തിരുവനന്തപുരം: ഭീമാ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം. തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍ പുലര്‍ച്ചെയാണ് മോഷണം നടന്നത്. രണ്ടരലക്ഷം രൂപയുടെ വജ്രവും അറുപതിനായിരം രൂപയും നഷ്ടപ്പെട്ടു. അതീവ സുരക്ഷാ മേഖലയിലാണ് ഭീമാ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്റെ വീട് സ്ഥിതി ചെയ്യുന്നത്. മോഷ്ടാവിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഒരാളാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. ഡോ. ബി ഗോവിന്ദന്റെ മകളുടെ പണവും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
നാളെ ബംഗളൂരുവിലേക്ക് പുറപ്പെടാനായി ബാഗ് തയ്യാറാക്കി വച്ചിരുന്നു. ഇതില്‍നിന്നാണ് ആഭരണങ്ങളും പണവും മോഷണം പോയത്. എന്നാല്‍ നഷ്ടപ്പെട്ട പണവും ആഭരണവും സംബന്ധിച്ച കണക്ക് മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. വലിയ ഗേറ്റും സുരക്ഷാ ഉദ്യോഗസ്ഥരും വീട്ടിലുണ്ട്. ഒപ്പം കാവലിനായി നായകളും വീട്ടിലുണ്ട്. ഇതിനെയെല്ലാം മറികടന്നായിരുന്നു മോഷണം. ഉള്ളിലേക്ക് തുറക്കാവുന്ന വിധത്തില്‍ വീടിന്റെ ഒരുവശത്തായി ഇടനാഴിയുണ്ട്.
മതിലോ, ഗേറ്റോ ചാടിക്കടന്നല്ല മോഷ്ടാവ് ഉള്ളില്‍ പ്രവേശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. വീടിനോട് ചേര്‍ന്ന് അടുത്തടുത്തായി മറ്റ് വീടുകളുമുണ്ട്. അവിടെനിന്ന് വീട്ടുവളപ്പില്‍ പ്രവേശിക്കുകയും തുടര്‍ന്ന് ഉള്ളിലേക്ക് തുറക്കാവുന്ന ഇടനാഴി വഴി മോഷ്ടാവ് ഉള്ളില്‍ കടന്നുവെന്നുമാണ് പൊലീസിന്റെ നിഗമനം. കേസ് അന്വേഷിക്കുന്ന മൂസിയം പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി മൊഴികള്‍ രേഖപ്പെടുത്തി. വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: