കണ്ണൂർ: കതിരൂരിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനത്തിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമം. രക്തക്കറ പുരണ്ട സ്ഥലങ്ങളിൽ മഞ്ഞൾപൊടി വിതറിയിരിക്കുന്നത് പരിശോധന സംഘം കണ്ടെത്തി. സിപിഎമ്മിന് സ്വാധീനമുളള കതിരൂർ നാലാം മൈലിൽ ഒരു വീടിന്റെ പിന്നിലായിരുന്നു ബോംബ് നിർമാണം നടന്നിരുന്നത്.
ഇന്നലെ രാത്രിയുണ്ടായ സ്ഫോടനത്തിൽ ബോംബ് ഉണ്ടാക്കിക്കൊണ്ടിരുന്ന സിപിഎം പ്രവർത്തകന്റെ രണ്ട് കൈപ്പത്തികളും അറ്റുപോയിരുന്നു. ഇന്ന് രാവിലെയോടെയാണ് പോലീസും ബോംബ് സ്‌ക്വാഡും പരിശോധനയ്‌ക്ക് എത്തിയത്. അപകടത്തിൽ ഇരുകൈപ്പത്തികളും അറ്റുപോയ നിജേഷിനെ വിദഗ്ധ ചികിത്സയ്‌ക്കായി മംഗലാപുരത്തേക്ക് മാറ്റിയിരുന്നു. ഇയാൾ മദ്യപിച്ച ശേഷമാണ് ബോംബ് ഉണ്ടാക്കിയതെന്ന സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മദ്യക്കുപ്പികൾ ഉൾപ്പെടെയുള്ളവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു.
നിജേഷിന്റെ അറ്റുപോയ വിരലുകളുടെ ഭാഗങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘവും പ്രദേശത്ത് പരിശോധന നടത്തും. മദ്യപിച്ച ശേഷം ബോംബ് ഉണ്ടാക്കുന്നതിനിടെയാകാം അപകടം ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ മറ്റൊരു സിപിഎം പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: