ന്യൂദല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുംഭമേള പ്രതീകാത്മകമായി മാത്രം നടത്താമല്ലോ എന്ന പ്രധാമന്ത്രിയുടെ നിര്‍ദേശത്തോട് വിവിധ സന്യാസസംഘങ്ങള്‍ അനുകൂലിച്ചതോടെ ഇത്തവണത്തെ കുംഭമേള നേരത്തെ അവസാനിപ്പിച്ചേക്കും.
ഇതിന്റെ സൂചന നല്‍കുന്നതായിരുന്നു ശനിയാഴ്ചത്തെ ജൂന അഖാഡ എന്ന സന്യാസസമൂഹത്തിന്റെ കുംഭമേളയില്‍ നിന്നും പിന്‍വാങ്ങിക്കൊണ്ടുള്ള പ്രഖ്യാപനം. ഇതോടെ 13 സന്യാസസമൂഹങ്ങള്‍ കുംഭമേളയില്‍ നിന്നും പിന്‍മാറിക്കഴിഞ്ഞു.
ജൂന അഖാഡയുടെ മഹാമണ്ഡലേശ്വറായ സ്വാമി അവദേശാനന്ദ് ഗിരിയാണ് ഔദ്യോഗികമായി പിന്‍വാങ്ങല്‍ പ്രഖ്യാപനം നടത്തിയത്.”വിശ്വാസം വലിയ കാര്യമാണ്. പക്ഷെ മനുഷ്യജീവനാണ് അതിനേക്കാള്‍ പ്രധാനം,”- ഇതായിരുന്നു സ്വാമി അവദേശാനന്ദ് ഗിരിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന കണക്കിലെടുത്താണ് തീരുമാനം. .ഈയാഴ്ച ആദ്യം നിരഞ്ജന അഖാഡയും തപോനിധിശ്രീ അഖാഢയും കുംഭമേളയില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ഇനിയും കൂടുതല്‍ അഖാഡകള്‍ വരുംദിവസങ്ങളില്‍ പിന്‍വാങ്ങിയേക്കുമെന്നറിയുന്നു.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ശനിയാഴ്ച പ്രധാനമന്ത്രി ട്വിറ്റര്‍ വഴി സന്യാസിസമൂഹങ്ങളോട് കുംഭമേള അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കുംഭമേള അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരു സന്യാസി മരിക്കുകയും ചെയ്തതോടെ മേളയ്‌ക്കെതിരെ മാധ്യമങ്ങള്‍ വിമര്‍ശനം ഉയരാന്‍ തുടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: