പാലക്കാട്: അഥര്‍വ്വവേദ മന്ത്രധ്വനികള്‍ ഭക്തിസാന്ദ്രമാക്കിയ യാഗഭൂമിയില്‍ അരണി കടഞ്ഞ് അഗ്നിയെ ഹോമകുണ്ഡത്തില്‍ ആനയിച്ചതോടെ വാളയാറിലെ അഹല്യ ഹെറിറ്റേജില്‍ അഥര്‍വ്വവേദത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന മഹായാഗത്തിന് ആരംഭം.
യജ്ഞാചാര്യന്‍ വേദമൂര്‍ത്തി ശ്രീധര്‍ അടികളുടെ നേതൃത്വത്തില്‍ യജ്ഞം യജമാനന് വി.എസ്. രാംസിങ് മറ്റു ഋത്വിക്കുകളോടൊപ്പം രാവിലെ യാഗശാല പ്രവേശനം നടത്തി. പിന്നീട് ഗ്രാമദേവതാ അഭിവന്ദനം, ക്ഷേത്രപാലപൂജ, കുലദേവതാപൂജ എന്നിവ നടന്നു. മഹാസങ്കല്‍പ്പമായ ഭൈഷജ്യയജ്ഞമെന്ന ദൃഢനിശ്ചയത്തിന് ശേഷം അതിശ്രേഷ്ഠമായ മന്ത്രങ്ങളെ കൊണ്ട് ജലം, വായു, അന്തരീക്ഷം എന്നിവയെ പവിത്രമാക്കുന്നതിനുള്ള പുണ്യാഹവാചനം നടന്നു. ഋത്വിഗ്വരണം, മധുപര്‍ക്കം, വസ്ത്രം, പാത്രം ദാനം എന്നീ സമര്പ്പണചടങ്ങുകളാണ് പിന്നീട് നടന്നത്. ബ്രഹ്മാവ്, സാവിത്രി ആദിയായ ദേവതകളെ ആവാഹിച്ച പൂജ, ഭൂമിയുടെ തന്നെ രൂപമായ കലശത്തെ വിശേഷമായി സ്ഥാപിച്ചുള്ള പൂജ എന്നിവയ്ക്ക് നാലുവേദങ്ങളില്‍ നിന്നുമുള്ള മന്ത്രങ്ങള്‍ ഉരുക്കഴിച്ചു.
അഗ്നിമഥനമെന്ന അരണി കടഞ്ഞുള്ള അഗ്നി ജ്വലിപ്പിക്കലിന്് ശേഷം മന്ത്രഘോഷത്തോടെ യജ്ഞകുണ്ഡത്തിലേക്ക് ഹവിസ്സുകളെ സ്വീകരിക്കാനും ലോകത്തെ അനുഗ്രഹിക്കാനുമായി അഗ്നിയെ സ്ഥാപിച്ചു. യജ്ഞം യജമാനനോടൊപ്പം ഋത്വിക്കുകളും മഹാസങ്കല്‍പ്പത്തെ ഉറപ്പിച്ച് ഹോമം ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ രാവിലത്തെ വൈദിക ചടങ്ങുകള്‍ അവസാനിച്ചു. തുടര്‍ന്ന് ഭക്തജനങ്ങള്‍ ഹോമകുണ്ഡത്തില്‍ നെയ്ക്കുടം സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തി. വൈകിട്ട് അഞ്ചിനു ശേഷം അതിവിശേഷമായ ഘര്മമെന്ന അഗ്നിക്രിയയോട് കൂടിയ അന്തരീക്ഷം വിരര്പ്പിക്കല് ചടങ്ങ് നടന്നു. വെള്ളം, വായു, ഭൂമി ഇവയെ പവിത്രീകരിക്കുന്നതിനുള്ള അപൂര്‍വ്വ കര്‍മമാണ് ഘര്മം. മുപ്പതടിയോളം ഉയരത്തില്‍ അഗ്നി ഉയരുന്ന പൗരാണിക പ്രവര്ഗ്യമെന്ന ചടങ്ങാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: