ന്യൂദല്‍ഹി: റെംഡെസിവിര്‍ മരുന്നിന്റെ ഉല്പാദനം വര്‍ധിപ്പിക്കാന്‍ ഉത്തരവ് നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍. പ്രതിമാസം 78 ലക്ഷം വയളുകള്‍ വരെ ഉല്പാദിപ്പിക്കുന്ന രീതിയില്‍ ഉല്പാദനം വര്‍ധിപ്പിക്കാനാണ് തീരുമാനം.
കോവിഡ് 19നെതിരെ ശക്തമായ ആന്റി വൈറല്‍ മരുന്നായാണ് റെംഡെസിവിര്‍ കണക്കാക്കപ്പെടുന്നത്. സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ മരുന്നിന് ഡിമാന്റ് കൂടുകയാണ്. വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ റെംഡെസിവിറിനായി പരസ്പരം വഴക്കുകൂടുന്ന ഘട്ടം വരെ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉല്പാദനം കൂട്ടാനുള്ള തീരുമാനം.
ഇപ്പോള്‍ ഏഴ് ഉല്പാദകരാണുള്ളത്. ഇവരുടെ ആകെയുള്ള ഉല്പാദനക്ഷമത പ്രതിമാസം 38.80 ലക്ഷം വയളുകളാണ്. ഇപ്പോള്‍ ആറ് പുതിയ ഉല്പാദകരുടെ ഏഴ് ഉല്പാദനകേന്ദ്രങ്ങള്ക്ക് കൂടി അടിയന്തര അംഗീകാരം നല്‍കിയിരിക്കുകയാണ്. ഇവിടെ നിന്നും 10 ലക്ഷം വയളുകള്‍ വീതം മാസം ഉല്പാദിപ്പിക്കാന് സാധിക്കും. ഇതിന് പുറമെ 30 ലക്ഷം വയളുകള്‍ പ്രതിമാസം ഉല്പാദിപ്പിക്കാനുള്ള സംവിധാനം റെഡിയാണ്. ഇതോടെ റെഡെസിവിറിന്റെ പ്രതിമാസം 78 ലക്ഷം വയളുകള്‍ വീതം ഉല്പാദിപ്പിക്കാന് സാധിക്കും. ആശുപത്രികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിതരണത്തിന് മുന്‍ഗണന നല്‍കണമെന്ന് രാസവള മന്ത്രാലയത്തിന്റെ സഹമന്ത്രി മന്‍സുഖ് മന്റാവിയ പറഞ്ഞു. ഇതിന്റെ കരിഞ്ചന്ത എന്ത് വില കൊടുത്തും തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡ്രഗ് കണ്ട്രോളര് ജനറല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: