ഇടുക്കി: പെട്ടിമുടി ദുരന്തത്തിനിടെ ദേശീയ ശ്രദ്ധപ്പിടിച്ചുപറ്റിയ കുവി എന്ന നായയെ പോലീസ് ബന്ധുവിന് തിരികെ നല്കിയ സംഭവത്തിലും ഗുരുതര വീഴ്ച. നായയെ ഏറ്റെടുത്തപ്പോള്‍ പാലിച്ച യാതൊരു മാനദണ്ഡങ്ങളും തിരികെ നല്കിയപ്പോള് പാലിച്ചില്ല.
നായയെ ഒഴുവാക്കിയ നാടകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ചിലരുടെ വ്യക്തി താല്പര്യമെന്നും ആക്ഷേപം. പ്രധാനമന്ത്രി പോലും നാടന്‍ നായകളെ പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഇത്തരം നായകളെ പോലീസിലെടുക്കാനാകില്ലെന്ന് വാദഗതി നിരത്തിയാണ് നട തള്ളല്‍ നടത്തിയത്.
2020 ആഗസ്റ്റ് 6ന് ഉണ്ടായ ദുരന്തത്തില്‍ തന്റെ കളിക്കൂട്ടുകാരിയായ ധനുഷ്കയുടെ മൃതദേഹം മണം പിടിച്ച് കണ്ടെത്തിയതോടെയാണ് കുവി താരമായത്. ദിവസങ്ങളോളം ആ വാര്‍ത്ത പത്രദൃശ്യമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ് നിന്നു. പിന്നാലെ ഭക്ഷണം കഴിക്കാതെ അലഞ്ഞ് തിരിഞ്ഞ് നടന്ന നായയെ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ ഇടുക്കി ഡോഗ് സ്ക്വാഡിലെ ട്രെയിനര്‍ അജിത് മാധവന് ഇടപെട്ട് ഇണക്കിയെടുക്കുകയായിരുന്നു.
ദുരന്തത്തിന് ശേഷമുള്ള നാലാം ദിനം പരിശോധനക്കിടെയാണ് പുഴയില്‍ വീണ് കിടന്ന മരത്തില്‍ തങ്ങിയ നിലയില്‍ രണ്ട് വയസ്സുകാരി ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയത്. കുവി സ്ഥലത്ത് നിന്ന് മാറാതെ കുരച്ചുകൊണ്ട് നിന്നു. ആ കുരയാണ് നാടറിയുന്ന നായയാക്കി കുവിയെ മാറ്റിയത്. പിന്നീട് ആഗസ്റ്റ് 20ന് ഇടുക്കി ഡോഗ് സ്ക്വാഡ് നായയെ ഏറ്റെടുത്തു. നായയെ സ്ക്വാഡിലെടുത്തുവെന്ന തരത്തിലാണ് വാര്‍ത്ത പരന്നത്.
എന്നാല്‍ ഇത് തിരിത്തി ഉദ്യോഗസ്ഥരെത്തിയെങ്കിലും ഇതിന് വേണ്ടത്ര പ്രചാരം ലഭിച്ചതുമില്ല. മികച്ച ഭക്ഷണവും പരിചരണവും ലഭിച്ചതോടെ നായ ദിവസങ്ങള്‍ക്കകം മിടുക്കിയായി. ഇതിനിടെ എത്തിയ നായക്ക് ട്രെയിനിങ് നല്കുന്ന വാര്‍ത്തകളും വലിയ ഹിറ്റായി. എന്നാല്‍ ഈ വാര്‍ത്തക്ക് പിന്നാലെ നടന്ന ചില ഇടപെടുകളോടെ നായയുടെ പരിശീലനം ഭാഗീകമായി മുടങ്ങി.
മൂന്നാര്‍ കോളനിയില്‍ താമസിക്കുന്ന ധനുഷ്കയുടെ മുത്തശ്ശിയായ പളനിയമ്മാളിന് ആണ് കുവിയെ വെള്ളിയാഴ്ച് വൈകിട്ട് കൈമാറിയത്. ഒരു ഇഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഡിജിപിയാണ് ഇടുക്കി എസ്പിക്ക് നായയെ കൈമാറാന്‍ നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോഗ് സ്ക്വാഡ് സംഘം സ്ഥലത്തെത്തി മൂന്നാര്‍ ഡിവൈഎസ്പി ആര്. സുരേഷിന്റെ നേതൃത്വത്തില്‍ നായയെ കൈമാറുകയായിരുന്നു. എന്നാല്‍ ഇവര്‍ അപേക്ഷ നല്കിയിട്ടാണ് കൈമാറിയതെന്ന തരത്തില്‍ പോലീസ് പറഞ്ഞതും വ്യാജമായിരുന്നെന്ന് പിന്നീട് വ്യക്തമായി.
അതേ സമയം സെലിബ്രിറ്റി സ്റ്റാറ്റസുള്ള നായയെ കൈമാറുമ്പോള്‍ ഇതിനെ ഏറ്റെടുത്ത സമയത്തെ പോലെ യാതൊരു മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല. നായയെ കൈമാറുമ്പോള്‍ അവര്‍ക്ക് അതിനെ വളര്‍ത്താന്‍ ശേഷിയുണ്ടോ, പരിസരം എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ സ്ഥലത്തെ മൃഗ സംരക്ഷണ പ്രവര്‍ത്തകരെ അറിയിക്കണമെന്നാണ് ചട്ടം. പഞ്ചായത്തിലോ സ്ഥലത്തെ വാര്‍ഡ് മെമ്പറയോ പോലും ഇക്കാര്യം അറിയിച്ചില്ലെന്ന് മൂന്നാര്‍ സ്വദേശി കൂടിയായ എസ്പിസിഎ ജില്ലാ വൈസ് പ്രസിഡന്റ് ആര്. മോഹന്‍ ജന്മഭൂമിയോട് പറഞ്ഞു.
സംഭവത്തില്‍ എസ്പിസിഎക്ക് ഇന്ന് റിപ്പോര്‍ട്ട് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ട് കിട്ടിയ ശേഷം കോടതിയെ സമീപിക്കുന്ന കാര്യം അടക്കം പരിശോധിക്കുമെന്ന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം എം.എന്‍. ജയചന്ദ്രനും പറഞ്ഞു. വിഷയത്തില്‍ ആദ്യം മുതല്‍ ഇടപ്പെട്ടിരുന്ന ജില്ലാ കളക്ടറും സബ് കളക്ടറും നാട്ടുകാരും പോലും നായയെ കൈമാറിയ വിവരം അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്.
ചികിത്സയിലായിരുന്ന പളനിയമ്മാളും മകനും അപകടം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. ഇത്രയും കാലം നായയെ ആവശ്യപ്പെട്ട് ആരും എത്തിയതുമില്ല. മികച്ച രീതിയില്‍ ട്രെയിനിങ് ലഭിച്ച കുവി ഇത്തവണ മത്സരത്തില്‍ പങ്കെടുക്കാന്‍ ഇരിക്കെയാണ് ആര്‍ക്കോവേണ്ടി എന്നത് പോലെ ഒരു നാടകം തട്ടിക്കൂട്ടി നായയെ കൈമാറിയത്. നായയെ പോറ്റാന്‍ ഇവര്‍ക്ക് കഴിവുണ്ടോ എന്നത് പോലും അന്വേഷിച്ചതുമില്ല. നാളെ ഒരു തെരുവ് നായയായി മാറി കുവി മൂന്നാറില്‍ അലഞ്ഞ് തിരിയുമോ എന്ന ഭയത്തിലാണ് മൃഗസ്നേഹികള്‍. അതേ സമയം പളനിയമ്മാളുടെ ഒപ്പം നിലവില്‍ യാതൊരു പ്രശ്നമില്ലാതെ ആഹാരം ഉള്‍പ്പെടെ കഴിച്ച് വീടിനുള്ളിലാണ് കുവി വസിക്കുന്നത്.
നാടന്‍ ഇനങ്ങളെ തഴയുന്നതെന്തിന്?
നാടന്‍ നായ ആയതിനാല്‍ സ്ക്വാഡിലേക്ക് എടുക്കുന്ന കാര്യത്തില്‍ ആദ്യം മുതല്‍ കേരള പോലീസ് നിസംഗത കാട്ടിയിരുന്നു. നായക്ക് ഉടമസ്ഥര്‍ ഇല്ലാത്തതിനാല്‍ ദത്തെടുക്കുക മാത്രമാണ് ചെയ്തതെന്നാണ് പോലീസ് അറിയിച്ചത്. ഏറ്റെടുക്കാന്‍ നിരവധി പേരെത്തിയിരുന്നെങ്കിലും കുവിക്ക് ലഭിച്ച പ്രാധാന്യം മുതലാക്കുന്നതിനാണ് പോലീസിലേക്ക് എടുത്തതെന്നതാണ് നായയെ ഒഴിവാക്കിയ സംഭവത്തിലൂടെ വ്യക്തമാകുന്നത്.
20 മീറ്ററോളം അകലെ വെള്ളത്തില്‍ മുങ്ങി കിടന്ന മൃതദേഹം കണ്ടെത്തിയതോടെ തന്നെ കുവിയുടെ കഴിവ് വ്യക്തമായതാണ്. ഇതിനൊപ്പം ലഭിച്ച പരിശീലനം കുവിയെ മികച്ചൊരു നായയാക്കി ഇതിനകം തന്നെ മാറ്റിയിരുന്നു. മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നാടന്‍ നായ ഇനങ്ങളെ പ്രോത്സഹാപ്പിക്കണമെന്നും ഇവയെ ഇന്ത്യന്‍ സേനയില്‍ എടുത്തിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ട്. നാടന്‍ നായകളുടെ കഴിവ് മനസിലാക്കിയായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
വെസ്റ്റ് ബംഗാള്‍ പോലീസില്‍ ആശയെന്ന നാടന്‍ നായയെ ഇത്തരത്തില്‍ കേസുകളുടെ അന്വേഷണത്തില്‍ മണം പിടിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഉത്തരാഖണ്ഡ് പോലീസില്‍ ടേങ്കേ എന്ന തെരുവ് നായയും ഇത്തരത്തില്‍ ഉപയോഗിക്കപ്പെടുന്നു. യൂറോപ്യന്‍ ഇനങ്ങളെ അപേക്ഷിച്ച് എപ്പോഴും ഊര്‍ജസ്വലരാണ് നാടന്‍ ഇനങ്ങള്‍. ഇത്തരത്തില്‍ കേരള പോലീസില്‍ കുവിയെ എടുത്തിരുന്നെങ്കില്‍ അതൊരു പുത്തന്‍ ചരിത്രമായി തന്നെയായി മാറിയേനേ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: