ന്യൂദൽഹി: കെ.ടി ജലീലിന്റെ രാജി വൈകി വന്ന വിവേകമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ധാർമികതയുടെ പേരിലാണ് ജലീൽ രാജിവച്ചതെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും രാജിവയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എന്തുകൊണ്ട് ഇപ്പോഴും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു എന്ന് വ്യക്തമാക്കണം. പല കാര്യങ്ങളും ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്ന മുഖ്യമന്ത്രി ഈ കാര്യത്തിൽ ഇതുവരെ ഒരു അക്ഷരം പറഞ്ഞിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ മുരളീധരൻ വ്യക്തമാക്കി.
ഈ രാജി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു നീക്കമാണ്. ഈ നീക്കം കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമാവില്ല. മുഖ്യമന്ത്രി കൂടി രാജി വെച്ചാലേ ലോകായുക്ത നടത്തിയ പരാമർശത്തിന്റെ ശരിയായ അർത്ഥത്തിൽ അതിനു പരിഹാരം ഉണ്ടാവൂ – മുരളീധരൻ കൂട്ടിച്ചേർത്തു. “സത്യപ്രതിജ്ഞാ ലംഘനം, അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉൾപപ്പെട്ടിട്ടുള്ള ഒരു കേസാണിത്. ഈ കേസിൽ സത്യ പ്രതിജ്ഞാ ലംഘനം കെടി ജലീൽ മാത്രമല്ല, മുഖ്യമന്ത്രിയും നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെ അംഗീകരിച്ചതിനു ശേഷമാണ് നിയമനം നടന്നത് എന്നതിനുള്ള തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ, അഴിമതിയോട് അസഹിഷ്ണുത എന്നുള്ള പ്രഖ്യാപനം ഇപ്പോഴും സർക്കാരിന്റെ നയമാണോ എന്ന് ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു.
ഇപ്പോൾ ഈ സംഭവങ്ങളൊക്കെ കഴിഞ്ഞതിനു ശേഷം കയ്യോടെ പിടിക്കപ്പെട്ടപ്പോൾ നിവൃത്തികേടു കൊണ്ട് കസേരയിലെ പിടി വിടുകയാണ് ഉണ്ടായത്. ഇപ്പോൾ മാധ്യമ വേട്ടയും ഇരവാദവുമൊക്കെ ഉയർത്തിയാണ് ജലീൽ സഹതാപം പിടുച്ചുപറ്റാൻ ശ്രമിക്കുന്നത്. ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ ആയതിനാൽ ജലീൽ മാത്രം രാജിവെക്കുന്നത് എന്ത് ധാർമികതയാണ്? ധാർമികതയുടെ കാര്യത്തിലാണെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമായിരുന്നു.
മന്ത്രി എ.കെ ബാലൻ മുന്നോട്ട് വന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്നും മുരളീധരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: