വിളിച്ചോതുന്നത്. നിശ്ചിതമായ ഇടവേളകളില്‍ മാറ്റമില്ലാതെ നടക്കുന്നതാണ് ആത്മീയ പ്രഹര്‍ഷം നിറയുന്ന കുംഭമേളകള്‍. പതിനായിരക്കണക്കിന് സംന്യാസിമാരും ലക്ഷക്കണക്കിന് ജനങ്ങളും ഒത്തുചേരുന്ന ഈ പുണ്യ മഹോത്സവം മറ്റൊരു കാരണത്താലും മാറ്റിവയ്ക്കാറില്ല. പക്ഷേ കൊവിഡ് മഹാമാരിയിലൂടെ രാജ്യം കടന്നുപോകുന്ന ദുര്‍ഘടാവസ്ഥയെക്കുറിച്ച് പൂര്ണബോധ്യമുള്ളവരാണ് തങ്ങളെന്ന് സംന്യാസിമാര്‍ തെളിയിച്ചിരിക്കുന്നു. കൊവിഡിന്റെ മറവില്‍ കുംഭമേളയെ അധിക്ഷേപിക്കാനും സംന്യാസിമാരെ പരിഹസിക്കാനും ഹിന്ദുവിരുദ്ധ ശക്തികള്‍ അത്യുത്സാഹത്തോടെ രംഗത്തുവരികയുണ്ടായി. ഇക്കൂട്ടര്‍ക്കേറ്റ തിരിച്ചടിയാണ് കുംഭമേള അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം.
ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിച്ച ഹരിദ്വാര്‍ കുംഭമേളയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വരാന്‍ തുടങ്ങിയതു മുതല്‍ ദുഷ്ടലാക്കോടെ അതിനെ ചിലര്‍ കഴിഞ്ഞവര്‍ഷം ദല്‍ഹിയിലെ നിസാമുദ്ദീനില്‍ ഇസ്ലാമിക മതമൗലികവാദികളായ തബ്ലീഗുകാര് സംഘടിപ്പിച്ച സമ്മേളനത്തോട് ഉപമിക്കുകയുണ്ടായി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കുംഭമേള നടത്തുന്നതെന്ന കുപ്രചാരണവും ഇതിനൊപ്പം ആരംഭിച്ചു. എന്നാല്‍ ഇത് വസ്തുതാവിരുദ്ധവും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതുമായിരുന്നു. കര്‍ശന നിബന്ധനകളോടെയാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കുംഭമേളയ്ക്ക് അനുമതി നല്‍കിയത്. കൊവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. ഇതിനു കടകവിരുദ്ധമായിരുന്നു തബ്ലീഗ് സമ്മേളനം. കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് അത് നടന്നത്. രോഗബാധിതര്‍ ഒരു നിയന്ത്രണവും പാലിച്ചില്ല. സമ്മേളനത്തിനുശേഷം വിവിധ സംസ്ഥാനങ്ങളിലേക്ക് പോയവര്‍ വൈരാഗ്യബുദ്ധിയോടെ അവിടങ്ങളിലും രോഗം പരത്തി. ഇതില്‍നിന്നു വ്യത്യസ്തമായാണ് അവസരത്തിനൊത്തുയര്‍ന്ന് കുംഭമേള നിര്‍ത്തിവച്ച നടപടി. രണ്ടും രണ്ട് മതസമീപനങ്ങളാണ്. ആദ്യത്തേത് അപലപനീയവും രണ്ടാമത്തേത് സ്വാഗതാര്‍ഹവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: