തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ അവസാന നാളുകളില്‍ ഭാര്യമാര്‍ക്ക് സ്ഥിരം നിയമനം വാങ്ങി നല്കാന് യുവനേതാക്കള്‍ തട്ടിപ്പുമായി രംഗത്ത്. എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം തടയണമെന്നും ഇന്റര്‍വ്യൂ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന് കമ്മിറ്റി ഗവര്‍ണര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്കി. പെരുമാറ്റച്ചട്ടം നിലനില്‍ക്കെ, കണ്ണൂര്‍ സര്‍വകലാശാലയിലെ യുജിസിയുടെ എച്ച്ആര്‍ഡി സെന്ററില്‍ അസി.പ്രഫസറുടെ സ്ഥിരം തസ്തികയിലേക്കാണ് ഷംസീറിന്റെ ഭാര്യയെ നിയമനിക്കാന്‍ നീക്കം നടക്കുന്നത്.
സെന്ററിലെ തസ്തികകള്‍ യുജിസി വ്യവസ്ഥ അനുസരിച്ചു താല്‍ക്കാലികമാണെങ്കിലും അസി. പ്രഫസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍വകലാശാലയ്ക്കു സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. ജൂണ്‍ 30 നാണ് നിയമന വിജ്ഞാപനം സര്‍വകലാശാല പുറപ്പെടുവിച്ചത്. ഡയറക്ടറുടെ തസ്തികയില്‍ നിയമനം നടത്താതെയാണ് അസി. പ്രഫസറുടെ നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത്. ഇതിനായി 16ന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നതിനുള്ള അറിയിപ്പ് അപേക്ഷകരായ 30 പേര്‍ക്ക് ഇമെയില്‍ ആയി അയച്ചിട്ടുണ്ട്.
കണ്ണൂരില്‍ ഒറ്റ തസ്തികയ്ക്ക് 30 പേരെ ക്ഷണിക്കാന്‍ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാര്‍ക്കിനുള്ളില്‍ പെടുത്തുന്നതിനാണെന്നും ആരോപണമുണ്ട്. അക്കാദമിക് മെറിറ്റോ ഗവേഷണപരിചയമോ അധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്റര്‍വ്യൂ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നല്‍കാം. ഇത്തരത്തില്‍ നിരവധി നേതാക്കളുടെ ഭാര്യമാരേയും ബന്ധുക്കളേയും ഇടതുസര്‍ക്കാരിന്റെ കാലത്ത് പിന്‍വാതിലിലൂടെ നിയമിച്ച് യുവാക്കളെ വെല്ലുവിളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: