തിരുവനന്തപുരം: സംസ്ഥാനത്ത് 2 ലക്ഷം ഡോസ് കോവാക്സിന് കൂടി എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്സിനുകളും കോഴിക്കോട് 54,000 ഡോസ് വാക്സിനുകളുമാണ് എത്തിച്ചത്.
കേരളത്തിന് 56.02 ലക്ഷം ഡോസുകളാണ് ഇതുവരെ നല്‍കിയത്. ഇതില്‍ 47.64 ലക്ഷം ഡോസുകള്‍ ഉപയോഗിച്ചു. 8.39 ലക്ഷം ഡോസുകള്‍ സംസ്ഥാനത്തിന്റെ പക്കല്‍ ബാക്കിയുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ഇതിന് പുറമേ 9.75 ലക്ഷം ഡോസ് വിതരണ ഘട്ടത്തിലാണ്. രാജ്യത്ത് ഒരിടത്തും കൊവിഡ് വാക്സിന് ക്ഷാമമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ 11.97 കോടി വാക്സിന് ഡോസുകളില്‍ 10.34 കോടി മാത്രമാണ് ഇതുവരെ ഉപയോഗിച്ചത്.
അതേസമയം പല സംസ്ഥാനങ്ങളും വാക്സിന് വലിയ തോതില്‍ പാഴാക്കുന്നുണ്ട്. മഹാരാഷ്ട്ര അഞ്ചു ലക്ഷത്തോളം ഡോസ് വാക്സിന് പാഴാക്കി. കൊവിഡ് വാക്സിനുകള്‍ പാഴാക്കുന്നതില്‍ പഞ്ചാബും രാജസ്ഥാനും തെലങ്കാനയും ഹരിയാനയും ദല്‍ഹിയും മുന്‍പിലാണ്. പാഴാക്കാതെ ഉപയോഗിക്കുന്നതില്‍ കേരളവും ഹിമാചലും ഗോവയും മികച്ച മാതൃകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി. വാക്സിന് വിതരണത്തിലും പാഴാക്കുന്നതിലും ഏറ്റവും അലംഭാവം കാണിക്കുന്നത് പഞ്ചാബാണ്. ഇതുവരെ 22.5 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്സിന് നല്‍കിയത്. ഇതിനായി 2 ലക്ഷത്തോളം ഡോസ് വാക്സിന് പാഴാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: