Categories: Samskriti

പീതാംബര പട്ടുടുത്ത പ്രകൃതി

പീതാംബരപട്ടുചാര്‍ത്തിയ പ്രകൃതിയെന്ന് വിഷുക്കാലപ്രകൃതിയെക്കുറിച്ചു പറയാറുണ്ട്. എന്നാല്‍ കണിക്കൊന്നകള്‍ വിഷുക്കാലത്ത് പൂക്കുന്നതിനു പകരം വിഷുവിനു മാസങ്ങള്‍ക്ക് മുന്നേ പൂക്കുകയും വിഷുക്കാലമാകുമ്പോഴേക്ക് അവയെല്ലാം കൊഴിഞ്ഞു പോകുകയും ചെയ്യുന്നതാണ് കുറേകാലങ്ങളായുള്ള പതിവ്. ഇത് പ്രകൃതിയുടെ വികൃതിയാണെന്നും കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായുള്ളതാണെന്നുമൊക്കെ പറയുന്നു.

പ്രകൃതിയുടെ ഉത്സവവും ആഘോഷവുമാണ് വിഷു. വീണ്ടുമൊരു വിഷുകൂടി എത്തുമ്പോള്‍ പ്രകൃതിയിലേക്കുള്ള തിരിഞ്ഞു നോട്ടത്തിന് അതു കാരണമാകുകയാണ്. അല്ലെങ്കില്‍, ഇത്തവണത്തെ വിഷുക്കാലം പ്രകൃതിയെ വീക്ഷിക്കാനും സംരക്ഷിക്കാനുമുള്ള അവസരമാക്കി മാറ്റണം. പ്രകൃതിയുടെ എല്ലാത്തരത്തിലുമുള്ള സന്തുലിതാവസ്ഥ കീഴ്‌മേല്‍മറിയുകയും കൃഷിനാശം നേരിടുകയും കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ആഘോഷങ്ങള്‍ക്ക് വലിയ സ്ഥാനമില്ല. ആഘോഷിക്കാനുള്ള മാനസികാവസ്ഥയിലുമല്ല മലയാളി. വെയില്‍ക്കാലത്തിന്റെ ആഘോഷം കൂടിയാണ് വിഷുവെങ്കിലും പ്രകൃതി പൂക്കള്‍വിടര്‍ത്തി ഭംഗിവിരിച്ചു നില്‍ക്കുന്ന കാഴ്ചയായിരുന്നു മുമ്പ് വിഷുക്കാലം.  

പീതാംബരപട്ടുചാര്‍ത്തിയ പ്രകൃതിയെന്ന് വിഷുക്കാലപ്രകൃതിയെക്കുറിച്ചു പറയാറുണ്ട്. എന്നാല്‍ കണിക്കൊന്നകള്‍ വിഷുക്കാലത്ത് പൂക്കുന്നതിനു പകരം വിഷുവിനു മാസങ്ങള്‍ക്ക് മുന്നേ പൂക്കുകയും വിഷുക്കാലമാകുമ്പോഴേക്ക് അവയെല്ലാം കൊഴിഞ്ഞു പോകുകയും ചെയ്യുന്നതാണ് കുറേകാലങ്ങളായുള്ള പതിവ്. ഇത് പ്രകൃതിയുടെ വികൃതിയാണെന്നും കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായുള്ളതാണെന്നുമൊക്കെ പറയുന്നു.  

മലയാളിയുടെ മനസ്സില്‍ പ്രസന്നമായൊരു കാലമാണ് വിഷുവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നിറയുന്നത്. നിലാവുള്ള രാത്രികളില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂക്കള്‍ സൗരഭ്യം പരത്തും. എങ്ങും കാര്‍ഷിക വിഭവങ്ങളുടെ സമൃദ്ധി.  

ഓണാഘോഷം പോലെ സമൃദ്ധിയുടെ സമ്പന്നതയില്‍ നാം വിഷു ആഘോഷിക്കാറില്ല. എങ്കിലും ഓണം പോലെ ഐതിഹ്യങ്ങളും പാട്ടുകളും വിഷുവിനും അതിന്റെ ചാരുത ചാര്‍ത്തിക്കൊടുക്കുന്നു. ഓണത്തിന് പൂക്കളുമായി ബന്ധം ഉള്ളതുപോലെ വിഷുവിനും പൂക്കാലത്തോടാണ് മമത. വിഷുവിന് സ്വന്തമായി ഒരു പൂവുള്ളപ്പോള്‍ ഓണത്തിന് സ്വന്തമായി പൂവില്ലയെന്ന പ്രത്യേകതയുണ്ട്. എങ്കിലും തുമ്പയും മുക്കുറ്റിയുമൊക്കെ ഓണത്തിന്റെ പൂക്കളായി പറയുന്നു.  

വിഷുവിന്റെത് കൊന്നപ്പൂവാണ്. കണിക്കൊന്ന വിഷുവിന്റെ വര്‍ണ്ണവസന്തമാണ്. കണി കാണാനാണ് കൊന്നപ്പൂവിനെ മലയാളി ആശ്രയിക്കുന്നത്. ഐശ്വര്യസമൃദ്ധിയുടെ പ്രതീകമായ കൊന്നപ്പൂവിനെക്കുറിച്ചും മേടവിഷുവിനെക്കുറിച്ചും എത്രയോ  കവികള്‍ നമുക്ക് പാടിത്തന്നിരിക്കുന്നു. ഭക്തകവിയായ പൂന്താനം ജ്ഞാനപ്പാനയില്‍ വിഷുവിനെ പരാമര്‍ശിക്കുന്നുണ്ട്.

‘എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും

മണ്ടിമണ്ടിക്കരേറുന്നു മോഹവും

വന്നുവോണം കഴിഞ്ഞുവിഷുവെന്നും

വന്നില്ലല്ലോ തിരുവാതിരയെന്നും’

എന്നും കവികളുടെ ഇഷ്ടവിഷയമായിരുന്നു വിഷു. എന്‍.എന്‍. കക്കാടിന്റെ ‘സഫലമീയാത്ര’യില്‍ കാലത്തിന്റെ കടന്നുപോക്കിനെ കവി കാണുന്നത് ഇങ്ങനെയാണ്.

‘കാലമിനിയുമുരുളും വിഷുവരും

= വര്‍ഷം വരും തിരുവോണം വരും,  

പിന്നെ യോരോ തളിരിനും പൂവരും കായ്‌വരും അപ്പോ

ളാരെന്നു മെന്തെന്നുമാര്‍ക്കറിയാം?’

വിഷുവിന്റെ സന്ദേശം കാര്‍ഷിക സംസ്‌കാരം കൂടിയാണ്. ഉത്സാഹത്തിന്റെയും ഉയര്‍ത്തെഴുന്നേല്പിന്റെയും സന്ദര്‍ഭം കൂടിയാണ് വിഷുദിനം. വൈലോപ്പിള്ളി ശ്രീധരമേനോന്‍ വിഷുവിനെ കവിതയിലേക്ക് ആവാഹിച്ചിരിക്കുന്നതിങ്ങനെ:

ഏതു ധൂസര സങ്കല്പങ്ങളില്‍ വളര്‍ന്നാലും

ഏതു യന്ത്രവല്‍ക്കൃത ലോകത്തില്‍

പുലര്‍ന്നാലും

മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും

മണവും മമതയും ഇത്തിരി കൊന്നപ്പൂവും’.

കൃഷിയിറക്കുന്നതിന്റെ ഉത്സവം കൂടിയാണ് വിഷു. പാടങ്ങള്‍ വൃത്തിയാക്കിയശേഷം വിഷുനാളില്‍ പുതിയ കൃഷിയിറക്കുന്നു കര്‍ഷകര്‍. ഓണത്തിന് പുന്നെല്ല് ഉണ്ണുവാനാണ് വിഷുനാളില്‍ കൃഷിയിറക്കുന്നത്. ക്ഷേത്രങ്ങളില്‍ പുന്നെല്ല് അരിയാക്കി പുത്തരിനിവേദ്യം നടത്താറുണ്ട്. കാര്‍ഷികോത്സവമായ വിഷുവിനെ കൊന്നപ്പൂകൊണ്ട് എതിരേല്‍ക്കുന്നതും ഇതുകൊണ്ടുതന്നെയാണ്. വിഷുക്കൊന്ന, വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുപ്പക്ഷിയുടെ പാട്ട്, വിഷുക്കാലം, വിഷുക്കൃഷി തുടങ്ങിയ ചൊല്ലുകള്‍ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നു. പണം കൈനിറയെ കിട്ടുന്ന സുദിനമായതിനാല്‍ കുട്ടികള്‍ക്ക് വളരെയേറെ പ്രിയപ്പെട്ട ഉത്സവമാണ് വിഷു. വിഷുക്കൈനീട്ടം വാങ്ങാത്തവരും നല്‍കാത്തവരും മലയാളക്കരയില്‍ ആരുമുണ്ടാവില്ല.

പകലും രാത്രിയും സമം ആകുന്ന ദിനം എന്നാണു വിഷു എന്ന പദത്തിന് അര്‍ത്ഥം. ആണ്ടില്‍ രണ്ടു പ്രാവശ്യം വിഷു ഉണ്ട്. തുലാം ഒന്നിനും മേടം ഒന്നിനും. ഇതില്‍ മേടം ഒന്നിനാണ് നാം ആചരിക്കുന്നത്. സംക്രാന്തികളില്‍ പ്രധാനമാണ് മേട സംക്രാന്തി. മേട സംക്രാന്തി അത്യന്തം പുണ്യവുമാണ്. സൂര്യന്‍ ഒരു രാശിയില്‍ നിന്നും അടുത്ത രാശിയിലേക്ക് പോകുന്നതിനെയാണ് സംക്രാന്തി എന്ന് പറയുന്നത്. സംക്രാന്തി പകല്‍ ആണെങ്കില്‍ പിറ്റേ ദിവസം സംക്രമണ ദിനമായി ആചരിക്കുന്നു.

കണികാണലും വിഷുക്കൈനീട്ടവും വിഷുവിന്റെ പ്രധാനചടങ്ങാണെന്ന് മലയാളിക്കറിയാം. ഓട്ടുരുളിയില്‍ കണിയൊരുക്കി അതിരാവിലെ നിറതിരിയിട്ട് കത്തിച്ചുവച്ച വിളക്കിനുമുന്നില്‍ കണികാണുന്നതും മുതിര്‍ന്നവരില്‍ നിന്ന് കൈനീട്ടംവാങ്ങുന്നതുമെല്ലാം വരും കാലസമൃദ്ധിയിലേക്കുള്ള വഴിയൊരുക്കലാണ്.  

മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ വിഷുവിനെക്കുറിച്ച് ഇങ്ങിനെ പറയുന്നു ‘ഗണിതശാസ്ത്രപരമായി വിഷു നവവര്‍ഷദിനമാണ്. അന്ന് സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന ദിവസമാണ്’.

ഐശ്വര്യത്തിന്റെ സന്ദേശമാണ് വിഷു. കേരളത്തില്‍ ഇത് നവവത്സരാരംഭമാണ്. ആണ്ടു

പിറപ്പ് എന്നും വിഷു അറിയപ്പെടുന്നു. തമിഴ്‌നാട്ടിലും വിഷുദിനമാണ് നവവത്സരമായി കൊണ്ടാടുന്നത്. കലിവര്‍ഷവും ശകവര്‍ഷവും ആരംഭിക്കുന്നത് മേടവിഷു മുതലാണ്.  

വിഷുവെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്നത് നിറയെ പൂത്തു നില്‍ക്കുന്ന കൊന്നമരങ്ങളാണ്. വിഷുവിനൊപ്പം കൊന്നപ്പൂക്കളും നമ്മുടെ സാഹിത്യത്തില്‍ ഇടം നേടിയിട്ടുണ്ട്. കൊന്നപ്പൂക്കളുടെ ഭംഗിവാഴ്‌ത്തിപ്പാടിയവര്‍ നിരവധി. കൊന്നപ്പൂവേ കിങ്ങിണിപ്പൂവേ…(അമ്മയെകാണാന്‍), കര്‍ണികാരം പൂത്തുതളിര്‍ത്തു…(കളിത്തോഴി),  

പൊന്നിലന്നിലഞ്ഞികള്‍ പന്തലൊരുക്കി…(ഗുരുവായൂര്‍ കേശവന്‍), മണിക്കൊന്ന പൂത്തു മലര്‍ക്കണിയായി…(മദനോത്സവം), കല്പനാരാമത്തിന്‍ കണിക്കൊന്ന പൂത്തപ്പോള്‍…, കണിക്കൊന്നയല്ല ഞാന്‍ കണി കാണുന്നതെന്‍ കണ്മണി… തുടങ്ങി കണിക്കൊന്നയെ വര്‍ണ്ണിക്കുന്ന ഒട്ടേറെ ചലച്ചിത്രഗാനങ്ങളുണ്ട്.

കാണാനഴകുള്ള പൂക്കള്‍ നിറച്ചുണ്ടാവുന്ന വൃക്ഷം മാത്രമല്ല കൊന്ന. ഔഷധവുമാണ്. പൂവും തടിയും തൊലിയും വേരുമെല്ലാം ഔഷധഗുണമുള്ളവ. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കൊന്ന വളരുക. ഏതു കൊടും വേനലിനെയും അതിജീവിക്കും. ചൂടും വരള്‍ച്ചയും കൊന്നയെ ഏശില്ല. ഏതാണ്ട് 40 അടി വരെ പൊക്കം വയ്‌ക്കും. സ്വദേശം ഇന്ത്യയാണ്. ഹിമാലയത്തിന്റെ താഴ്‌വാരം വരെ കൊന്ന വളരുന്നുണ്ട്. ഈജിപ്തിലും ഇന്‍ഡീസിലും കണ്ടു വന്നിരുന്ന കണിക്കൊന്ന ഇന്ന് മിക്കവാറും എല്ലാ ഉഷ്ണമേഖലാ രാജ്യങ്ങളിലും വളരുന്നുണ്ട്. ഫാബാസിയ എന്ന സസ്യകുടുംബത്തില്‍പ്പെട്ട കണിക്കൊന്നയുടെ ശാസ്ത്രനാമം കാഷ്യഫിസ്റ്റുല എന്നാണ്. ഇന്ത്യന്‍ ലാബര്‍നം, സുവര്‍ണ മഴ, അമല്‍, പാര്‍ജിങ് കാസ്യ എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു.

വിഷുവിനെക്കുറിച്ചുള്ള പൊതുവിവരങ്ങളെല്ലാം ഇന്ന് മലയാളിക്ക് സുപരിചിതമാണ്. വിഷു ആഘോഷം ഓണം പോലെ തന്നെ മലയാളിയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ആഘോഷിക്കപ്പെടേണ്ട ആഘോഷം തന്നെ. എന്നാല്‍ ആഘോഷങ്ങള്‍ക്കു മനസ്സനുവദിക്കുന്ന കാലം അകന്നകന്നുപോകുന്നു എന്നതാണ് മലയാളിയെ വേദനിപ്പിക്കുന്നത്. വിഷുവിന് കണിയൊരുക്കാറാകുമ്പോഴേക്ക് കൊന്നപ്പൂക്കളെല്ലാം കൊഴിഞ്ഞു പോയാല്‍, ഓട്ടുകിണ്ടിയില്‍ നിറച്ചുവയ്‌ക്കാന്‍ വെള്ളമില്ലാതെ വന്നാല്‍, കണി ഉരുളിയില്‍ നിറച്ചുവെയ്‌ക്കാന്‍ കണിവെള്ളരിയും  ഫലമൂലാദികളും ഇല്ലാതെ വന്നാല്‍…എങ്ങനെ വിഷു ആഘോഷിക്കും. കാലാവസ്ഥാവ്യതിയാനത്തെയും മഹാമാരിയെയും പഴി പറഞ്ഞ് ഈ വിഷുവും കടന്നു പോകട്ടെ.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക