മലപ്പുറം: കൊറോണ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി യുട്യൂബേഴ്സിന്റെ നേതൃത്വത്തില്‍ നടത്തിയ കട ഉദ്ഘാടനത്തിനിടെ പോലീസിനെ ആക്രമിച്ചു. ദേശീയപാതയില്‍ ബൈക്ക്റേസ് നടത്തി മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക് ഉണ്ടാക്കിയ സംഭവത്തില്‍ കട ഉടമയടക്കം 15 പേരെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം പൊന്നാനി വെളിയങ്കോടാണ് സംഭവം. മല്ലു ട്രാവലര്‍ എന്ന പേരില്‍ യുട്യൂബ് നടത്തുന്ന ഷഹീറിന്റെ നേതൃത്വത്തില്‍ വെളിയങ്കോട് ന്യൂജെന്‍ ബൈക്ക് ഉപകരണങ്ങളുടെ കട ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പോലീസിനെ അക്രമിച്ചത്.
ഉദ്ഘാടനത്തിന് എത്തിവര്‍ പൊന്നാനി-ചാവക്കാട് ദേശീയ പാതയില്‍ റേസിങ് നടത്തി. ഇതോടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇതു ഒഴിവാക്കാന്‍ എത്തിയപ്പോള്‍ ഇവര്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് അക്രമികളെ പോലീസ് തല്ലിയോടിച്ചു.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് കട ഉടമ ചോലയില്‍ ഷമാസ് (26) ഉള്‍പ്പെടെ 15 പേരെ പെരുമ്പടപ്പ് സിഐ വി.എം.കേഴ്സണ്‍ മാര്‍ക്കോസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തില്‍ ഹൈവേ പോലീസ് എസ്ഐ ശശികുമാര്‍, പോലീസുകാരായ എന്‍.എച്ച് ജിബിന്‍, നിഥിന് എന്നിവര്‍ പരുക്കേറ്റ് ചികിത്സയിലാണ്. കല്ലേറില്‍ 3 പേര്‍ക്കും പരുക്കുണ്ട്. ഇവര്‍ ചികിത്സയിലാണ്.
പോലീസിന്റെ ജോലി തടസ്സപ്പെടുത്തല്‍, സംഘം ചേര്‍ന്ന് പോലീസിനെ മര്‍ദിക്കല്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, ഗതാഗത തടസ്സം, അനുമതി ഇല്ലാതെ മൈക്ക് ഉപയോഗിക്കല്‍ തുടങ്ങിയ കേസുകളാണ് പോലീസ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉദ്ഘാടനം ചെയ്ത കട മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പൂട്ടിച്ചു. അറസ്റ്റ് ചെയ്ത 15 പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. റേസിങ്ങ് നടത്തിയ പത്തു ബൈക്കുള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: