ന്യൂദല്‍ഹി : രാജ്യത്ത് കോവിഡ് ജാഗ്രതയുടെ ഭാഗമായി കുംഭമേള ചടങ്ങുകള്‍ പ്രതീകാത്മകമാക്കാന്‍ നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് രണ്ടാംതരംഗം വ്യാപന സാധ്യതയെ തുടര്‍ന്ന് സന്യാസി സമൂഹവുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച നടത്തിയശേഷമാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
13 അഖാഡകളുടെ നേതൃത്വത്തില്‍ നടക്കുന്ന കുംഭമേളയിലെ ഏറ്റവും വലിയ അഖാഡയുടെ അധിപന് ആചാര്യ മഹാണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരിയുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്.
ആചാര്യ മഹാമണ്ഡലേശ്വര്‍ പൂജ്യ സ്വാമി അവധേശാനന്ദ ഗിരിയുമായി സംസാരിച്ചു. എല്ലാവരുടേയും ആരോഗ്യവിവരം തിരക്കി. എല്ലാ സന്യാസിമാരും ഉത്തരാഖണ്ഡ് ഭരണകൂടവുമായി സഹകരിക്കണമെന്നും കുംഭമേളയുടെ വിപുലമായ തീര്‍ത്ഥാടക പ്രവാഹം കുറയ്ക്കണമെന്നുമുള്ള ആഗ്രഹം അറിയിച്ചു. ഇനിയുള്ള ചടങ്ങുകള്‍ പ്രധാന സന്യാസിമാര്‍ മാത്രം പങ്കെടുക്കുന്ന തരത്തില്‍ പ്രതീകാത്മകമാക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. രണ്ടു പ്രധാന ഷാഹി സ്നാനം പൂര്‍ത്തിയായ സ്ഥിതിക്ക് ഇനിയുള്ള ചടങ്ങുകള്‍ പ്രതീകാത്മകമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ട്വിറ്ററിലൂടെയാണ് മോദി അറിയിച്ചത്.
പ്രധാനമന്ത്രിയുടെ ഈ നിര്‍ദ്ദേശം അംഗീകരിക്കുന്നതായി സ്വാമി അവധേശാനന്ദ് ഗിരിയും ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിനാണ് കുംഭമേള ആരംഭിച്ചത്. കൊറോണ പ്രതിരോധത്തിനായി നാലുമാസത്തെ കുംഭമേള ഒരു മാസമായി വെട്ടിചുരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: