അമ്പലപ്പുഴ എംഎല്‍എയും പൊതുമരാമത്ത് മന്ത്രിയും സര്‍വോപരി മഹാകവിയുമായ ജി. സുധാകരന്‍ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ എന്ന് വിളിച്ചത് ആരെയാണ്? സുധാകരകവിയുടെ ഭാഷയില്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട് ഇമ്മാതിരി ക്രിമിനലുകള്‍. സിപിഎമ്മിലുമുണ്ട്. മറ്റ് പാര്‍ട്ടികളിലെ ക്രിമിനലുകളെ അവരവര്‍ കണ്ടെത്തട്ടെ. മിനിമം സ്വന്തം പാര്‍ട്ടിയിലെ ക്രിമിനലുകള്‍ ആരൊക്കെയാണ് എന്ന് പറയാനുള്ള നട്ടെല്ല് സുധാകരന്‍ കാണിക്കേണ്ടതാണ്. ക്രിമിനലുകള്‍ എന്തായാലും പൊതുജനത്തിന് ഉപദ്രവകാരികളാണല്ലോ. അപ്പോള്‍ അത്തരം ക്രിമിനലുകളെ വിഹരിക്കാന്‍ അനുവദിക്കാതിരിക്കുക എന്നത് പൊതുപ്രവര്‍ത്തകന്‍ കൂടിയായ കവിയുടെയും ബാധ്യതയാണ്. അതുകൊണ്ട് സുധാകരകവി അത് ജനങ്ങളോട് വിളിച്ചു പറയണം.
തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതെ പിണറായി വിജയനും കൂട്ടരും വെട്ടിനിരത്തിയ പ്രമുഖരില്‍ ഒരാളാണ് സുധാകരന്‍. നാട്ടിലെമ്പാടും നിര്‍മ്മിച്ച റോഡിന്റെയും പാലത്തിന്റെയും പേരില്‍ മേനി നടിച്ച് പ്രചരണത്തിനിറങ്ങിയ പാര്‍ട്ടിക്ക് വകുപ്പ് മന്ത്രിയെ വേണ്ടാതായതിന്റെ പിന്നില്‍ എന്താവുമെന്ന് അന്വേഷിച്ചിറങ്ങിയ മാധ്യമങ്ങളോട് കയര്‍ക്കുന്നതിനിടെയാണ് കവി പൊളിറ്റിക്കല്‍ ക്രിമിനലുകളെക്കുറിച്ച് പറഞ്ഞത്. മത്സരത്തിന് കളമൊരുങ്ങുന്നതിനുമുമ്പ് സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെന്ന് പ്രഖ്യാപിച്ച നേതാവാണ് സുധാകരന്‍. കായംകുളത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് കായംകുളത്തുകാര്‍ കാലുവാരിത്തോല്പിക്കുമെന്ന് പച്ചയ്‌ക്ക് പറയാനും കവിക്ക് മടിയുണ്ടായില്ല.
കവി അങ്ങനെയാണ്. ഒസാമ ബിന്‍ ലാദന്‍ മുതല്‍ പിണറായി വിജയന്‍ വരെയുള്ളവരെപ്പറ്റി കവിതയെഴുതിയ പുമാനാണ്. പൂന്താനം ജനിച്ചിട്ടേയില്ലെന്ന് സത്യവാങ്മൂലം തയ്യാറാക്കിയ മന്ത്രിപുംഗവനാണ്. ശാന്തിക്കാരുടെയും പൂജാരിമാരുടെയും അടിവസ്ത്രധാരണരീതിയില്‍ ഗവേഷണം നടത്തിയ മഹാപണ്ഡിതനാണ്. ഐഎഎസ്, ഐപിഎസ് എന്നൊക്കെ കേട്ടാല്‍ വീട്ടില്‍ വളര്‍ത്തുന്ന നായ്‌ക്കളെ ഓര്‍മ്മ വരുന്ന സരസപ്രഭാഷകനാണ്…. കവിയും മന്ത്രിയുമായ സുധാകരന്റെ കൊഞ്ജാണമൊഴിമുത്തുകള്‍ കൊണ്ട് കോള്‍മയിര്‍ കൊണ്ടതാണ് മലയാളവും മലയാളിയുടെ മഹിത പാരമ്പര്യവും. അതുകൊണ്ട് കവി പറയുന്നതൊക്കെ ഭാവനയുടെ ലോല വിഹായസ്സില്‍ തത്തിപ്പറക്കുന്ന ദുര്‍ബലനിമിഷങ്ങളില്‍ ഉതിര്‍ന്നുവീഴുന്ന മനോവിചാരങ്ങളാണെന്നാണ് പൊതുവെ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ പറേന്നത്.
പക്ഷേ ഇപ്പറഞ്ഞത് അത്തരമൊരു ലോല കല്പിത കവിതയുടെ ഭാഗമല്ല. അമ്പലപ്പുഴയില്‍ കവിയെ വെട്ടി ഏതോ എസ്ഡിപിഐക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന് കലമ്പിയത് പാര്‍ട്ടിക്കാരാണ്. ‘അമ്പലപ്പുഴപാല്‍പ്പായസം ആര്‍ക്ക് കൊടുക്കണം, എപ്പോള്‍ കൊടുക്കണം, എങ്ങനെ കൊടുക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കു’മെന്ന് കൊമ്പുകുലുക്കിയത് എസ്ഡിപിഐ സൈബര്‍ ചാവേറുകളാണ്. സുധാകരനെ വെട്ടിയാല്‍ പകരം വെക്കേണ്ട ഉരുപ്പടി ഇതാണോ എന്ന് മൂക്കത്ത് വിരല്‍ വെച്ചവരാണ് അമ്പലപ്പുഴയിലെയും ആലപ്പുഴയിലെയും സഖാക്കള്‍. പിണറായി വിജയന്‍ കുട പണയം വെച്ചതെവിടെയാണെന്ന് തിരിച്ചറിയുന്നവര്‍ക്ക് അത്തരം ആശങ്കയുടെയോ സംശയത്തിന്റെയോ ആവശ്യമില്ല. അതറിയാത്തവര്‍ക്ക് സലാമിന് ലാല്‍സലാം പറയുന്ന പാര്‍ട്ടി സഖാക്കളെ കാണുമ്പോളൊരിണ്ടലുണ്ടാവുക സ്വാഭാവികം.
കായംകുളത്തെ പാര്‍ട്ടിക്കാരില്‍ കാലുവാരികളുണ്ടെന്ന അനുഭവസാക്ഷ്യത്തിന്റെ മാരകമായ രൂപമാറ്റമാണ് കവി പ്രയോഗിച്ച പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ എന്ന പദപ്രയോഗത്തില്‍ പാര്‍ട്ടി കുബുദ്ധിജീവികളും വര്‍ഗബഹുകമ്മി മീഡിയകളും കാണുന്നത്. എസ്ഡിപിഐക്കാരനെന്ന് പാര്‍ട്ടിക്കാര്‍ തന്നെ പച്ച കുത്തിയ സലാം സഖാവിന് വേണ്ടി കൊടി പിടിക്കുകയും കുട പിടിക്കുകയും മാത്രമല്ല സുധാകരകവിയുടെ ചീട്ടു കീറിയതിന് കുടിപ്പാര്‍ട്ടി നടത്തുകയും ചെയ്തുപോല്‍ ഈ മഹാപാപികള്‍. മദ്യപിച്ചും മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഹ്ലാദിച്ചവരാണ് ഈ പൊളിറ്റിക്കല്‍ ക്രിമിനലുകളെന്ന് കവി ചൂണ്ടിക്കാട്ടുന്നത് എവിടേക്കാണെന്ന് മലയാളിക്ക് മനസ്സിലാകും.
കവിയെ വെട്ടിയൊതുക്കി ഇല്ലാതാക്കുന്നതിന്റെ മറ്റൊരു മുഖമായിരുന്നു പോസ്റ്ററില്‍ നിറഞ്ഞ ഒരു തരി കനലിന്റെ മുഖം. പാല്‍ സൊസൈറ്റിയിലെ തെരഞ്ഞെടുപ്പില്‍ മാത്രം ഹരം കൊള്ളുന്ന ആലപ്പുഴ എംപി ആരിഫാണ് പിണറായി വിജയന്റെ ബിനാമിയായി സലാമിന്റെ പോസ്റ്ററില്‍ നിറഞ്ഞത്. സുധാകരന്റെ ചിത്രമോ പേരോ പോലും മണ്ഡലത്തിലെവിടെയും കണ്ടില്ല. അപ്പോഴാണ് സലാമിക്കയ്‌ക്ക് പിന്നില്‍ നല്ല ചൊമല ഉടുപ്പുമിട്ട് ആരിഫിക്ക ചിരിക്കുന്നത്. കണ്ടാല്‍ ആര്‍ക്കാണ് സഹിക്കാനാവുക. സുധാകരന്‍ പൊളിറ്റിക്കല്‍ ക്രിമിനലുകളെന്ന് നൂറാവര്‍ത്തി വിളിച്ചാലും തെറ്റില്ലെന്ന് ഇത് കാണുന്ന ആരും വിളിച്ചുപറയും.
അരൂര് ശരിയാക്കി ഷാനിമോള്‍ ഉസ്മാന് കൊടുത്ത ആളാണ് ആരിഫിക്ക. ലോക്‌സഭയിലേക്ക് മൊത്തം തോറ്റമ്പിയിട്ടും ആരിഫിക്ക മാത്രം ജയിച്ചുകയറി. അത് വെറുതെയങ്ങ് ജയിച്ചതല്ലായിരുന്നുവെന്നതിന് ഈ പോസ്റ്ററൊരെണ്ണം മതി തെളിവിന്. നരേന്ദ്രമോദിയെ തകര്‍ക്കാന്‍ കേരളത്തില്‍ നിന്ന് വണ്ടികയറിയ ഒരു തരി കനലിന്റെ പിന്നിലെ രഹസ്യമാണ് പോസ്റ്ററിലൂടെ പുറത്തുചാടിയത്. സലാം സഖാവായി സാക്ഷാല്‍ സുധാകരനെ വെട്ടിയരിഞ്ഞ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികുപ്പായമിട്ടതിന് എസ്ഡിപിഐക്കാരന്‍ ആഹ്ലാദിച്ച് പടക്കം പൊട്ടിക്കുന്നതിന്റെ ഗുട്ടന്‍സ് അമ്പലപ്പുഴക്കാരെങ്കിലും തിരിച്ചറിയേണ്ടതാണ്. കണ്ടിട്ടും കൊണ്ടിട്ടും പഠിക്കുന്നില്ലെങ്കില്‍ പിന്നെ സുധാകരമഹാകവിയുടെ വിലാപകാവ്യം കേട്ടെങ്കിലും മനസ്സിലാക്കണം.
ആലപ്പുഴ കടാപ്പുറത്ത് ചങ്കുപൊട്ടി പാടിപ്പാടി നടക്കുന്ന പാര്‍ട്ടിയുടെ സ്വന്തം മുതലാളിയുടെ ശോകഗാനമുണ്ട് കവിയുടെ വിലാപകാവ്യത്തിന് കൂട്ടായി. അനുരണനങ്ങളും അലയൊലികളും അങ്ങ് കണ്ണൂരില്‍ വരെയുണ്ട്. ജയരാജന്മാരുടെ പടപ്പാട്ടും പാരിജാതപ്പാട്ടും ചാവുപാട്ടും കൂട്ടിനുണ്ട്. തഴഞ്ഞ് തഴഞ്ഞ് തളര്‍ത്തിക്കളഞ്ഞ പാര്‍ട്ടി കാരണവന്മാരുടെ സങ്കടപ്പാട്ടുമുണ്ട് ഒപ്പം. സാക്ഷാല്‍ ബേബി സഖാവിന്റെ വിഷാദഗാനം, ഗദ്യമായും പദ്യമായും, വേറെയുണ്ട്.
സഖാവ് വിജയനും മരുമകനും പിന്നെ വന്നുകയറിയവരും വലിഞ്ഞുകയറിയവരും വിളിച്ചുകയറ്റിയവരുമൊക്കെയായി കുറേപ്പേര്‍ ചുവന്ന കിനാശ്ശേരി കിനാക്കണ്ട് നടപ്പുണ്ട്. അവരിലുണ്ട് സുധാകരകവി വിളിച്ചുചൊല്ലിയ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍. ക്ണാപ്പനും കൊഞ്ജാണനും കൊരങ്ങനുമൊക്കെയായി നാളിതുവരെ കേട്ട സുധാകരപദാവലികളില്‍ പരിഷ്‌കൃതവും കൃത്യവുമായ ഒന്നാവുകയാണ് പൊളിറ്റിക്കല്‍ ക്രിമിനല്‍ എന്ന പദം. പ്രത്യേകിച്ചും പിണറായി വിജയന്‍ പാര്‍ട്ടി ഭരിക്കുന്ന കാലത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: