തൃശൂര്‍: അവണിശ്ശേരി പഞ്ചായത്തില്‍ ബിജെപി അധികാരത്തിലേക്ക്. പഞ്ചായത്ത് ഭരണം ബിജെപിക്ക് വിട്ട് ഹൈക്കോടതി ഉത്തരവിട്ടു. പ്രസിഡന്റായി ബിജെപി മെമ്പര്‍ ഹരി സി. നരേന്ദ്രനെ ഹൈക്കോടതി നിയമിച്ചു. വൈസ് പ്രസിഡണ്ടായി ഗീത സുകുമാരനെയും ഹൈക്കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു ബിജെപി. ബിജെപി ആറ്, എല്‍ഡിഎഫ് അഞ്ച്, യുഡിഎഫ് മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. പഞ്ചായത്തിലെ വലിയ ഒറ്റക്കക്ഷിയാണെങ്കിലും ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ബി.ജെ.പിക്കുണ്ടായിരുന്നില്ല.
ബിജെപിയെ ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ രണ്ട് തവണയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഇടതുമുന്നണിക്ക് വോട്ടുചെയ്യുകയായിരുന്നു. എന്നാല്‍ രണ്ട് തവണയും കോണ്‍ഗ്രസ് വോട്ട് ലഭിച്ചുവെന്ന കാരണം ചൂണ്ടിക്കാണിച്ച് ഇടതുമുന്നണി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ രാജിവെക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു രണ്ടാമത്തെ തെരഞ്ഞെടുപ്പ്. പ്രസിഡണ്ട് സ്ഥാനത്തേക്ക് ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിച്ചത് ഹരി സി.നരേന്ദ്രനായിരുന്നു. ആദ്യ തവണ രാജിവെച്ചപ്പോള്‍ പഞ്ചായത്തിലെ മുതിര്‍ന്ന അംഗത്തിന് ചുമതല നല്‍കിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം തെരഞ്ഞെടുപ്പിന് നിര്‍ദ്ദേശം നല്‍കിയത്.
ഇതും രാജിവെച്ചതോടെ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായ ബി.ജെ.പിയിലെ സൂര്യഷോബിയായിരുന്നു ഭരണച്ചുമതല നിര്‍വഹിച്ചിരുന്നത്. രാജിനാടകം പഞ്ചായത്തില്‍ ഭരണസ്തംഭനമുണ്ടാക്കുന്നുവെന്നും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹരിയും ഗീതയും ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളെ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടുമാരായി പ്രഖ്യാപിക്കണമെന്ന് ഇരുവരും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. രാജി നാടകത്തെ കോടതി നിശിതമായി വിമര്‍ശിച്ചാണ് കോടതിയുടെ നടപടി.
ഹൈക്കോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്നും ഇനിയെങ്കിലും ഇടത്-വലത് പാര്‍ട്ടികള്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഇത്തരം നാണം കെട്ട കളികള്‍ അവസാനിപ്പിച്ച് ജനവിധി അംഗീകരിക്കാന്‍ തയ്യാറാവണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: