തിരുവനന്തപുരം : തലസ്ഥാനത്തെ പ്രമുഖ കോവിഡ് ചികിത്സാ കേന്ദ്രമായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മാധ്യമ പ്രവര്‍ത്തകനായ ഹരിഹരന്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജീവനക്കാരുടെ കെടുകാര്യസ്ഥതയും അരും കൊലപാതകങ്ങളുമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഏപ്രില്‍ മൂന്നിനാണ് ഹരിഹരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജ് കോവിഡ് വാര്‍ഡിലെ രോഗികളുടെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാതെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് ഹരിഹരന് ആരോപിച്ചു. സമൂഹമാധ്യമങ്ങളില്‍ ആശുപത്രിയില്‍ കഴിയുമ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെക്കുന്ന വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ചികിത്സ തേടിയ കാലയളവില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് രോഗികള്‍ പല തവണ അപേക്ഷിച്ചിട്ടും അവരെ ശുചിമുറിയില്‍ കൊണ്ടുപോകാനോ ജീവനക്കാര്‍ തയ്യാറായില്ല. രോഗികള്‍ക്കായി ഉപയോഗിക്കുന്ന വെന്റിലേറ്ററുകള്‍ പോലും ശരിയായല്ല പ്രവര്‍ത്തിപ്പിക്കുന്നത്. രോഗികള്‍ക്ക് വയ്ക്കുന്ന വെന്റിലേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാതെയാണ് ജീവനക്കാര്‍ രോഗികള്‍ക്കായി നല്‍കുന്നത്. തനിക്ക് സമീപത്തെ ബെഡില്‍ കഴിഞ്ഞിരുന്ന ഒരു സ്ത്രീയ്ക്കുണ്ടായ അവസ്ഥയും പിന്നീട് അവര്‍ മരണമടയുന്നതിന്റേയും അനുഭവങ്ങളും ഹരിഹരന് വീഡിയോയിലൂടെ പങ്കുവെച്ചു.
ഇതോടൊപ്പം അഭയ കെയര്‍ ഹോമില്‍ നിന്നു വന്ന ജോസഫ് എന്നയാളുടെ മരണകാരണവും അമിതമായ അളവില്‍ ഓക്സിജന്‍ നല്‍കിയതിനെ തുടര്‍ന്നാണ് മരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് ബന്ധുക്കളുമായി ബന്ധപ്പെടാന്‍ ജീവനക്കാര്‍ അവസരം നല്‍കുന്നില്ല. രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് വേണ്ടത്ര ഡോക്ടര്‍മാര്‍പോലുമില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കെന്ന പേരില്‍ കൊലപാതകങ്ങളാണ് നടക്കുന്നത്. അധികാരികള്‍ ഇനിയെങ്കിലും വേണ്ട നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: