ന്യൂദല്‍ഹി : കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് അടിയന്തിരമായി കൂടുതല്‍ മെഡിക്കല്‍ ഓക്സിജന്‍ നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 100 ആശുപത്രികളില്‍ ഓക്സിജന്‍ ഉത്പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പിഎം. കെയര്‍ ഫണ്ടില്‍ നിന്നും സഹായം നല്‍കും. വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്.
ഏപ്രില്‍ 20, 25, 30 തീയതികള്‍ കണക്കാക്കി 4880 ടണ്‍, 5619 ടണ്‍, 6593 ടണ്‍ എന്നിങ്ങനെയാണ് അനുവദിക്കുകയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം വരുംകാല ആവശ്യം മുന്നില്‍ക്കണ്ട് 100 ആശുപത്രികളില്‍ സ്വന്തമായി ഓക്സിജന്‍ ഉണ്ടാക്കുന്നതിനുള്ള പ്ലാന്റുകള്‍ സ്ഥാപിക്കാനും 50,000 ടണ്‍ ഓക്സിജന്‍ ഇറക്കുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ള കേരളമടക്കം 12 സംസ്ഥാനങ്ങള്‍ക്കാണ് നിലവില്‍ കേന്ദ്രം ഓക്സിജന്‍ വിതരണം ചെയ്യുന്നത്. ഇതോടൊപ്പം കേരളത്തിലേക്ക് അധികം വാക്സിനുകള്‍ എത്തിച്ചു നല്‍കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ലക്ഷം ഡോസ് വാക്സിന് വെള്ളിയാഴ്ച കേരളത്തിലെത്തും.
കോവിഡ് തീവ്രവ്യാപനം തുടരുന്നതിനിടെ കേരളത്തില്‍ വ്യാപകമായി കോവിഡ് പരിശോധന തുടങ്ങി. രണ്ട് ദിവസങ്ങളിലായി രണ്ടരലക്ഷം പേരെ പരിശോധിക്കാനാണ് ലക്ഷ്യം. ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകളാണ് നടത്തുക.
രോഗ വ്യാപന തീവ്രത കുറയ്ക്കാന്‍ രോഗ ബാധിതരെ അടിയന്തരമായി കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റണമെന്ന വിദഗ്ധ ഉപദേശം അനുസരിച്ചാണ് മാസ് പരിശോധന. പൊതുഗതാഗതം, വിനോദ സഞ്ചാരം, കടകള്‍, ഹോട്ടലുകള്‍, വിതരണ ശൃംഖലയിലെ തൊഴിലാളികള്‍, കോവിഡ് വാക്സീന് ലഭിക്കാത്ത 45 വയസിന് താഴെയുള്ളവര്‍ തുടങ്ങി പൊതുസമൂഹവുമായി അടുത്തിടപെഴകുന്ന മേഖലകളിലെ ഹൈ റിസ്ക് വിഭാഗങ്ങളെ കണ്ടെത്തിയാകും പരിശോധന. ഏറ്റവും കൂടുതല്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് രോഗ ബാധ കൂടുന്ന എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: